parrot

ലണ്ടൻ: നിഘണ്ടുവിലില്ലാത്ത അസഭ്യ വാക്കുകൾ കൂട്ടത്തോടെ വിളിക്കുന്ന തത്തകളെ പലയിടങ്ങളിലേക്ക് സ്ഥലം മാറ്റി! ലണ്ടൻ നഗരത്തിൽ നിന്നും വടക്കു നൂറു മൈൽ അകലെയുള്ള ലിങ്കൺഷെയർ വൈൽഡ് ലൈഫ് പാർക്കിലാണ് കൗതുകകരമായ സംഭവം. വിദേശത്ത് നിന്നും കൊണ്ടു വന്ന ചാര നിറത്തിലുള്ള അഞ്ച് തത്തകൾ നല്ല ഒന്നാന്തരം ഗ്രേഡിൽ ഫുൾ ഡോസിലാണ് സംഘമായി ചീത്ത വിളിക്കുന്നത്.

"ഫ.....ഫ്" എന്ന് പക്ഷി സങ്കേതത്തിൽ വരുന്ന സന്ദർശകരോട് കൂട്ടത്തോടെ പറയുമ്പോൾ അതത്ര ശരിയാകില്ല എന്ന് ചിന്തിച്ചാണ് തത്തകൾക്ക് "നിർബ്ബന്ധിത ട്രാസ്ഫർ" നടത്തിയത്. സന്ദർശകർ ആരും ഇതിനകം പരാതി ഒന്നും പറഞ്ഞിട്ടില്ല എന്ന് പാർക്ക് അധികൃതർ പറയുന്നു. പലർക്കും ഈ കിളികളുടെ ചീത്ത വിളി അത്ര അലോസരമൊന്നുമല്ലെന്ന് മാത്രമല്ല അതൊരു കൗതുകവുമാണ്. പക്ഷെ കുട്ടികളൊക്കെ വരുമ്പോൾ ഒന്നാം ഗ്രേഡിലുള്ള ഈ പ്രയോഗം അത്ര അനുയോജ്യമാവില്ല എന്ന് കണ്ടാണ് ഈ സ്ഥലം മാറ്റം.

അതേസമയം അവിടെയും തീരുന്നില്ല പ്രശ്നമെന്നാണ് ബി.ബി.സി പറയുന്നത്. ചീത്ത വിളിക്കുമ്പോൾ ആളുകൾ ചിരിക്കുകയോ, അത്ഭുതം കൂറി നിൽക്കുകയോ ചെയ്‌താൽ അത് കൂടുതൽ ചീത്ത വിളിക്കാനുള്ള പ്രചോദനം ആയി മാറുന്നു എന്നതാണ് വസ്തുത. ഈ പ്രതികരണത്തിന് വേണ്ടിയാണത്രേ തത്തകൾ ചീത്ത വിളിക്കുന്നത്. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ട തത്തകൾ അവിടെയും പോയി മറ്റുള്ള തത്തകളെ ചീത്ത വിളി പഠിപ്പിച്ചാൽ ഇരുനൂറ്റമ്പത് തത്തകളായിരിക്കും കോറസ് ആയി ചീത്ത വിളിക്കുക.