
തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയെ ശക്തിപ്പെടുത്താനുളള ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവായി തിരഞ്ഞെടുക്കപ്പെട്ട ടോം വടക്കൻ ഫ്ളാഷിനോട്. താൻ തയ്യാറാക്കിയ ബ്ലൂ പ്രിന്റ് പാർട്ടി ദേശീയ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. കേരളത്തിലെ വോട്ടിംഗ് പാറ്റേൺ, സമുദായ സമവാക്യങ്ങൾ, തിരഞ്ഞെടുപ്പ് ജയത്തിന് പിന്നിലെ അജണ്ടകൾ എന്നിവയെല്ലാം അടങ്ങിയതാണ് ബ്ലൂപ്രിന്റ്. കേരളത്തിലെ നേതാക്കളുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ടോം വടക്കൻ ഫ്ളാഷിനോട് സംസാരിക്കുന്നു..
പ്രൊബേഷൻ പീരീഡ് കഴിഞ്ഞു
ബി.ജെ.പിയിൽ ഞാൻ ചേർന്നിട്ട് ഒന്നര കൊല്ലമായി. ഇതിനിടെ പല സെൻസിറ്റീവ് ചർച്ചകൾക്കും പാർട്ടി എന്നെ അയച്ചിട്ടുണ്ട്. അതൊരു പ്രൊബേഷൻ പീരീഡായിരുന്നു. എന്റെ കപ്പാസിറ്റിയും കമ്മിറ്റ്‌മെന്റും പാർട്ടിക്ക് മനസിലായി. തുടർന്നാണ് ദേശീയ വക്താവായി നിയമിക്കുന്നത്. ബി.ജെ.പിയിൽ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. എന്റെ മെരിറ്റ് അനുസരിച്ച് പാർട്ടി തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു എനിക്ക്. ദേശീയതയുടെ സ്‌പിരിറ്റിൽ നിന്നുകൊണ്ടാണ് ഞാൻ ഈ പാർട്ടിയിൽ ചേർന്നത്. ആ സ്‌പിരിറ്റിൽ നിന്ന് പാർട്ടിയോട് വിലപേശുന്നത് ശരിയല്ല. ജീവിതത്തിൽ എന്താ നടക്കുന്നതെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ പാർലമെന്ററി രാഷ്ട്രീയത്തെപ്പറ്റി ഇപ്പോൾ പറയാനാകില്ല.
ബി.ജെ.പിയുടെ സിഗ്‌നൽ
ഞാൻ അടക്കമുളളവരുടെ നിയമനങ്ങൾ ഒരു സൂചനയാണ്. ന്യൂനപക്ഷങ്ങൾക്ക് ഒപ്പം ബി.ജെ.പിയുണ്ടെന്ന സിഗ്‌നലാണ്. ബി.ജെ.പി ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണ്. മതേതര പാർട്ടിയെന്ന് പറയുന്ന കോൺഗ്രസാണ് കൂടുതൽ വർഗീയത രാജ്യത്ത് നടപ്പാക്കിയിട്ടുളളത്. കോൺഗ്രസിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതും സംഘടന പദവികൾ കൊടുക്കുന്നതും സമുദായം നോക്കിയാണ്.
ഇവിടെ തിരക്കഥയില്ല
കർഷക ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർക്കുകയാണ്. വാസ്‌തവത്തിൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ അവർ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യമാണിത്. അവർ അവസരവാദികളാണ്. തങ്ങൾക്ക് നടപ്പാക്കാൻ പറ്റാതെ പോയതിനെ എതിർക്കുകയാണ് അവർ. എല്ലാം എതിർക്കാനുളള പുറപ്പാടാണെങ്കിൽ അവർ പ്രതിപക്ഷത്തിന്റെ റോളല്ല വഹിക്കുന്നത് എന്ന് പറയേണ്ടി വരും. കോൺഗ്രസ് വക്തവായിരുന്ന സമയത്ത് ഹൈക്കമാൻഡ് തരുന്ന സ്ക്രിപ്റ്റ് അനുസരിച്ചാണ് ഞാൻ പ്രവർത്തിച്ചിരുന്നത്. ആ സ്‌ക്രിപ്റ്റ് അനുസരിച്ച് വേണം വക്താവ് സംസാരിക്കേണ്ടിയിരുന്നത്. അവിടെ വക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാൽ ബി.ജെ.പിയിൽ ഇതുവരെ എനിക്ക് യാതൊരു പ്രശ്‌നമുണ്ടായിട്ടില്ല. അടിസ്ഥാനപരമായി പാർട്ടിയുടെ ലൈൻ മനസിലാക്കിയാൽ മാത്രം മതി.
വരാൻ നിൽക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്
കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് ഇനിയും നേതാക്കൾ വരുമോയെന്ന് ബി.ജെ.പിയോടല്ല കോൺഗ്രസിനോടാണ് ചോദിക്കേണ്ടത്. നേതാക്കൾ കോൺഗ്രസ് വിടുന്നത് നേതൃത്വത്തിന്റെ കഴിവില്ലായ്‌മ കൊണ്ടാണ്. ബി.ജെ.പിയിൽ വ്യക്തികളുടെ മെരിറ്റല്ല, പാർട്ടിയുടെ മെരിറ്റാണ് നോക്കുന്നത്. 24 സീനിയർ നേതാക്കളാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയത്. അവർ കോൺഗ്രസിന് വേണ്ടി ചോര കൊടുത്തിരിക്കുന്നവരാണ്. കോൺഗ്രസിന്റെ ഭാവി എന്താണെന്ന് ആ പാർട്ടി തന്നെ ആലോചിക്കേണ്ട കാര്യമാണ്. കോൺഗ്രസിൽ നിന്ന് വരാൻ നിൽക്കുന്നവരുടെ ശ്രദ്ധയ്ക്കു വേണ്ടി പറയുകയാണ് ബി.ജെ.പിയിൽ ആരുടെ മകനാണെന്നോ ആരുടെ ബന്ധുവാണെന്നോ ഒന്നുമല്ല നോക്കുന്നത്. ആർക്കും വരാം പ്രവർത്തിക്കാം അതാണ് ബി.ജെ.പിയുടെ പ്രത്യേകത. ഞാൻ ഒരു സാധാരണക്കാരൻ മാത്രമാണ്. എന്റെ അച്ഛൻ ആരാണെന്നോ എത്ര സ്വത്തുണ്ടെന്നോ ഒന്നും പാർട്ടി ചോദിച്ചിട്ടില്ല.
എന്റെ ഫുൾ ടൈം അജണ്ട
കോൺഗ്രസിൽ നിൽക്കുമ്പോൾ തൃശൂരിൽ മത്സരിക്കണമെന്നൊക്കെ എനിക്ക് താത്പര്യമുണ്ടായിരുന്നു. കോൺഗ്രസിലുണ്ടായിരുന്ന ടോം വടക്കൻ വേറെയാണ്. ഇത് ടോം വടക്കൻ 2 ആണ്. ഇവിടെ പാർട്ടി പറയുന്നത് പോലെ എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. അതാണ് എന്റെ ഫുൾ ടൈം അജണ്ട.