asramam

വികസനം കോൺക്രീറ്റ്‌വത്കരണത്തിലൂടെ എന്ന് ധരിച്ചുവശായ ഒരുകൂട്ടം വികസനവാദികളുടെ കാലമാണിത്. അഴിമതിക്കും ക്രമക്കേടുകൾക്കും ഏറ്റവുമധികം സാദ്ധ്യതകളുള്ളതിനാലാകാം ഇതെന്ന് പല പദ്ധതികളും തെളിയിച്ചുകൊണ്ടിരിക്കുന്നു. കൊല്ലത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) സഹകരണത്തോടെ കേരള ലളിതകലാ അക്കാഡമി ആശ്രാമം മൈതാനത്ത് നടത്തിവന്ന അഷ്‌ടശില്പ നിർമ്മാണം വിവാദത്തിലായെന്ന് മാത്രമല്ല അനധികൃതമായി നിർമ്മാണം നടത്തിയെന്ന് കണ്ടെത്തി കോർപ്പറേഷൻ മേയർ ഹണി ബഞ്ചമിൻ സ്റ്റോപ്പ് മെമ്മോയും നൽകി.

തനിമ ഇല്ലാതാക്കാൻ നീക്കം

കഴിഞ്ഞ കുറെക്കാലമായി വികലമായ വികസനത്തിന് കൊല്ലത്തെ ഭരണാധികാരികൾ നോട്ടമിട്ടിരിക്കുന്നത് ആശ്രാമം മൈതാനത്തെയും ചുറ്റുമുള്ള പരിസ്ഥിതി പ്രാധാന്യമേറിയ മേഖലയെയുമാണ്. വികസനം പറഞ്ഞ് കുറെ കോൺക്രീറ്റ് കെട്ടിടങ്ങളുടെയും കച്ചവടസ്ഥാപനങ്ങളുടെയുമൊക്കെ നിർമ്മാണം തകൃതിയിലാണ്. എന്നാൽ അനധികൃതമായി നടക്കുന്ന ശില്പനിർമ്മാണത്തിനെതിരെ നഗരസ്നേഹികളും പരിസ്ഥിതി പ്രേമികളുമായ ഒരുവിഭാഗം സംഘടിച്ച് സമിതിയുണ്ടാക്കി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. ആശ്രാമം മൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്ത് എട്ട് ശില്പങ്ങളുടെ നിർമ്മാണം തുടങ്ങിയത് പൊടുന്നനെയാണ്. ഒരുദിവസം നാട്ടുകാർ കാണുന്നത് ലോറികളിൽ കമ്പിയും സിമന്റും സിമന്റ് കട്ടകളും കൊണ്ടിറക്കുന്നതാണ്. നാട്ടുകാർ കാര്യമെന്തെന്നറിയാൻ ജില്ലാകളക്ടറെയും കോർപ്പറേഷൻ മേയറെയും ബന്ധപ്പെട്ടപ്പോഴാണ് അവരും വിവരം അറിയുന്നത് ! ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്വമേധയാ എടുത്ത തീരുമാനമാണിത്. അപ്പോഴേക്കും എട്ട് ശില്പികൾ ചേർന്ന് നടത്തിയ ശില്പനിർമ്മാണം പാതിവഴി പിന്നിട്ടിരുന്നു. നിർമ്മാണം അനധികൃതമാണെന്ന് വ്യക്തമായതോടെ ആക്ഷൻ കൗൺസിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി. പ്രതിഷേധം ശക്തമായതോടെ മേയർ ഹണി ബഞ്ചമിൻ ഇടപെട്ട് അനധികൃത നി‌ർമ്മാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യുകയായിരുന്നു.

