
കുടുംബം,പ്രണയം, ജീവിതം...പ്രിയനായകൻടൊവിനോ തോമസ് ഇതുവരെപറയാത്തതെല്ലാം...
തിരുവോണത്തലേന്ന് ശരിക്കും ഒരു ഉത്രാടപ്പാച്ചിലിലായിരുന്നു  ടൊവിനോ തോമസ്.അന്നായിരുന്നു മകൻ ടഹാന്റെ മാമോദീസാചടങ്ങ്. ദൈവത്തോടും മതത്തോടും അത്ര ചേർന്ന് നിൽക്കുന്നയാളല്ല താനെന്ന് ടൊവിനോ പറയാറുണ്ട്.
'വീട്ടുകാരൊക്കെ ദൈവവിശ്വാസികളാണ്. എന്റെ ചിന്താഗതി എന്റെ മാത്രമാണ്. വീട്ടുകാരെയാരെയും എന്നെപ്പോലെ ചിന്തിക്കാൻ ഞാൻ നിർബന്ധിക്കാറില്ല" ടൊവിനോ പറയുന്നു.
'ഞാൻ ജനിക്കുംമുൻപേ എന്റെ അപ്പനും അമ്മയുമൊക്കെ ജീവിച്ച് ശീലിച്ച ഒരു രീതിയുണ്ട്. അവരൊന്നും അത്ര കടുത്ത ദൈവ വിശ്വാസികളുമല്ല".
മാമോദീസ ചടങ്ങ് വേണോയെന്ന് ടൊവിനോ ചോദിച്ചപ്പോൾ പക്ഷേ വീട്ടുകാരെല്ലാം നിർബന്ധപൂർവം പറഞ്ഞു:
'വേണം",
ടൊവിനോയും സമ്മതിച്ചു:'ശരി. ആവാം."

കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്ന ഒരു ചടങ്ങ്. അപ്പൻ, അമ്മ, ചേച്ചി, ചേട്ടൻ... അങ്ങനെ ഞങ്ങളുടെ ഫാമിലിയിൽത്തന്നെ ഒരു പത്തുപതിനഞ്ച് പേരുണ്ട്. പിള്ളേര് സെറ്റൊക്കെയുൾപ്പെടെ അങ്ങനെ വളരെ കുറച്ചുപേർ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങ്. ഇൗ കൊവിഡ് കാലത്ത് വിപുലമായ ഒരു ചടങ്ങ് നടത്താൻ പറ്റില്ല.
അങ്ങേയറ്റത്തെ മതവാദികളോ അതിന്റെ പേരിൽ എന്തെങ്കിലും മണ്ടത്തരം കാണിക്കുന്നവരോ അല്ലാത്തതുകൊണ്ട് എനിക്കെന്റെ അപ്പനെയും അമ്മയെയും ഇതുവരെ യുക്തിവാദം പഠിപ്പിക്കേണ്ടിവന്നിട്ടില്ല.
'നിന്റെ ജീവിതം നിന്റെ ഇഷ്ടം. പക്ഷേ കൊച്ചിനെ മാമ്മോദീസ മുക്കണ"മെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ അവരുടെ ആഗ്രഹത്തിന് എതിര് നിന്നില്ല.

അന്നത്തെ ദിവസം എല്ലാവരോടുമൊത്ത് ഫോട്ടോയെടുക്കണം എല്ലാവരുമൊരുമിച്ചിരുന്ന് നല്ല ഭക്ഷണം കഴിക്കണം. അങ്ങനെ കൊച്ചുകൊച്ച് ആഗ്രഹങ്ങളേ ടൊവിനോയ്ക്കുണ്ടായിരുന്നുള്ളൂ.
'എനിക്ക് അതൊരോർമ്മയാണ്. കല്യാണ ഫോട്ടോയും ആൽബവും വീഡിയോയുമൊക്കെപ്പോലെ. കുറെക്കാലം കഴിഞ്ഞ്  മാമോദീസാ ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയുമൊക്കെ കാണുമ്പോൾ ആ ഒാർമ്മകളെന്ത് രസമായിരിക്കും.
