gulf-of-mannar

ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യൻ ദേശീയോദ്യാനം ഗൾഫ് ഒഫ് മന്നാറിനെക്കുറിച്ച് കേൾക്കാത്തവർ കുറവാണ്. ഇന്ത്യൻ സമുദ്രത്തിലെ ഇൗ ദ്വീപുകളുടെ കൂട്ടത്തിൽ ഏറ്റവും മനോഹരമായതും കാഴ്ചയിൽ വ്യത്യസ്തമായതുമായ ഇടമാണ് വാൻ ദ്വീപ്. ജൈവസമ്പത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണെങ്കിലും ദിവസങ്ങൾ പിന്നിടുമ്പോൾ കടലിലേക്ക് താഴുകയാണ് ഈ ദ്വീപ്. ഗൾഫ് ഒഫ് മന്നാറിന്റെ ഭാഗമായ 21 ദ്വീപുകളിലൊന്നാണ് വാൻ ദ്വീപ്. ഇന്ത്യയിലെ ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വ് കൂടിയാണിത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് വളരെ ആഴം കുറ‍ഞ്ഞ കടലിടുക്കാണുള്ളത്.പരിസ്ഥിതിയിലും കാലാവസ്ഥയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം ഇവിടം ഓരോ ദിവസവും വലിപ്പം കുറഞ്ഞ് ​ കടലിലേയ്ക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണ്. 1986ൽ 16 ഹെക്ടർ ഉണ്ടായിരുന്ന ദ്വീപിന്റെ വിസ്തീർണം 2014 ആയപ്പോൾ രണ്ട് ഹെക്ടറായി ചുരുങ്ങി. ജൈവ വൈവിദ്ധ്യമുള്ള,​ പ്രത്യേക ആവാസ വ്യവസ്ഥ എന്നാണ് ഈ ദ്വീപിനെ യുനെസ്കോ വിശേഷിപ്പിച്ചിട്ടുള്ളത്. ദ്വീപിനെയും ഇവിടുത്തെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഇവിടെ കൃത്രിമ പവിഴപ്പുറ്റുകളും മണൽത്തിട്ടകളും ഒക്കെ സ്ഥാപിച്ചിട്ടുണ്ട്.ഏതൊക്കെ മുൻകരുതൽ എടുത്താലും 2022 ഓടെ ദ്വീപ് പൂർണ്ണമായും കടലിൽ ആഴുമെന്നാണ് വിദഗ്ദ്ധപഠനങ്ങൾ സൂചിപ്പിക്കുന്നത്.

സഞ്ചാരികൾക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കാറില്ല. വാൻ ദ്വീപിൽ പോകുവാൻ സാധിച്ചില്ലെങ്കിലും തൊട്ടടുത്തുള്ള മാന്നാർ ദേശീയോദ്യാനത്തിൽ പോകാൻ കഴിയും. തെക്കു കിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വാണ് ഗൾഫ് ഓഫ് മാന്നാർ ബയോസ്ഫിയർ റിസർവ്വ്. തമിഴ്നാടിന്റെ കടലോരങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം,​ തൂത്തുക്കുടിക്കും ധനുഷ്ക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് തീരത്തു നിന്നും 1 മുതൽ 10 കിലോമീറ്റർ വരെ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 160 കിലോമീറ്റർ നീളത്തിലാണ് ദേശീയോദ്ധ്യാനം വ്യാപിച്ചു കിടക്കുന്നത്. തൂത്തുക്കുടിക്കും ധനുഷ്കോടിക്കും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.