
കൊച്ചി: കസ്‌റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സ്വർണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നൽകി. ഈ കേസിൽ കാരാട്ട് ഫൈസലിന് പ്രധാന പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേന്ദ്രമാണ് കൊടുവളളി. പ്രധാനമായും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ സ്വർണക്കടത്തിൽ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
30 കിലോയാണ് നിലവിലെ കേസിന് ആധാരമായി പറയുന്നതെങ്കിൽ ഏകദേശം 400 കിലോ സ്വർണം നയതന്ത്ര ചാനൽ വഴി പ്രതികൾ ഇതിനകം കടത്തിയതായിട്ടാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുളളത്. അതിലെല്ലാം ഫൈസലിന് വൻ നിക്ഷേപമുളളതായി കണ്ടെത്തിയിട്ടുണ്ട്.
റമീസ്, ഫൈസൽ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം എത്തുന്നത്. സ്വപ്‌നയുടെ മൊഴികളിലും കാരാട്ട് ഫൈസലിനെ കുറിച്ച് പരാമർശമുളളതായിട്ടാണ് വിവരം. ഫൈസലിന്റെ വീട്ടിൽ ഇപ്പോഴും കസ്റ്റംസ് റെയ്ഡ് തുടരുകയാണ്. പുലർച്ചെയാണ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. അറസ്റ്റിനുളള സാദ്ധ്യതയും കസ്റ്റംസ് തള്ളിക്കളയുന്നില്ല. ഇയാൾ നടത്തിയ നിക്ഷേപങ്ങളുടെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് വളരെ നിർണായകമായ പുരോഗതിയാണ് അന്വേഷണത്തിൽ കൈവരിച്ചിരിക്കുന്നത്.