മാമോദീസ എന്ന ചടങ്ങല്ലെങ്കിൽ കൂടി വേറെന്തെങ്കിലും പേരിട്ട് ഞാനിങ്ങനെ ഒത്തുകൂടൽ സംഘടിപ്പിച്ചേനെ.
ഒാർമ്മവച്ച കാലം മുതലേ അപ്പനായിരുന്നു തന്റെ ഹീറോയെന്ന് ടൊവിനോ പറയും. വക്കീൽപ്പണി കഴിഞ്ഞ് വന്നാൽ വൈകുന്നേരങ്ങളിൽ വണ്ടിയുമെടുത്ത് സ്വന്തം പറമ്പുകളിൽ. കൃഷി ചെയ്യാനും മറ്റുമായിറങ്ങുന്ന അപ്പനെയാണ് കുട്ടിക്കാലം തൊട്ടേ ടൊവിനോ കണ്ടുവളർന്നത്. 'കുറേ കൃഷി ഉണ്ടായിരുന്നു. കൃഷിപ്പണി മിക്കതും അപ്പൻ ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. നന്നായി കിളയ്ക്കും ജാതിക്കായൊക്കെ പൊട്ടിക്കാൻ മരത്തിൽ കയറും. അപ്പന്റെ അപ്പനും നല്ലൊരു കർഷകനായിരുന്നു. അപ്പനെപ്പോലെ തന്നെയായിരുന്നു അപ്പന്റെ സഹോദരന്മാരും. പറമ്പിൽ നന്നായി പണിയെടുത്തിരുന്ന അദ്ധ്വാനികൾ. അപ്പനാണ് ശരീരം നന്നാക്കണമെന്നൊക്കെയുള്ള എന്റെ ചിന്തയുടെ പ്രചോദനം. ഞാൻ വീട്ടിൽ ഒരു ജിം സെറ്റ് ചെയ്ത കാലം മുതൽ അച്ഛനും സ്ഥിരമായി അവിടെവന്ന് വർക്കൗട്ട് ചെയ്യാൻ തുടങ്ങി. 

നാലുവർഷംമുൻപ് അപ്പന് ഒരു സർജറി വേണ്ടിവന്നു. തുടർന്ന് പേസ്മേക്കറൊക്കെ വച്ചതിനാൽ ഭാരിച്ച വർക്കൗട്ടുകളൊന്നും പറ്റില്ല. പക്ഷേ അതിന് ശേഷവും പറമ്പിൽ പണിയെടുക്കുന്നതും ദിവസേനയുള്ള വ്യായാമവുമൊന്നും അപ്പൻ നിറുത്തിയില്ല. ഡോക്ടറോട് ചോദിച്ചിട്ട് ഡോക്ടർ അനുവദിച്ചിട്ടുള്ള വ്യായാമ രീതികളൊക്കെയാണ് അപ്പൻ ഇപ്പോൾ പിന്തുടരുന്നത്. ഫിറ്റ്നസിനോട് അത്രയ്ക്ക് ഇഷ്ടമാണ് അപ്പന്. ഇതുപയോഗിച്ചാൽ നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതൊക്കെ ഉപയോഗിക്കുന്ന ഫിറ്റ്നസ് എന്തൂസിയാസ്റ്റ്. ഭക്ഷണകാര്യത്തിലും ചില ചിട്ടകളൊക്കെയുണ്ട്. കർക്കടക മാസത്തിൽ മരുന്ന് കഞ്ഞിയും കഷായവും... 
