
വിസ്മയ പ്രകടനങ്ങളിലൂടെ മുൻനിരയിലേക്ക് കുതിക്കുന്ന റോഷൻ മാത്യുവിന്റെ വിശേഷങ്ങൾ....
നാടകത്തിന്റെ കൈ പിടിച്ചു നടന്ന് മലയാള സിനിമയിൽ ചവിട്ടി നിന്ന് ബോളിവുഡ് വരെ എത്തിപ്പിടിച്ച നടൻ റോഷൻ മാത്യൂ,പുതു തലമുറ അഭിനേതാക്കളിൽ ഏറെ പ്രതീക്ഷ നൽകുന്ന നടനാണ്. 2015ൽ പുറത്തിറങ്ങിയ 'പുതിയ നിയമം" മുതൽ ഏറ്റവും ഒടുവിലിറങ്ങിയ മലയാള ചിത്രം 'സീ യൂ സൂൺ" വരെ പരിശോധിച്ചാൽ അറിയും താരത്തിന്റെ അഭിനയ കരുത്ത്.കെട്ടുറപ്പുള്ള സിനിമകളിലൂടെ നല്ല വേഷങ്ങൾ ചെയ്തു കൈയടി നേടിയ റോഷൻ തന്റെ പുതിയ ചിത്രം സീ യൂ സൂണിനെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചു സംസാരിച്ചു തുടങ്ങി.

ഫഹദിന്റെ കാൾ
ഞാൻ വളരെ ഭാഗ്യവാനാണ്. ലോക് ഡൗണിന്റെ ഇടയിൽ ഞാൻ നേരത്തെ ചെയ്തുവച്ച ഒന്ന് രണ്ടു വർക്കുകൾ റിലീസ് ചെയ്തിരുന്നു.അങ്ങനെ ഇരിക്കുമ്പോഴാണ് ഫഹദിന്റെ കാൾ വരുന്നത്. അതിൽ നിന്നാണ് സീ യൂ സൂൺ തുടങ്ങുന്നത്.ഒരു പരീക്ഷണ ചിത്രം പ്ലാൻ ചെയ്യുന്നുണ്ടെന്നും.മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നതെന്നും .ഇത് എന്താകുമെന്നോ എവിടെ റിലീസ് ചെയ്യുമോയെന്നൊന്നും ഒരു പിടിയുമില്ലെന്നുമായിരുന്നു ഫഹദ് പറഞ്ഞത്.ആ വെർച്വൽ ചിത്രത്തിന്റെ തീം കൂടി അറിഞ്ഞപ്പോൾ ഡബിൾ ഹാപ്പി.ദർശനയും ഫഹദും ഉണ്ടെന്നു കൂടി അറിഞ്ഞപ്പോൾ കൂടുതൽ ആകാംക്ഷയായി.ഒന്നും നോക്കാതെ ഞാൻ യെസ് പറഞ്ഞു. ലോക് ഡൗണിൽ സംഭവിച്ച ഏറ്റവും സന്തോഷമുള്ള കാര്യമാണ് സീ യൂ സൂൺ. ഇതിന്റെ ഫോർമാറ്റ് എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. സിനിമ ആദ്യം കണ്ടപ്പോൾ ഇത് മലയാളികൾക്ക് ഉൾകൊള്ളാൻ കഴിയുമോയെന്നൊക്കെ സംശയമുണ്ടായിരുന്നു. എന്നാൽ റിലീസ് കഴിഞ്ഞു പ്രേക്ഷകർ ഇത് ഏറ്റെടുത്തു. 