കേരളത്തിലെ ആദ്യ വിമാനത്താവളം

കൊല്ലം നഗരത്തിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് ആശ്രാമം എന്ന പ്രദേശം. കേരളത്തിലെ ആദ്യവിമാനത്താവളമായിരുന്ന ആശ്രാമം മൈതാനം ഇന്ന് 72 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന തുറസായ സ്ഥലമാണ്. സംസ്ഥാനത്തൊരിടത്തുമില്ല ഇത്രയും വിസ്തൃതമായൊരു മൈതാനം. അടുത്തിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃക പ്രദേശം ഇതിനടുത്തായാണ്. അഷ്ടമുടിക്കായലിനോട് തൊട്ടുരുമ്മിക്കിടക്കുന്ന പ്രദേശം അത്യപൂർവയിനം കണ്ടൽച്ചെടികളും വൃക്ഷലതാദികളും നിറഞ്ഞതാണ്. പാരിസ്ഥിതികമായ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സർക്കാർ ഈ പ്രദേശത്തെ ജൈവവൈവിദ്ധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതും.

തിരുവിതാംകൂർ രാജഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന കൊല്ലത്തെ വിമാനത്താവളത്തിലാണ് അക്കാലത്തെ വി.ഐ.പികൾ വിമാനത്തിൽ വന്നിറങ്ങിയിരുന്നത്. ഇവിടെ ഇറങ്ങിയ ശേഷം കാർമാർഗം തിരുവനന്തപുരത്തേക്ക് പോകുമായിരുന്നു. പിന്നീട് തിരുവനന്തപുരം വിമാനത്താവളം വന്നതോടെയാണ് കൊല്ലം വിമാനത്താവളം വിസ്മൃതിയിലായത്. ഇതിനടുത്തായി ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ആശ്രാമം റസിഡൻസി എന്ന സർക്കാർ അതിഥിമന്ദിരം. ഗൗരിപാർവതിഭായിയുടെ രാജഭരണകാലത്ത് ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ ജോൺ മൺറോയുടെ നേതൃത്വത്തിൽ നിർമ്മിച്ച അതിഥിമന്ദിരം ഇന്നും പൗരാണിക വാസ്തുവിദ്യയിലെ അദ്ഭുതമായി നിലകൊള്ളുകയാണ്. അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവയൊക്കെ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു.

മൈതാനം കവരാൻ

മുൻപും നീക്കം

ആശ്രാമം മൈതാനം മോടിപിടിപ്പിച്ച് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചുറ്റും നടപ്പാത നിർമ്മിക്കുകയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് ആൾക്കാരാണ് രാവിലെയും വൈകിട്ടും ഇവിടെ നടക്കാനും വ്യായാമങ്ങൾക്കുമായി എത്തുന്നത്. നഗരമദ്ധ്യത്തിലായി നാലുവശവും പച്ചപ്പ് നിറഞ്ഞ മൈതാനം നഗരത്തിലെ ഓക്സിജൻ ഹബ്ബായാണ് അറിയപ്പെടുന്നത്. എന്നാൽ കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും വില്‌പനയും ലക്ഷ്യമിട്ട് മൈതാനത്തിന്റെ മറ്റൊരു വശത്തായി കുറെ കെട്ടിടങ്ങളുടെ നിർമ്മാണം നടക്കുന്നുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഈ നിർമ്മാണ പ്രവർത്തനത്തിനെതിരെ പ്രതിഷേധമുയർന്നെങ്കിലും സമരത്തിലേക്ക് നീങ്ങിയിരുന്നില്ല. കരകൗശല മേന്മ പറഞ്ഞ് നിർമ്മിക്കുന്ന കെട്ടിടങ്ങൾ പിന്നീട് ചായക്കടയും തട്ടുകടയുമൊക്കെയായി മാറുന്നതാണ് രീതി. മൈതാനത്തിന്റെ പടിഞ്ഞാറെ മൂലയിൽ നിർമ്മിച്ച കെട്ടിടങ്ങൾ ഇപ്പോൾ കള്ള് സോഡയും പൊറോട്ടയും ചിക്കനുമൊക്കെ വില്‌ക്കുന്ന കടകളാണ്. കോൺക്രീറ്റ് ശില്പനിർമ്മാണത്തിന് തുടക്കമിട്ട സ്ഥലവും പരിസ്ഥിതി പ്രാധാന്യമേറിയ ഇടമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ടെന്നാണ് പരിസ്ഥിതി സ്നേഹികളും ആശ്രാമം സംരക്ഷണസമിതി ഭാരവാഹികളും പറയുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പുൽത്തകിടി നശിപ്പിച്ച് തണൽമരങ്ങൾക്ക് ചുവട്ടിലായാണ് കോൺക്രീറ്റ് ശില്‌പനിർമ്മാണം. എന്നാൽ ശില്‌പനിർമ്മാണം നടക്കുന്ന സ്ഥലം പരിസ്ഥിതി പ്രാധാന്യമുള്ള ജൈവവിദ്ധ്യ പൈതൃക കേന്ദ്രത്തിന് പുറത്താണെന്നാണ് കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് പറയുന്നത്. ഇവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളൊന്നും പരിസ്ഥിതി സൗഹൃദമല്ലെന്നും നടപടി എടുക്കേണ്ടവർ ഒന്നും ചെയ്യുന്നില്ലെന്നും സംരക്ഷണസമിതി ഭാരവാഹിയും സ്വരാജ് കേരള സംസ്ഥാന പ്രസിഡന്റുമായ എം.കെ. സലിം പറയുന്നു.