തന്റെയൊക്കെ കുട്ടിക്കാലത്ത് അപ്പൻ നന്നേ കർക്കശക്കാരനായിരുന്നുവെന്ന് ടൊവിനോ ഒാർക്കുന്നുണ്ട്. ഞാനും ചേട്ടനുമൊക്കെ പത്താംക്ളാസ് കഴിഞ്ഞപ്പോഴേക്കും അപ്പൻ ആ കാർക്കശ്യമൊക്കെ ഉപേക്ഷിച്ചു. തന്നോളം വളർന്നാൽ താനെന്ന് വിളിക്കണമെന്ന പ്രമാണത്തിൽ വിശ്വസിച്ചിരുന്നു അപ്പനും. ഞങ്ങളെയൊക്കെ പണ്ട് വഴക്ക് പറഞ്ഞിരുന്ന അതേ മുഖഭാവത്തോടെ അതേ മോഡുലേഷനിൽ പേരക്കുട്ടികളെ പുള്ളി ഇപ്പോൾ വഴക്ക് പറയുമ്പോൾ അത് ഏൽക്കുന്നതേയില്ല. എന്നോടാെക്കെ പണ്ട് പെരുമാറിയിരുന്ന പോലെയല്ല അപ്പൻ എന്റെ മക്കളോട് പെരുമാറുന്നത്. അപ്പൻ മക്കളോട് പെരുമാറുന്ന പോലെയല്ലല്ലോ അപ്പൂപ്പൻ കൊച്ചുമക്കളോട് പെരുമാറുന്നത്. അപ്പൻ ഒരു പാവമാണെന്ന് ഞങ്ങൾക്ക് പണ്ട് അറിയില്ലായിരുന്നു. കൊച്ചുമക്കൾക്ക് അത് മനസിലായി. പുള്ളിയായിട്ട് തന്നെ പുള്ളിയുടെ ഇമേജ് കളഞ്ഞു. 

അപ്പനോടും അമ്മയോടും ഇപ്പോൾ ഇഷ്ടം തുല്യ അളവിലാണെങ്കിലും ഇരുവരോടൊപ്പവും സമയം ചെലവഴിക്കാൻ ഒരുപോലെ ഇഷ്ടമാണെങ്കിലും കുട്ടിക്കാലത്ത് അമ്മയോടായിരുന്നു അടുപ്പക്കൂടുതലെന്ന് ടൊവിനോ പറയുന്നു. 'അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പ്രതീക്ഷിച്ചിരുന്ന പ്രസവത്തീയതി കഴിഞ്ഞ് ഒരുദിവസത്തിന് ശേഷമാണ് എന്നെ പ്രസവിച്ചതെന്ന്. അമ്മയുടെ ഉദരത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോലും താത്പര്യമില്ലാത്തയാളായിരുന്നു ഞാൻ. ഞാനേറ്റവും ഇളയ കുട്ടിയാണ്. എപ്പോഴും അമ്മയുടെ കൂടെത്തന്നെയായിരുന്നു ഞാൻ. ഒരമ്മക്കുട്ടിയെന്ന് പറയാം. എന്നിലെന്തെങ്കിലും നല്ല ഗുണങ്ങളുണ്ടെങ്കിൽ അത് അപ്പന്റെയും അമ്മയുടെയുമാണ്. എന്തെങ്കിലും മോശം ക്വാളിറ്റീസുണ്ടെങ്കിൽ അത് താൻ തന്നെത്താൻ ഉണ്ടാക്കിയെടുത്തതും. 
വിശേഷം പറഞ്ഞ് നിൽക്കുന്ന തന്റെയടുത്തേക്ക് വന്ന അമ്മയെ ചേർത്തുപിടിച്ച് ടൊവിനോ വീണ്ടും പറഞ്ഞു: 'അമ്മ അഹിംസയുടെ ആളാ... തല്ലുകയോ വഴക്ക് പറയുകയോ ഒന്നും ചെയ്തിട്ടില്ല. പാവം അമ്മയാ..." ഷീലയെന്നാണ് ടൊവിനോയുടെ അമ്മയുടെ പേര്. 