ജിമ്മി നമ്മളിലൊരാൾ
സീ യൂ സൂണിലെ എന്റെ കഥാപാത്രത്തിന്റെ പേര് ജിമ്മിയെന്നാണ്. ജിമ്മിയെക്കുറിച്ച് പറയുകയാണെങ്കിൽ ആരും കൂടെയില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ.കൂടെ സുഹൃത്തുക്കൾ മാത്രമാണുള്ളത്.ഫാമിലിയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് വെർച്വൽ മാദ്ധ്യമങ്ങൾ വഴിയാണ്. ആവശ്യത്തിന് വരുമാനമുള്ള കംഫർട്ടബിൾ ജോലിയുള്ള ചെറുപ്പക്കാരനാണ് ജിമ്മി.പക്ഷേ ഒറ്റപ്പെടൽ ജിമ്മിയെ സാരമായി ബാധിച്ചിരുന്നു.അതുപോലെ ജിമ്മി ഒരു എടുത്തുചാട്ടക്കാരനാണ്.എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് വിചാരിച്ചാൽ അവൻ അത് ചെയ്തിരിക്കും.അതിന്റെ ശരിയും തെറ്റുമൊന്നും ജിമ്മി ഓർക്കില്ല. എല്ലാം കഴിഞ്ഞ് എന്തെങ്കിലും പ്രശ്നത്തിലായതിന് ശേഷമാണ് അതിനെക്കുറിച്ചെല്ലാം ചിന്തിക്കുക. ജിമ്മിയുടെ കഥാപാത്രം നമ്മളിലൊരാളാണെന്ന് തോന്നാം.ജിമ്മി എന്നോട് ചേർന്ന് നിൽക്കുന്നുണ്ട്.

ഇന്റിമേറ്റ് ടീം വർക്ക്
ഇതുവരെ ചെയ്ത തിയേറ്ററുകളുടെയോ സിനിമകളുടെയോ അനുഭവം പോലെയായിരുന്നില്ല സീ യൂ സൂണിന്റെ ഷൂട്ടിംഗ് അനുഭവം.സാധാരണ സിനിമ സെറ്റിലെ ബഹളങ്ങളോ യമണ്ടൻ കാമറകളോയില്ലാത്ത സെറ്റ്.വളരെ കുറച്ചു പേരുള്ള ടീം.സഹകരണ മനോഭാവത്തോടെയായിരുന്നു എല്ലാവരും.പുതിയൊരു ഫോർമാറ്റായതുകൊണ്ട് നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമെല്ലാം പുതിയതായിരുന്നു.അതുകൊണ്ട് തന്നെ പരിഹാരവും പുതിയതായിരുന്നു.മൊത്തം പതിനഞ്ചുപേരാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ഒരാൾ വിചാരിച്ചാൽ മാത്രം ഒന്നും നടക്കില്ല.എല്ലാവരും ഒരേപോലെയാണ് സിനിമ നടത്തിയെടുക്കാനും പ്രശ്നങ്ങളെ പരിഹരിക്കാനും പരിശ്രമിച്ചത്.പുതിയൊരു ഫോർമാറ്റ് സിനിമ വളരെ നന്നായി ചെയ്യണമെന്ന എനർജി ആ ടീമിലെ എല്ലാവർക്കുമുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി.പോസറ്റീവായൊരു സെറ്റിന്റെ ഔട്ട്പുട്ട് സിനിമയിൽ കിട്ടിയിട്ടുണ്ട്.
