
തെന്നിന്ത്യൻ സിനിമയിൽ മികച്ച വേഷങ്ങൾ അനശ്വരമാക്കിയ താരമാണ് ലക്ഷ്മി മേനോൻ. 2011ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിന് ശേഷം ഒരുപാട് ചിത്രങ്ങളിലൂടെ താരം ശ്രദ്ധ നേടി. മലയാളത്തേക്കാൾ കൂടുതൽ താരം തിളങ്ങിയത് തമിഴിലായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേക്ഷകരുടെ പ്രിയം നേടിയത്. തമിഴിൽ മുൻനിര താരങ്ങൾക്കൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു തമിഴ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുകയാണ്. താരം ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി ലക്ഷ്മി തന്നെ പ്രതികരിച്ചിരിക്കുകയാണ്. "ഷോയിൽ ഞാൻ പങ്കെടുക്കുന്നില്ല. ഇപ്പോഴും എപ്പോഴും മറ്റുള്ളവരുടെ പാത്രമോ ടോയ്ലറ്റോ ഞാൻ കഴുകാൻ പോകുന്നില്ല. ഒരു ഷോയുടെ പേരിൽ കാമറയ്ക്ക് മുന്നിൽ തല്ലുകൂടാനും എനിക്കാവില്ല. ഇനി ആരും ഈ വൃത്തികെട്ട ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് പറയില്ലെന്ന് പ്രതീക്ഷിക്കുന്നു." താരം കുറിച്ചു. പ്ലേറ്റുകളും ബാത്ത്റൂമും കഴുകുന്നവരെ മോശമാക്കി പരാമർശിച്ചു എന്ന ആരോപണം ഉന്നയിച്ച് നിരവധി പേർ തരത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നു. വിമർശനങ്ങൾ ശക്തമായതോടെ പ്രതികരണവുമായി താരം വീണ്ടും രംഗത്തെത്തി. താൻ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതിൽ ആരും തലയിടേണ്ട ആവശ്യമില്ലെന്നുമാണ് താരം പറയുന്നത്. "ഈ ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല." താരം വീഡിയോയിലൂടെ പ്രതികരിച്ചു.