ടൊവിനോയും ചേട്ടൻ ടിങ്സ്റ്റണും തമ്മിൽ ഒരു വയസിന്റെയും ഒരു മാസത്തിന്റെയും വ്യത്യാസമേയുള്ളൂ. 'ചേട്ടൻ ജനിച്ചത് 1987 ഡിസംബർ രണ്ടാംതീയതിയാ. ഞാൻ ജനിച്ചത് 1989 ജനുവരി ഇരുപത്തിയൊന്നാം തീയതിയും." ചേട്ടന്റെ കുഞ്ഞുവാവ സ്ഥാനം തട്ടിയെടുത്ത വില്ലനായാണ് തന്നെ ചേട്ടൻ ഏറെക്കാലം കണ്ടിരുന്നതെന്ന് ടൊവിനോ പറഞ്ഞപ്പോൾ ടിങ്സ്റ്റൺ ചിരിയോടെ തലകുലുക്കി. 'ചേട്ടൻ തീരെ കുഞ്ഞായിരിക്കുമ്പോൾത്തന്നെ അമ്മ വീണ്ടും ഗർഭിണിയായി. പിന്നീട് എല്ലാ ശ്രദ്ധയും ചേട്ടനിൽ നിന്ന് എന്നിലേക്ക് വന്നു. എട്ടാം ക്ളാസ് ഒൻപതാംക്ളാസ് വരെയൊക്കെ ഞാനും ചേട്ടനും തമ്മിൽ വലിയ ഇടിയായിരുന്നു. പിന്നീടെപ്പോഴോ ഒരുപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണെന്ന് തോന്നിയപ്പോൾ മുതൽ ഞങ്ങൾ നല്ല കൂട്ടായി. ഇപ്പോഴെന്റെ ബെസ്റ്റ് ഫ്രണ്ടാണ് ചേട്ടൻ. എന്നെപ്പോലെതന്നെ ചേട്ടനും സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്:. ഒരുപാട് സിനിമകൾ കാണും.  ഞങ്ങളേക്കാൾ അഞ്ച് വയസിന് മൂത്തതാണ് ചേച്ചി. ധന്യയെന്നാണ് ചേച്ചിയുടെ പേര്. ചേച്ചിയുമായിട്ട് ഞാനും ചേട്ടനും പണ്ട് ഭയങ്കര അടിയായിരുന്നു. ഇപ്പോ നല്ല സ്നേഹവും. കുറച്ച് ബുദ്ധിയും ബോധവും വച്ചപ്പോൾ മുതൽ കുട്ടിക്കാലത്തെ തല്ലും വഴക്കുമൊക്കെ മാറ്റിവച്ച് ഞങ്ങൾ നല്ല കൂട്ടാണ്. അമ്മയുടെ അതേ പ്രകൃതമാണ് എന്റെ ചേച്ചിക്കും. പണ്ട് വഴക്കുണ്ടാക്കുമ്പോൾ ഞങ്ങൾ ചേച്ചിയുടെ തലമുടി പിടിച്ച് വലിക്കുകയും ദേഹത്ത് മാന്തുകയുമൊക്കെ ചെയ്യുമായിരുന്നു.

പ്രിയപാതിയായ ലിഡിയയെ ടൊവിനോ പ്രണയിച്ച് തുടങ്ങുന്നത് പ്ളസ് വണ്ണിന് പഠിക്കുമ്പോഴാണ്. 'പ്ളസ് വൺ പ്ളസ് ടു ഞങ്ങൾ ഒരേ സ്കൂളിലാണ് പഠിച്ചത്. അത് കഴിഞ്ഞ് ഞാൻ കോയമ്പത്തൂരിൽ എൻജിനീയറിംഗിന് പോയി. അതുകഴിഞ്ഞപ്പോൾ അവളും കോയമ്പത്തൂരിൽ എൻജിനീയറിംഗിന് ചേർന്നു. വേറെവേറെ കോളേജുകളിലായിരുന്നുവെന്നുമാത്രം. എന്റെ വീട്ടിൽനിന്ന് രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ ലിഡിയയുടെ വീട്ടിലേക്ക്. ഞങ്ങളുടെ വീട്ടുകാർ തമ്മിലും പരിചയമുണ്ടായിരുന്നു. 
ഞാനാണ് ലിഡിയയെ പ്രൊപ്പോസ് ചെയ്തത്. പ്രണയം പറഞ്ഞ് കുറെനാൾ കഴിഞ്ഞാണ് അവൾ എന്നോട് സമ്മതമറിയിച്ചത്. മകൾ ഇസയ്ക്ക് ഇപ്പോൾ നാലര വയസ് കഴിഞ്ഞു. ജനുവരിയിൽ അഞ്ചാകും. ടഹാന്  മൂന്നുമാസം.