അതുപോലെ മഹേഷേട്ടൻ (മഹേഷ് നാരായണൻ )എന്ന എഡിറ്റർകൂടിയായ സംവിധായകന്റെ വിഷനും ക്ലാരിറ്റിയും തന്നെയാണ് സീ യൂ സൂൺ.മഹേഷേട്ടന്റെ ആത്മവിശ്വാസത്തിനെ ആശ്രയിച്ചാണ് എല്ലാവരും സെറ്റിൽ നിന്നിരുന്നത്.എനിക്ക് ചില കാര്യങ്ങളിലൊക്കെ സംശയം ഉണ്ടെങ്കിലും മഹേഷേട്ടന് അത് കൃത്യമായി അറിയാമെന്നത് എനിക്ക് പവറായി തോന്നി. എന്റെ ജോലി കൃത്യമായി ചെയ്യുക, അതുപോലെ ടീം വർക്കിന്റെയൊപ്പം നിൽക്കുക. ഫഹദിന്റെയും ദർശനയുടെയും ഒരു സീൻ ഷൂട്ട് ചെയ്യുമ്പോൾ ഞാനും അവിടെ പെർഫോം ചെയ്യുന്നുണ്ട്.വെറുതേ ഡയലോഗ് പറഞ്ഞു കൊടുത്ത് ചെയ്യാവുന്ന ഒരു ഫോർമാറ്റിലായിരുന്നില്ല ഷൂട്ട്.കൊച്ചിയിലെ ഫഹദിന്റെ അപ്പാർട്ട്മെന്റിലായിരുന്നു കൂടുതൽ ചിത്രീകരണവും.ചിത്രത്തിൽ മിക്ക ഭാഗങ്ങളും ഐ ഫോണിലാണ് ചിത്രീകരിച്ചതെന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്.ഐ ഫോണിലെ വീഡിയോ കാൾ  മോഡിൽ പിൻഭാഗം ഉപയോഗിച്ച് ആദ്യഭാഗം ഷൂട്ട് ചെയ്യും.അതേ സമയം മറുഭാഗത്ത് മറ്റു അഭിനേതാക്കൾ അഭിനയിക്കും.അഭിനേതാവിന്റെ മുഖം കാണാതെ ശബ്ദം കേട്ടാണ് പല സീനുകളും എടുത്തത്.

പരീക്ഷണം മലയാളിഏറ്റെടുത്തു
പരീക്ഷണ ചിത്രങ്ങൾ മലയാളികൾ എപ്പോഴും ഏറ്റെടുത്തിട്ടുള്ളവരാണ്. ഡെസ്ക് ടോപ്പിന്റെയും മൊബൈൽ വാളിന്റെയും സഹായത്തോടെ ഒരു മുഴുനീള ചിത്രം മലയാളികൾ ഏറ്റെടുത്തു എന്നത് തന്നെയാണ് സീ യൂ സൂണിന്റെ വിജയം.അതുപോലെ ഈ ലോക് ഡൗൺ തുടങ്ങിയതിന് ശേഷം പൊതുവെ എല്ലാവരും വെർച്വൽ ലോകവുമായി കുറച്ചുകൂടെ അടുത്തു.വീഡിയോ ചാറ്റും,സൂം കോൺഫറൻസുകളുമെല്ലാം ഈ ഒരു ടൈമിൽ ജനങ്ങളുമായി കൂടുതൽ ഫ്രണ്ട് ലിയായിയെന്ന് തോന്നിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ഈ ഒരു സമയത്ത് ഈ ഫോർമാറ്റിലുള്ള ചിത്രം കൂടുതൽ കാലിക പ്രാധാന്യമുള്ളതാണെന്ന് മഹേഷേട്ടനും പറഞ്ഞിരുന്നു.
ഫഹദ്  എന്നെ വിസ്മയിപ്പിച്ച നടൻ
ഫഹദ് എന്നെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്.ഞാൻ ഒരുപാട് ആരാധിക്കുന്ന നടൻ. ഫഹദിന്റെ കൂടെയുള്ള ഒരു പ്രോജക്ട് എന്നത് സ്വപ്നം തന്നെയാണ്.അതുപോലെ മഹേഷേട്ടനും നസ്രിയയും ദർശനയും തുടങ്ങി എല്ലാവരുടെയും കൂടെ വർക്ക് ചെയ്യാൻ സാധിച്ചു.അടുത്തറിഞ്ഞപ്പോൾ ഫഹദിനോടുള്ള ഇഷ്ടവും പ്രചോദനവുമെല്ലാം കൂടി. അതുപോലെ ദർശനയെ 2010 മുതലറിയാം. ചെന്നൈയിലെ ഒരു നാടകത്തിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ദർശനയുടെ സ്വാഭാവിക അഭിനയ മികവ് അനുഭവിച്ചറിഞ്ഞതാണ്. സിനിമ പോലെയുള്ള മാദ്ധ്യമത്തിന് ഉപയോഗിക്കാനുള്ള ടാലന്റുള്ള നടിയാണ് ദർശന.അനു എന്ന കഥാപാത്രം ദർശന ഗംഭീരമാക്കിയിട്ടുണ്ട്.

