seans-bar

അയർലണ്ടിലെ അത്ത്ളോൺ പട്ടണത്തിലെ 13ാം മെയിൻ സ്ട്രീറ്റിൽ ഷാനോൺ നദിയുടെ പടിഞ്ഞാറെ തീരത്ത് ഒരു ബാറുണ്ട്. മണ്ണും മരക്കഷ്ണങ്ങളും മറ്റു കാർബൺ മിനറലുകളും ചേർത്തുണ്ടാക്കുന്ന വിശിഷ്ടമായ ബ്ലാക്ക് ബിയറാണ് ഇവിടത്തെ പ്രധാന പാനീയം. എന്നാൽ, ഷോൺസ് ബാർ വാർത്തകളിൽ നിറയുന്നത് മറ്റൊരു കൗതുകം കൊണ്ടാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാർ എന്നാണ് ഷോൺസ് ബാർ അറിയപ്പെടുന്നത്. എ ഡി 900ത്തിൽ അയർലന്റിലെ ആംഗ്ലോ-നോർമൻ കാലത്താണ് ഷോൺസ് ബാർ നിർമ്മിച്ചത്. അതായത് ഏകദേശം 1100 വയസ്സിലധികം പ്രായമുണ്ട് ഈ ബാറിന്! ഒന്ന് ഞെട്ടിയല്ലേ ?? അതേോടെ ഗിന്നസിലും ബാർ കയറിപ്പറ്റി. 1106-1156 കാലത്ത് അയർലന്റ് ഭരിച്ചിരുന്ന ടർളോഫ് ഒ കോണൊറിന്റെ കാലത്താണ് ഷാനോൻ നദിക്കരയിൽ ആദ്യമായി സെറ്റിൽമെന്റ് ഉണ്ടാകുന്നത്. 1129ലാണ് ടാർലോഫ് ഒ കോണോർ മരംകൊണ്ടുള്ള കൊട്ടാരം പണിയുന്നത്. ആ കൊട്ടാരത്തിനോട് ചേർന്നാണ് ഷോൺസ് ബാർ സ്ഥിതി ചെയ്യുന്നത്. ലൂയായിൻസ് ഇൻ എന്നാണ് യഥാർത്ഥ പേരെങ്കിലും ബാർ പ്രാദേശികമായി അറിയപ്പെടുന്നത് ഷോൺസ് ബാർ എന്നാണ്. സത്രം സൂക്ഷിപ്പുകാരനായ ലൂയായിന്റെ പേരിൽ നിന്നാണ് അത്ത്ളോൺ തെരുവിനും ആ പേര് കിട്ടിയത്. പത്താം നൂറ്റാണ്ടിൽ നനഞ്ഞ മണ്ണ്, കളിമണ്ണ്, മണൽ, വൈക്കോൽ, ചാണകം, നാരുകൾ എന്നിവ ഉപയോഗിച്ചുള്ള മിശ്രിതം കൊണ്ടാണ് ഇവിടുത്തെ ചുവരുകൾ ഉണ്ടാക്കിയിട്ടുള്ളത്. 1970കളിലാണ് ഇവിടം പുതുക്കിപ്പണിയുന്നത്. അക്കാലം തൊട്ടുള്ള നാണയങ്ങളും ഇവിടെയുണ്ട്. ബാറിന്റെ പൊളിച്ച ചുവരും നാണയങ്ങളും ഇപ്പോൾ നാഷണൽ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. ദ ബിംഗ്ലി ആംസ് (953), ദ സ്‌കിർഡ് മൗണ്ടെൻ ഇൻ (1110), യെ ഓൾഡെ ട്രിപ് ടു ജെറുസലേം (1189), ബ്രേസൻ ഹെഡ് (1198) എന്നിവയാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള മറ്റു ബാറുകൾ.

നൂറ്റാണ്ടുകൾ പഴക്കമുള്ള ബാറിൽ ചരിത്രം നുണയാൻ ധാരാളം പേരാണ് ദിവസവും എത്തുന്നത്.