ഒരാൾ ഒാരോരുത്തരോടും സംസാരിക്കുന്നതും ഇടപഴകുന്നതും ഒാരോ രീതിയിലായിരിക്കും. എനിക്ക് തോന്നുന്നത് ഞാൻ പൊതുവെ എല്ലാവരോടും സ്നേഹത്തോടും സൗഹൃദത്തോടും പെരുമാറുന്നയാളാണെന്നാണ്. എന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ആദ്യം അച്ഛനായത് ഞാനാണ്. ഞങ്ങളുടെ കൂട്ടത്തിൽ അടുത്ത തലമുറയിലെ ആദ്യ പ്രതിനിധി ഇസയാണ്. എന്നെ കുട്ടിക്കാലംതൊട്ടേ കാണുന്ന കൂട്ടുകാരൊക്കെ ഞാൻ അച്ഛനായപ്പോൾ ചോദിച്ച് 'എടാ.. നിനക്ക് അതിനുള്ള പക്വതയൊക്കെയായോ"യെന്നാണ്. 'അതിനുള്ള പക്വതയൊക്കെയായതുകൊണ്ടാണല്ലോ ഞാൻ അച്ഛനായത്" എന്നായിരുന്നു ഞാൻ അവരോട് പറഞ്ഞിരുന്ന മറുപടി. maturity is all about loosing of innocence എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്വതയെത്തിയെന്ന് പറയുന്നത് നിങ്ങളിലെ നിഷ്കളങ്കത നഷ്ടമായിയെന്ന് പറയുന്നതിന് തുല്യമാണ്.

മക്കളോടൊപ്പം കളിക്കാനും തല്ലുകൂടാനുമൊക്കെ കൂടുന്ന ഒരച്ഛനാണ് ഞാൻ. അത്ര സ്ട്രിക്ടൊന്നുമല്ല. 'നിങ്ങളിങ്ങനെയായാൽ ശരിയാവില്ല. ഒന്നവളെ വഴക്ക് പറയണമെന്നൊക്കെ ഞാൻ പറയുമ്പോഴാ ടൊവിനോ വല്ലപ്പോഴും സ്ട്രിക്ടാവുന്നത്" അടുത്തിരുന്ന ലിഡിയ പറഞ്ഞത് കേട്ടപ്പോൾ ചിരിയോടെ ടൊവിനോ ഒരു മറുചോദ്യമെറിഞ്ഞു: 'വല്ലപ്പോഴും വീട്ടിൽ വരുന്ന ഞാൻ എപ്പോഴും സ്ട്രിക്ടായിരിക്കുകയും ദേഷ്യപ്പെടുകയും കൂടി ചെയ്താൽ എന്തായിരിക്കും അവസ്ഥ. കൊവിഡ് കാലം വരുന്നതിന് മുൻപേ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ താൻ സമയം കണ്ടെത്തിയിട്ടുണ്ടെന്ന് ടൊവിനോ പറയുന്നു.
'ഞാൻ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച 2018-19 കാലത്ത് ഞാൻ ഷൂട്ടിംഗിന് പോകുമ്പോഴൊക്കെ എന്റെകൂടെ എന്റെ ഭാര്യയും മോളുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഞാൻ ലൂസിഫറിന്റെ ഷൂട്ടിംഗിന് വന്നപ്പോൾ എന്റെയൊപ്പം ഭാര്യയും മോളുമുണ്ടായിരുന്നു. ഞാൻ ഷൂട്ടിംഗിന് പോകുമ്പോൾ അവർ പുറത്ത് കറങ്ങാൻ പോകും. സൂവിലും ബീച്ചിലുമൊക്കെ. അങ്ങനെ തിരുവനന്തപുരം മുഴുവൻ കണ്ടു. ഞാൻ കൊച്ചിയിൽ ഷൂട്ടിലാണെങ്കിൽ അമ്മയും മോളും കൂടി കൊച്ചിയിൽ കറങ്ങി നടക്കും. കോഴിക്കോടാണെങ്കിൽ അവിടെ... ഞാൻ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ എന്റെ ഷൂട്ടിന്റെ സമയത്ത് അവരാണ് സ്ഥലങ്ങൾ കാണുന്നത്. ഇപ്പോൾ ഇസയ്ക്ക് ഒാൺലൈൻ ക്ലാസാണ്. അവൾ ഇനി സ്കൂളിലൊക്കെ പോയി തുടങ്ങുമ്പോൾ അത്തരം യാത്രകൾ അത്ര എളുപ്പമായിരിക്കില്ല. ഇപ്പോഴവൾ പ്രീ കെ.