വെർച്വൽ ലോകത്ത്ഞാൻ പിറകിലാണ്
വെർച്വൽ ലോകത്തിൽ ഞാൻ ഇത്തിരി പുറകിലാണ്.വർക്കിന്റെ ആവശ്യത്തിനായാണ് കൂടുതൽ മൊബൈലും ബാക്കി മാദ്ധ്യമങ്ങളും ഉപയോഗിക്കുന്നത്. ദൂരെയുള്ള സുഹൃത്തുക്കളെ പോലും വീഡിയോ കാൾ വിളിച്ചു സംസാരിക്കുന്നത് ചുരുക്കമാണ്. കൂടുതലും ഉപയോഗിക്കാതിരിക്കാനാണ് ശ്രമിക്കാറുള്ളത്.
തിയേറ്റർ അനുഭവമൊന്നും ഒരിക്കലും നമുക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടില്ല. എന്റെ ആദ്യ ബോളിവുഡ് ചിത്രം ചോക് ഡ് നെറ്റ്ഫ്ളിക്സ് റിലീസ് തന്നെയാണ് തിരുമാനിച്ചിരുന്നത്.ആ സിനിമ ഒരുപക്ഷേ തിയേറ്റർ റിലീസായിരുന്നെങ്കിൽ എനിക്ക് അതിൽ അഭിനയിക്കാൻ കഴിയില്ലായിരുന്നു. ഇത്തിരി കൂടി ലാർജ് സിനിമയായിട്ട് അത് റിലീസ് ചെയ്യുമായിരുന്നു. അതുകൊണ്ട് എനിക്കിത് ഗുണമാണോ ദോഷമാണോയെന്നൊന്നും പറയാൻ സാധിക്കില്ല. ഒ.ടി.ടി.പ്ലാറ്റ്ഫോമുകളിൽ വരുന്ന ചിത്രങ്ങൾ എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അവിടെ വന്നാൽ എല്ലാത്തിനും ഒരേ സ്ഥാനമാണ് ലഭിക്കുന്നത്.
തിയേറ്ററുകൾ ഓപ്പൺ ചെയ്തിരുന്നുവെങ്കിൽ ചിത്രം തിയേറ്റർ റിലീസിന് പ്ലാനുണ്ടായിരുന്നു. ഒരു ടീമിന്റ മാക്സിമം ഔട്ട്പുട്ട് സീ യൂ സൂണിന് നൽകിയിരുന്നു അതുകൊണ്ട് തന്നെ ചിത്രം തിയേറ്ററിൽ കണ്ടാൽ കൊള്ളാമെന്ന് തോന്നിയിരുന്നു.

ഡേറ്റിംഗ്  ആപ്പ് ഉപയോഗിച്ചിട്ടില്ല
ഒരിക്കൽ ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.പക്ഷേ ഉപയോഗിച്ചിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞു ഡിലീറ്റ് ചെയ്തു.
നാടകം ഒരുപാട് സഹായിച്ചിട്ടുണ്ട്
നാടകം ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. അത് ഒരിക്കലും മിസ് ചെയ്യരുതെന്ന് ആഗ്രഹിക്കാറുമുണ്ട്.ഞാൻ ഇപ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾക്കെല്ലാം തിയേറ്റർ ബാക്ക്ഗ്രൗണ്ട് എന്നെ സഹായിക്കുന്നുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. 2010 മുതൽ 2015 വരെ നാടകം മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്.അത് കഴിഞ്ഞാണ് കാമറ അഭിമുഖീകരിക്കുന്നത്.ഇപ്പോഴും നാടക കളരികളിൽ പങ്കെടുക്കാറുണ്ട്.നാടകവും ചെയ്യുന്നുണ്ട്.അതെല്ലാം എന്റെ വളർച്ചയിൽ കൂടുതൽ സഹായിച്ചിട്ടുണ്ടന്നു തോന്നിയിട്ടുണ്ട്.
