
തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ ഭാഗമായി തിരുവല്ലത്ത് ടോൾ പ്ലാസ വരുന്നു. ടോൾ പ്ലാസയുടെ പണി ദേശീയപാത അതോറിട്ടി ആരംഭിച്ചു. തിരുവല്ലം പാലത്തിന് 300 മീറ്റർ അകലെ തിരുവല്ലം ജംഗ്ഷനിലാണ് ടോൾ പ്ളാസ പണിയുക. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ട് മാസത്തിനകം ടോൾ പിരിവ്
സ്ഥിരം ടോൾ പ്ലാസയുടെ നിർമ്മാണം നടക്കുമ്പോൾ തന്നെ രണ്ട് മാസത്തിനുള്ളിൽ ടോൾ പിരിവ് തുടങ്ങും. ഇരുവശത്തേക്കും പോകുന്ന വാഹനങ്ങൾക്ക് വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കും ടോൾ പ്ളാസ. പുതിയ ടോൾ പ്ലാസ പൂർത്തിയാകുന്നതു വരെ തിരുവല്ലം ജംഗ്ഷന് ഒരു കിലോമീറ്റർ അപ്പുറത്ത് താൽക്കാലികമായി ഒരു ടോൾ പ്ളാസ സ്ഥാപിക്കും. താൽക്കാലിക ടോൾ പ്ളാസയിൽ ടോൾ പിരിവിനായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു.
ടോൾ ഉടൻ നിശ്ചയിക്കും
വിവിധതരം വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് ദേശീയപാത അതോറിട്ടി കടന്നിട്ടുണ്ട്. മാത്രമല്ല, ടോൾ പ്ളാസ പ്രവർത്തിപ്പിക്കുന്നതിന് ഏജൻസികളെ ക്ഷണിച്ചു കൊണ്ടുള്ള ടെണ്ടർ നടപടികളും ആരംഭിച്ചു. കോൺട്രാക്ടർമാർ ആയിരിക്കും ടോൾ പിരിക്കുക.
ആദ്യം തീരുമാനിച്ചത് ആക്കുളത്ത്
ആദ്യം ആക്കുളത്ത് ടോൾ പ്ളാസ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ടെക്നോപാർക്ക് അടക്കം സ്ഥിതി ചെയ്യുന്ന ആക്കുളം മേഖലയിൽ ടോൾ പ്ളാസ സ്ഥാപിക്കുന്നത് ജോലിക്ക് പോകുന്നവരടക്കമുള്ള ദൈനംദിന യാത്രക്കാരെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇടപെടുകയായിരുന്നു.തുടർന്നാണ് തിരുവല്ലം - വെള്ളാർ റൂട്ടിൽ ടോൾ പ്ളാസ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, തിരുവല്ലവും നഗരപരിധിയിൽ സ്ഥിതി ചെയ്യുന്നതിനാൽ കോവളത്ത് നിന്ന് നഗരത്തിലേക്ക് വരുന്ന ദൈനംദിന യാത്രക്കാരെ ടോൾ പിരിവ് ബാധിക്കുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ പറയുന്നു. ഇങ്ങനെയുള്ള യാത്രക്കാർക്ക് ടോൾ നൽകുന്നത് ഒഴിവാക്കാൻ വെള്ളാർ ജംഗ്ഷനിൽ നിന്ന് മറ്റ് വഴികളിലൂടെ നഗരത്തിൽ എത്താം. അതല്ലെങ്കിൽ ദേശീയപാത അതോറിട്ടി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണുകൾ വാങ്ങി ടോൾ പ്ളാസ വഴി യാത്ര ചെയ്യാനാകും. ടോൾ പ്ലാസ പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ കൂപ്പണുകൾ അവിടെ നിന്ന് തന്നെ വാങ്ങാമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി.