
പത്തുവർഷം  നീണ്ട  സൗഹൃദത്തിനൊടുവിൽ  ശ്രീകുമാറിന്റെ  ജീവിത പങ്കാളിയായ  സ്നേഹ വിശേഷങ്ങൾ  പങ്കുവയ്ക്കുുന്നു....
പതിറ്റാണ്ടിന്റെ സൗഹൃദത്തിനുശേഷം ശ്രീകുമാറിന്റെ നല്ല പാതിയായി സ്നേഹ മാറിയത് കഴിഞ്ഞവർഷമാണ്. ചിരിപ്പിക്കുന്ന വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംനേടിയ ഇൗ ചിരിക്കൂട്ടിന് പറയാൻ വിശേഷങ്ങൾ ഏറെയുണ്ട്. ഷൂട്ടിംഗ് തിരക്കുകൾ കാരണം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ശ്രീകുമാറും സ്നേഹയും താമസം മാറിയത് അടുത്തിടെയാണ്.
''ശ്രീ ഷൂട്ടിന്റെ തിരക്കിലാണ് .അവനും ഞാനും ഫ്രീയായി ഇരിക്കുന്ന സമയം വളരെ കുറവാണ്. ശ്രീ ഒരു സീരിയൽ ചെയ്യുന്നുണ്ട്. മാസാവസാനമാണ് ഞങ്ങൾ തമ്മിൽ കാണാറ്. തമ്മിൽ കാണുന്നത് വല്ലപ്പോഴുമായതിനാൽ ഞാൻ ശ്രീയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.സ്നേഹ പറഞ്ഞു തുടങ്ങി.""

സ്നേഹയ്ക്ക് കുക്കിംഗ് വലിയ താത്പര്യമുള്ള പരിപാടിയല്ല.എന്നാലും ശ്രീ വരുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ വച്ചു കൊടുക്കും. എന്താണോ കൊടുക്കുന്നത് അത് സന്തോഷത്തോടെ കഴിക്കുന്ന ആളാണ് ശ്രീ.വലിയ പരാതിയോ പരിഭവമോ ഒന്നുമില്ലാത്ത ഒരു പാവം. എന്നാൽ ഞാൻ തികച്ചും വിപരീതമാണ്.സ്വാതി തിരുന്നാൾ സംഗീത കോളേജിലാണ് ശ്രീ പഠിച്ചത് . എന്റെ കെട്ട്യോൻ ആയതുകൊണ്ട് പറയുകയല്ല, അസ്സലായി പാടും .ഒഴിവു സമയത്ത് പാട്ടും നൃത്തവുമാണ് ഞങ്ങളുടെ പ്രധാന പരിപാടി.അതെല്ലാം ചെറിയ വീഡിയോയിലാക്കി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ കുറെ നല്ല കമന്റ്സ് വരാറുണ്ട്.

ശ്രീ ജീവിതത്തിലേക്ക് വന്നതിനു ശേഷം ഒരു മാറ്റവുമില്ലല്ലോയെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്.അതെന്തിനാ മാറുന്നതെന്ന് ഞാൻ തിരിച്ചു ചോദിക്കും. ശ്രീ എന്റെ നല്ല സുഹൃത്താണ്.ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കണമെന്ന് ഞങ്ങളെക്കാളേറെ ഞങ്ങളെ സ്നേഹിക്കുന്നവർ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശ്രീ അല്പം അന്തർമുഖനാണ്. ഞാനാണേൽ ചല പിലാ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ. ഞങ്ങൾ എല്ലാം ഒരു ടീമായി ജോലി ചെയ്യാൻ തുടങ്ങിയപ്പോഴും ശ്രീ ഞങ്ങളോടൊക്കെ സംസാരിക്കുന്നത് തന്നെ ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞിട്ടായിരുന്നു. പിന്നിട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എല്ലാം തുറന്നു സംസാരിക്കുന്ന സുഹൃത്തുക്കൾ.  പല സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നപ്പോഴും ഞങ്ങളുടെ സൗഹൃദത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായില്ല.ഒരുപക്ഷേ എന്നെ ഇത്രയധികം മനസിലാക്കിയ മറ്റൊരാളുണ്ടാവില്ലെന്നു തന്നെ പറയാം. എന്തുകൊണ്ടും ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാമെന്ന് തോന്നി. രണ്ടുപേരുടെയും വീട്ടിൽ അവതരിച്ചപ്പോൾ വിവാഹത്തിനു സമ്മതിച്ചു. എന്നാൽ അത് തന്നെ നടക്കട്ടെയെന്ന്  ഞങ്ങളും തീരുമാനിച്ചു. അങ്ങനെയായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്.
ഞങ്ങളുടെ കല്യാണത്തിന്റെ തലേന്ന് വരെ ഞങ്ങൾ രണ്ടുപേരും ഷൂട്ടിലായിരുന്നു. ശ്രീയുടെ മുടിയെല്ലാം വെട്ടിയൊതുക്കി വന്നാൽ മതിയെന്ന് എന്റെ വീട്ടുകാർ പ്രത്യേകം പറഞ്ഞിരുന്നു. കല്യാണത്തിന് വന്ന ശ്രീയെ കണ്ടതും ഞാൻ ഞെട്ടി. ചപ്രത്തലയനായി നിൽക്കുന്നു.ആൾക്കൂട്ടത്തിന്റെ ഇടയ്ക്ക് എനിക്ക് ചോദിക്കാൻ പറ്റുമോ..എല്ലാം കഴിഞ്ഞ് ഞാൻ ശ്രീയോട് ചോദിച്ചു 'നീ എന്താ മുടിയൊന്നും വെട്ടി ഒതുക്കാഞ്ഞത് ?,'നല്ല ബോറായിരുന്നു" ഇത് കേട്ടതും അന്ധാളിച്ചു നിൽക്കുന്ന ശ്രീയെയാണ് ഞാൻ കാണുന്നത്. അപ്പോഴാണ് ശ്രീ ആ കോമഡി എന്നോട് പറയുന്നത് . വിവാഹ തലേന്ന് ബ്യൂട്ടി പാർലർ പോയി മുടിയെല്ലാം സെറ്റാക്കിയിരുന്നു. പിറ്റേന്ന് കണ്ണാടിയിൽ പോലും നോക്കാതെയാണ് വന്നത്. ശ്രീ നടക്കുമ്പോഴെല്ലാം അവന്റെ വിചാരം സിനിമയിലെ നായകന്മാരെപോലെ മുടി സ്റ്റൈലായി കിടക്കുന്നു എന്നായിരുന്നു, അത് കേട്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാനായില്ല.

