
"കസവിന്റെ തട്ടമിട്ട്..." എന്ന് തുടങ്ങുന്ന ഗാനവുമായി എത്തി മലയാള സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും കൈവച്ച വിനീത് ശ്രീനിവാസൻ 36-ാം പിറന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കുടുംബത്തോടൊപ്പം ലളിതമായിട്ടായിരിക്കും പിറന്നാൾ ആഘോഷം. പിതാവ് ശ്രീനിവാസന്റെ പാത തുടർന്ന് തിരക്കഥാകൃത്തായും നടനായും സംവിധായകനായും എല്ലാം മികച്ച നേട്ടം കൈവരിച്ച താരം ഇപ്പോൾ പ്രണവ് മോഹൻലാലിനെ നായകനാക്കി ഹൃദയം എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പിറന്നാൾ ദിനത്തിൽ പങ്കുവയ്ക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ചെന്നൈ കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ഗാനം ആലപിച്ചായിരുന്നു സിനിമാ പ്രവേശം. തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ് മേറ്റ്സ്) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാൻഡിലും അംഗമാണ് താരം. 2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്. തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു. വിനീത് ശ്രീനിവാസന്റെ പുത്തൻ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ
സംവിധാനം ചെയ്ത ചിത്രങ്ങൾ
മലർവാടി ആർട്സ് ക്ളബ് - 2010
തട്ടത്തിൻ മറയത്ത് - 2012
തിര - 2013
ജേക്കബിന്റെ സ്വർഗരാജ്യം - 2016