ജിയിലാണ്. ഇനി എൽ.കെ.ജിയിലേക്ക്.  ലിഡിയയാണ് എന്റെ ഏറ്റവും വലിയ വിമർശക. ഭയങ്കര സിനിമാപ്രേമിയൊന്നുമല്ല. ടി.വിയിലാണെങ്കിൽപ്പോലും സിനിമകളേക്കാൾ വാർത്തകൾ കാണാൻ ഇഷ്ടപ്പെടുന്നയാളാണ്. ഞാനാണെങ്കിൽ നേരെ തിരിച്ചും. എന്റെ സിനിമകൾ കണ്ടിട്ട് അവൾ സത്യസന്ധമായ അഭിപ്രായം പറയും. എന്റെ സിനിമകൾ കണ്ടിട്ട് സത്യസന്ധമല്ലാത്ത അഭിപ്രായം പറയേണ്ട കാര്യം എന്റെ ഭാര്യയ്ക്കില്ല. ഞാൻ മോശമായിട്ടാണ് അഭിനയിച്ചതെങ്കിൽ അവൾ മോശമായിയെന്ന് തന്നെ പറയും. 

ഞാൻ അത്യാവശ്യം നല്ല കാമുകനൊക്കെയായിരുന്നു. ഇപ്പോഴുമാണ്. സിനിമകളിലെ എന്റെ പ്രണയ രംഗങ്ങൾ കാണുമ്പോൾ അവൾക്കറിയാം ഇതെന്റെ ജോലിയാണെന്നും തിരക്കഥയിലെഴുതിവച്ചിട്ടുള്ള രംഗമാണ് ഞാൻ അഭിനയിക്കുന്നതെന്നും. സിനിമ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണെന്ന് അവൾക്കറിയാം. സിനിമയിൽ വില്ലന്മാർ എന്നെ ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്യുന്നത് പോലെ തന്നെയാണ് പ്രണയരംഗങ്ങളുമെന്നും അവൾക്കറിയാം. അതൊക്കെ കൃത്യമായി മനസിലാക്കാനുള്ള ബുദ്ധിയുള്ളയാളാണ് എന്റെ ഭാര്യ.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ ആളായതിനാൽ എന്നെങ്കിലും സംവിധാനം ചെയ്യുമോയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. മലയാള സിനിമയിൽ ഒരുപാട് നല്ല സംവിധായകരുണ്ട്. അവർ ഗംഭീരമായി സംവിധാനം ചെയ്യുന്നുമുണ്ട്. അവരുടെയൊക്കെ സംവിധാനത്തിൽ അഭിനയിക്കുകയെന്നതാണ് ഇപ്പോഴത്തെ എന്റെ സന്തോഷം. ഭാവിയിൽ എന്നെങ്കിലും അങ്ങനെ ഒരു സംവിധായകനാകാനുള്ള പക്വത എനിക്കായിയെന്ന് തോന്നുകയാണെങ്കിൽ ഒരുപക്ഷേ ചെയ്തേക്കും. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിൽ നിർമ്മാണ പങ്കാളിയായി. ഒരു നിർമ്മാതാവാകാൻ പറ്റിയ ആളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. നിർമ്മാതാവിന് വേണ്ട ക്വാളിറ്റീസൊന്നും എനിക്കറിയില്ല. കിലോമീറ്റേഴ്സിൽ ഞാനൊരു സൈലന്റ് പാർട്ണർ മാത്രമായിരുന്നു. മിന്നൽ മുരളിയാണ് ടൊവിനോയുടേതായി പൂർത്തിയാകാനുള്ള ചിത്രം. പുതിയ ചിത്രമായ കളയുടെ ഷൂട്ടിംഗ് കൂത്താട്ടുകുളത്ത് തുടങ്ങി.