world-covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാൽപ്പത്തി ഒന്നു ലക്ഷം കടന്നു. ഇതുവരെ 34,146,409 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 1,018,176 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,409,982 ആയി ഉയർന്നു.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുളള അമേരിക്കയിൽ ഇതുവരെ എഴുപത്തിനാല് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 211,721 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാൽപത്തിയാറ് ലക്ഷം കടന്നു. ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. ഇതുവരെ 4,813,586 പേർക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.143,962 പേർ മരിച്ചു. 4,180,376 പേർ രോഗമുക്തി നേടി.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായ അൺലോക്ക് അഞ്ചിന്റെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. തിയേറ്ററുകൾ, മൾട്ടി പ്ലെക്സുകൾ എന്നിവ ഉപാധികളോടെ തുറക്കാം. തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ ( 50 ശതമാനം കാണികൾ ) മാത്രമാണ് പ്രവേശനം. തിയേറ്റർ തുറക്കുന്നതിനായുള്ള വിശദമായ മാർഗ നിർദേശം ഉടൻ പുറത്തിറങ്ങും. ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളേജും തുറക്കാം. എന്നാൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങളാണ് സ്വീകരിക്കേണ്ടത്. ഒക്ടോബർ 15 മുതൽ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്താണ് ഇളവുകൾ നിലവിൽ വരിക.