അമീർ സ്പെഷ്യലാണ്
മൂത്തോനിലെ അമീറായാലും മൂത്തോൻ ലൊക്കേഷൻ അനുഭവങ്ങളായാലും എനിക്ക് എപ്പോഴും സ്പെഷ്യലാണ്.ഗീതുവിന്റെയും രാജീവേട്ടന്റെയും നിവിന്റേയുമൊക്കെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചു.ആഴത്തിൽ എഴുതപ്പെട്ട കഥാപാത്രമാണ് അമീർ. എന്റെ സിനിമ ജീവിതത്തിൽ ഏറ്റവും സംതൃപ്തി തന്ന കഥാപാത്രം.
അനുരാഗ് സാർ വിളിച്ചു
അനുരാഗ് സാറിന്റെ (അനുരാഗ് കശ്യപ് ) സിനിമ എന്നത് തന്നെയാണ് ചോക് ഡിന്റെ  അനുഭവം. മുത്തോൻ കണ്ട് അനുരാഗ് സാർ ഗീതുവിനോട് എന്റെ അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞിരുന്നു.കുറച്ചു ദിവസം കഴിഞ്ഞു സാറിന്റെ കാൾ.എന്നെ അഭിനന്ദിക്കുന്നതിന്റെ കൂടെ ഒരു സ്ക്രിപ്ട് ഉണ്ടെന്നും ഇഷ്ടപ്പെടുകയാണെങ്കിൽ ചെയ്യാമെന്നും പറഞ്ഞു. സ്ക്രിപ്ട് വായിച്ചതും ഞാൻ ഓകെ പറഞ്ഞു.ബോളിവുഡ് സിനിമയാണെങ്കിലും മലയാള സിനിമയുടെ ചിത്രീകരണം പോലെ തന്നെയാണ് തോന്നിയത്. ഭാഷ ,ഭക്ഷണം,സംസ്കാരം അതിൽ മാത്രമെ വ്യത്യാസം ഉണ്ടായിരുന്നുള്ളു.

ആവർത്തനം തോന്നുമെന്ന് ഭയന്നിട്ടില്ല
പുതിയ നിയമം,തൊട്ടപ്പൻ,കപ്പേള അങ്ങനെ തുടങ്ങി രണ്ടു മൂന്ന് ചിത്രങ്ങളിൽ നെഗറ്റീവ് ഷെയ്ഡ് ചെയ്തുവെന്ന് വച്ച് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോയെന്ന് പേടി തോന്നിയിട്ടില്ല.അങ്ങനെയുള്ള പേടികളൊക്കെ തുടങ്ങിയാൽ പിന്നെ പുതിയ പ്രോജക്ടുകൾ വരുമ്പോൾ നമ്മുടെ ഫോക്കസ് തന്നെ മാറിപ്പോവും.ആവശ്യത്തിൽ കൂടുതൽ ടെൻഷനുകളും സ്ട്രസുമുണ്ട് ഇനി കൂടുതൽ ചിന്തിച്ചുകൂട്ടി നെഗറ്റീവാവൻ താത്പര്യമില്ല .
എന്റെ  കുടുംബം
ഇപ്പോൾ എല്ലാവരും കൊച്ചിയിലുണ്ട്. ഡാഡ  മാത്യു ജോസഫ്. അമ്മ റജിന അഗസ്റ്റിൻ.ഡാഡി  കാനറ ബാങ്ക് ചീഫ് മാനേജരായിരുന്നു. അമ്മ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു പി.ഡബ്ള്യു .ഡിയിൽ. ചേച്ചി രേഷ്മ അവനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്  ഡിെെസ നിൽ അദ്ധ്യാപിക.