പൈതൃക പ്രദേശം

പ്രഖ്യാപനത്തിലൊതുങ്ങി

സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃക പ്രദേശമായി ആശ്രാമത്തെ കണ്ടൽക്കാടുകൾ ഉൾപ്പെടുന്ന പ്രദേശത്തെ സർക്കാർ പ്രഖ്യാപിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും തുടർ നടപടികളൊന്നും ഉണ്ടാകാത്തതിൽ പരിസ്ഥിതി സ്നേഹികൾ നിരാശയിലാണ്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ശുപാർശ പ്രകാരം നടത്തിയ പ്രഖ്യാപനം പരിസ്ഥിതി സ്നേഹികൾ ഏറെക്കാലമായി ആവശ്യമുന്നയിച്ചിരുന്നതിന്റെ അംഗീകാരം കൂടിയായിരുന്നു. കോർപ്പറേഷൻ അധികൃതരു‌ടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ച് ആക്ഷൻ പ്ളാൻ തയ്യാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. പൈതൃകസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം സംരക്ഷിത മേഖലയാക്കി മാറ്റുകയും അത്യപൂർവ സസ്യ സ്‌പീഷീസുകളുടെ നാമകരണം നടത്തുകയും ചെയ്യുക, പ്രദേശത്തെക്കുറിച്ച് പഠനത്തിനും ഗവേഷണത്തിനും സൗകര്യം ഏർപ്പെടുത്തുക, മാലിന്യനിക്ഷേപം തടയാൻ നടപടി സ്വീകരിക്കുക, സംരക്ഷണത്തിനും മേൽനോട്ടത്തിനുമായി ജീവനക്കാരെ നിയമിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്ന് ജൈവവൈവിദ്ധ്യ ബോർഡംഗങ്ങൾ നേരിട്ടെത്തി നിർദ്ദേശം നൽകിയിരുന്നു. മുൻ മേയർ വി. രാജേന്ദ്രബാബുവാണ് ഇക്കാര്യങ്ങൾക്കായി ബോർഡംഗങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ പിന്നീട് മേയർ മാറിയതോടെ കാര്യങ്ങളെല്ലാം സ്തംഭനാവസ്ഥയിലായി. നിർമ്മാണ പ്രവർത്തനങ്ങളൊന്നും ഇല്ലാത്തതാണ് ഈ താത്പര്യക്കുറവിന് പിന്നിലെന്നത് രഹസ്യമല്ല. പ്രദേശത്തെ ജൈവവൈവിദ്ധ്യ മേഖലയായി പ്രഖ്യാപിക്കാൻ വർഷങ്ങളായി ഒറ്റയാൾ പോരാട്ടം നടത്തിയ പ്രൊഫ. എൻ. രവിയും കോർപ്പറേഷൻ അധികൃതരുടെ മെല്ലെപ്പോക്കിൽ നിരാശയിലാണ്. നിർദ്ദേശിച്ച കാര്യങ്ങളൊന്നും നടപ്പാക്കാത്ത കോർപ്പറേഷൻ നടപടി പ്രതിഷേധാർഹമാണെന്ന് സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡംഗം ഡോ. സതീഷ് കുമാർ പറഞ്ഞു.