
ലഖ്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും പെൺകുട്ടി ബലാത്സംഗത്തിനിരയായി. അസംഗഢിൽ എട്ടുവയസുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 20 വയസുകാരനായ ഡാനിഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കുട്ടിയെ കുളിപ്പിക്കാൻ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയൽവാസിയായ ഇയാൾ കൊണ്ടുപോയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.
വീട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് അറിയിച്ചത്. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ ബലാത്സംഗത്തിനിരയായി രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ ഞെട്ടൽ മാറും മുമ്പാണ് എട്ടുവയസുകാരി ബലാത്സംഗത്തിന് ഇരയായ വാർത്ത പുറത്തുവരുന്നത്.
ഹത്രാസ് പീഡനത്തിന് പിന്നാലെ യു.പിയിലെ ബാൽറാംപൂരിൽ 22കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ഇന്നലെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. കോളേജിൽ പുതിയ കോഴ്സിന് പ്രവേശനം തേടി തിരിച്ച് വരുന്നതിനിടെയാണ് ആറംഗ സംഘത്തിന്റെ ആക്രമണം. പീഡനത്തിന് ശേഷം അവശനിലയിൽ ആയ യുവതിയെ റിക്ഷയിൽ കയറ്റി വീട്ടിലേക്ക് അയക്കുകയായിരുന്നു.