അഭിനേതാക്കളിൽ ആരോടു ചോദിച്ചാലും അവരുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ലാലേട്ടന്റെയൊപ്പം അഭിനയിക്കണമെന്നായിരിക്കും. ലാലേട്ടന്റെയൊപ്പം 'ഛായാമുഖി" എന്ന നാടകത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. അതിന്റെ റിഹേഴ്സൽ രണ്ടു മാസത്തോളമുണ്ടായിരുന്നു. ഞങ്ങളെല്ലാം ഒരു കുടുംബം പോലെ കഴിഞ്ഞ രണ്ടുമാസക്കാലം. ഛായാമുഖിക്കുശേഷം ഒരുപാട് നല്ല നാടകങ്ങളിൽ അഭിനയിക്കാൻ സാധിച്ചു. ദീപൻ ശിവരാമന്റെ ഫൈനൽ കോഡ് ,സ്റ്റേറ്റ് അവാർഡ് കിട്ടിയ യക്ഷികഥകളും നാട്ടു വർത്തമാനങ്ങളും ,ഗോപാൽ ജിയുടെ നാടകം.
ഞാൻ പ്ലാൻ ചെയ്തപോലെയൊന്നും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒന്നും ഞാൻ ആഗ്രഹിക്കാറില്ല. സന്തോഷമുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ ഒരുപാട് ചിരിക്കും. സങ്കടം വരുമ്പോൾ കരയും. ഒന്നും പ്രതീക്ഷിക്കാതെയുള്ള ജീവിതമായതുകൊണ്ട് ചെറിയ നേട്ടങ്ങൾ പോലുംവലിയ സന്തോഷം നൽകാറുണ്ട്.കഥകളിയും ഓട്ടംതുള്ളലുമൊക്കെയായി മുന്നോട്ട് പോകാമെന്ന വിചാരിച്ച എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് സിനിമ വരുന്നത്. പി.ജി.യ്ക്ക് പഠിക്കുമ്പോഴാണ് സിദ്ധാർഥ് ശിവയെ പരിചയപ്പെടുന്നത് .അതുവഴിയാണ് ഞാൻ മിനി സ്ക്രീനിലേക്ക് എത്തുന്നത് .അവിടെ തുടങ്ങിയ യാത്ര ഇവിടെ വരെയെത്തി നിൽക്കുകയാണ്. സിനിമ എനിക്ക് ഇത്രയധികം സൗഭാഗ്യങ്ങൾ തന്നു. ആളുകൾ ഇപ്പോൾ തിരിച്ചറിയുന്നു. സ്നേഹത്തോടെ സംസാരിക്കുന്നു . ഇതിലും വലിയ സന്തോഷങ്ങളൊന്നും  കിട്ടാനില്ല.

പഠിക്കുന്ന കാലം മുതലുള്ള സൗഹൃദമാണ് ഞാനും സുരഭി ലക്ഷ്മിയും തമ്മിലുള്ളത് . സിനിമയിൽ വന്നിട്ടുള്ള സൗഹൃദം ലിച്ചിയാണ്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. സ്വാസികയും എന്റെ അടുത്ത സുഹൃത്താണ്. സമയം കിട്ടുമ്പോഴെല്ലാം സ്വാസിക വീട്ടിൽ വരാറുണ്ട്.ന്യൂ ഇയർ വൈത്തിരിയിലെ ഒരു റിസോർട്ടിലായിരുന്നു. അത് ലിച്ചി തന്ന വിവാഹ സമ്മാനമായിരുന്നു. ഞാനും സുരഭിയും ശ്രീയും കൂടെ ഒരാഴ്ച സിംഗപ്പൂർ ട്രിപ്പ് പ്ലാൻ ചെയ്തതായിരുന്നു. അപ്പോഴാണ് ലോക് ഡൗൺ സംഭവിക്കുന്നത്. ഇനിയെല്ലാം നേരെയായിട്ടുവേണം ആ ട്രിപ്പ് പോകാൻ.""