
തിരുവനന്തപുരം: കഠിനംകുളം, അഞ്ചുതെങ്ങ്, അകത്തുമുറി കായലുകളെ യോജിപ്പിച്ചു കൊണ്ട് ഉൾനാടൻ ജലഗതാഗത ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഇതുവരെ യാഥാർത്ഥ്യമായില്ല. മാർച്ചിൽ നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടൂറിസം സർക്യൂട്ടിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ചെലവ് 50 കോടി
50 കോടി ചെലവിട്ട് കഠിനംകുളം, അഞ്ചുതെങ്ങ്, അകത്തുമുറി കായലുകളുടെ സംയോജിപ്പിച്ചുള്ള ടൂറിസം സർക്യൂട്ടിന്റെ നിർമ്മാണച്ചുമതല കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ്. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാരിന്റെ പല പദ്ധതികളും നിലച്ചതിനൊപ്പം ടൂറിസം സർക്യൂട്ടും മുടങ്ങുകയായിരുന്നു. ഈ വർഷം അവസാനത്തോടെ പദ്ധതി തുടങ്ങുമെന്നാണ് പ്രതീക്ഷയെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് സാദ്ധ്യമാകുമെന്ന ഒരു ഉറപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനില്ല.
സാഹസിക ടൂറിസവും
ടൂറിസം സർക്യൂട്ടിൽ വിനോദയാത്രയ്ക്കൊപ്പം സാഹസിക ടൂറിസവും വാട്ടർ സ്‌പോർട്സും സർക്കാർ വിഭാവനം ചെയ്യുന്നുണ്ട്. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, ആശാൻ മെമ്മോറിയൽ, കായിക്കര, ചരിത്ര സ്ഥലങ്ങളായ വർക്കല എന്നിവയും സർക്യൂട്ടിലുൾപ്പെടുത്തിയിട്ടുണ്ട്.
കഠിനംകുളം കായലിലൂടെ മൂന്ന് മണിക്കൂർ യാത്ര ചെയ്ത് അകത്തുമുറിയിലെത്തുന്ന തരത്തിൽ ഹൗസ് ബോട്ടുകളും, സ്‌പീഡ് ബോട്ടുകളും സവാരി നടത്തും. ഇവയ്ക്കായി പെരുമാതുറ, ആശാൻ മെമ്മോറിയൽ, തൂക്കുപാലം, പനയിൽകടവ് എന്നിവിടങ്ങളിൽ ബോട്ടിംഗ് ഹാൾട്ടുകളും നിർമ്മിക്കും. കഠിനംകുളത്ത് നിന്ന് ആരംഭിക്കുന്നബോട്ട് യാത്ര പെരുമാതുറ പാലം, മുതലപ്പൊഴി, ഫിഷിംഗ് ഹാർബർ, അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, തൂക്കുപാലം, ആശാൻ മെമ്മോറിയൽ, പൊന്നുംതുരുത്ത്, അകത്തുമുറിയിലെ സ്വകാര്യ ദ്വീപ് എന്നിവിടങ്ങളിലൂടെ നെടുങ്ങണ്ട ഒന്നാം പാലത്തിൽ അവസാനിക്കുന്ന തരത്തിലാണ് ടൂറിസം സർക്യൂട്ട്.