
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ഉടമകൾ തട്ടിപ്പ് നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് വെളിപ്പെടുത്തൽ. പോപ്പുലർ ഫിനാൻസിന്റെ വകയാർ ശാഖയിലെ മാനേജരാണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാർ മാസംതോറും സമാഹരിക്കേണ്ട നിക്ഷേപതുക വർദ്ധിപ്പിച്ചത് തട്ടിപ്പ് ലക്ഷ്യമിട്ടായിരുന്നു എന്നാണ് മാനേജർ പറയുന്നത്.
ധനവിഭാഗം കൈകാര്യം ചെയ്യുന്ന ചില ജീവനക്കാർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു. തട്ടിപ്പിനിരയായവരിൽ രണ്ടുപേർ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ ഒരാൾ ജീവനൊടുക്കി. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പ്. ഓസ്ട്രേലിയയിൽ നിന്ന് കമ്പ്യൂട്ടർ ഇറക്കിയതിൽ തുടങ്ങുന്നു അത്. ഒന്നും രണ്ടുമല്ല, ഈ കുടുംബത്തിലെ അഞ്ചുപേരാണ് പലസമയങ്ങളിൽ തട്ടിപ്പിലൂടെ ആളുകളെ വഞ്ചിച്ചതെന്നും മാനേജർ വ്യക്തമാക്കി.
ഉടമകൾ തട്ടിപ്പ് നടത്തിയത് ആസൂത്രണത്തോടെയാണെന്ന മാനേജരുടെ വെളിപ്പെടുത്തൽ കേസിൽ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. തട്ടിപ്പുകാരുടെ പുത്തൻ ബെൻസ് കാർ ഉൾപ്പടെ നിരവധിവാഹനങ്ങൾ പൊലീസ് വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്തു. അതേസമയം നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടുന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്.