
കൊല്ലം: എം.പിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന അസത്യ പ്രചാരണം പാർട്ടിക്കുളളിൽ നിന്നു തന്നെയാണ് നടക്കുന്നതെന്ന വിവാദ വെളിപ്പെടുത്തലുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.
താൻ ഉൾപ്പടെയുളള കോൺഗ്രസിലെ ഒരു എം.പിയും നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെയോ കെ.പി.സി.സിയെയോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാർത്തകൾ സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തുന്നത്. ഇങ്ങനെ ഒരു ആരോപണം അഴിച്ചുവിട്ട്, ജനങ്ങൾക്കിടയിൽ അല്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കിടയിൽ തങ്ങൾക്ക് അപഖ്യാതി ഉണ്ടാക്കുകയാണ്. അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എം.പിമാരെന്നും കൊടിക്കുന്നിൽ തുറന്നടിച്ചു.
പാർട്ടി പുന:സംഘടനയിൽ താൻ നിർദേശിച്ച ആരേയും നേതൃത്വം പരിഗണിച്ചിട്ടില്ല. ഇതിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർക്ക് ഈ ഭാരവാഹി പട്ടികയിൽ ലഭിക്കേണ്ടിയിരുന്ന ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന പരാതി താൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. താൻ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.