
ന്യൂഡൽഹി: ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്ന സുരക്ഷാ ഫോറമായ 'ക്വാഡിലെ' വിദേശകാര്യ മന്ത്രിമാർ ഒക്ടോബർ ആറിന് ടോക്കിയോയിൽ യോഗം ചേരും. ഭീകരത, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, വികസനം, ധനകാര്യം, ദുരന്ത പ്രതിരോധം എന്നിവയിൽ ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം യോഗത്തിൽ ചർച്ച ചെയ്യും. 5 ജി, 5 ജി -പ്ലസ് ടെലികോം നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ഇന്തോ - പസഫിക്കിലെ ആശയവിനിമയങ്ങളുടെ കടൽ പാതകൾ സുരക്ഷിതമാക്കുന്നതിലുമുള്ള പ്രായോഗിക സഹകരണത്തെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തേക്കും
ലഡാക്ക് അതിർത്തിയിൽ സെെനികർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് മാസങ്ങളായി ഇന്ത്യയും ചെെനയും തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ചൈനയിലേക്കുള്ള ആസ്‌ട്രേലിയൻ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും, ആസ്‌ട്രേലിയൻ ബീഫ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര വ്യാപാര ബന്ധത്തിൽ വിളളൽ വീണിരിക്കുകയാണ്.
ജപ്പാന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കിഴക്കൻ ചൈനാക്കടലിലെ സെൻകാക്കു ദ്വീപുകളിൽ ചൈനയുടെ കടന്നുകയറ്റ ഭീഷണിയിലാണ് ടോക്കിയോ. ഹോങ്കോംഗിലെ പുതിയ സുരക്ഷാ നിയമങ്ങളും തായ്‌വാനിൽ ചെെന നൽകുന്ന സമ്മർദ്ദവും ജപ്പാനെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ കാരണങ്ങളാൽ തന്നെ നാല് രാജ്യങ്ങളും തമ്മിലുളള കൂടികാഴ്ചയിൽ ചെെന ഏറെ അസ്വസ്ഥരാണ്.