
ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം കണ്ടവരാരും അതിലെ മുത്തശ്ശിയെ മറക്കില്ല. ആ നിഷ്കളങ്കമായ ചിരിയും ഉള്ളിലടക്കിയ ദുഃഖവും പ്രേക്ഷകരിലേക്ക് പടർത്തിയ ശാരദാ നായർ വിട പറഞ്ഞു
കന്മദത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കെ ലോഹിതദാസ് സിനിമയുടെ അസോസിയേറ്റ് സംവിധായകനായിരുന്ന ബ്ലെസിയെ വിളിപ്പിച്ചു. കൊച്ചുമകനെ കാത്ത സന്ധ്യാനേരം പാറപ്പുറത്ത് കാത്തിരിക്കുന്ന മുത്തശ്ശിയുടെ കഥാപാത്രം അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. കഥാപാത്രത്തെ പറ്റി വിവരിച്ച ശേഷം ലോഹി പറഞ്ഞു '' നീ ഒന്ന് തപ്പിയെടുക്ക്. ഇപ്പോൾ നിലവിലുള്ള നടിമാർക്ക് ഈ വേഷം ശരിയാകില്ല.""
അങ്ങനെ തിരുവനന്തപുരം മുതൽ  ബ്ലെസി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് തത്തമംഗലത്തു നിന്നും ശാരദാ നായരെ കണ്ടെത്തിയത്. കഥാപാത്രത്തിനു പറ്റിയ അഭിനേത്രിയെ തേടി നാടക രംഗവുമായി ബന്ധപ്പെട്ടവരേയും. റേഡിയോ ആർട്ടിസ്റ്റുകളേയും ബ്ലെസി കണ്ടു. പാലക്കാട് എത്തിയപ്പോൾ അന്നവിടെ ജയരാജിന്റെ 'താലോലം" സിനിമയടെ ഷൂട്ടിംഗ് നടക്കുന്നു. അവിടെ ഒരു വീട്ടിൽ മൂന്നു മുത്തശ്ശിമാർ  ഉണ്ടായിരുന്നു. അവർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. അപ്പോഴാണ് തിരുവാതിര കളിക്കുന്ന ഒരു അമ്മൂമ്മ ഉണ്ടെന്നറിഞ്ഞത്. ആ അമ്മയേയും കണ്ടെങ്കിലും കഥാപാത്രത്തിനു യോജിക്കുമായിരുന്നില്ല. അവരാണ് അടുത്തവീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ശാരദാ നായരെ കുറിച്ച്പറഞ്ഞത്. അവരുടെ മക്കളൊക്കെ വിദേശത്താണ്.

''സന്ധ്യയോട് അടുക്കുന്ന സമയത്താണ് ആ വീട്ടിലെത്തിയത്. സ്വയം പരിചയപ്പെടുത്തി. സംസാരത്തിനൊടുവിൽ കഥാപാത്രത്തിനു പറ്റിയ ആളെ വേണമെന്ന് പറഞ്ഞു. എന്താ ആ  കഥാപാത്രം എന്നു ചോദിച്ചു. ഞാൻ കാത്തിരിപ്പിന്റെ കഥ പറഞ്ഞു. ഉടൻ അവർ എന്നോടു ചോദിച്ചു പിറവിയിലെ പ്രേംജിയുടെ കഥാപാത്രത്തെ പോലെയാണോ എന്ന്. ഞാൻ ഞെട്ടി. ഈ പ്രായത്തിലും അവരുടെ നിരീക്ഷണമാണ് അത്ഭുതപ്പെടുത്തിയത്. അപ്പോൾ തന്നെ ഉറപ്പിച്ചു കന്മദത്തിലെ മുത്തശ്ശി ഈ അമ്മ തന്നെ""- ബ്ലെസി പറഞ്ഞു.
ലോഹിസാറിനും ഇഷ്ടപ്പെട്ടു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കൊപ്പം ഈസിയായി അവർ അഭിനയിച്ചു. പക്ഷേ, സിനിമയിൽ സജീവമാകാനൊന്നും താൽപര്യം ഇല്ലായിരുന്നു. ഞാൻ സ്വതന്ത്ര സംവിധായകനായപ്പോൾ ഫോണിൽ വിളിച്ചു. എനിക്ക് ആശംസകൾ  നേർന്നു.