
തിരുവനന്തപുരം: അടുത്ത പത്ത് വർഷത്തേക്കുളള കേരളത്തിന്റെ വികസന രൂപരേഖ തയ്യറാക്കാൻ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന വികസന സമ്മിറ്റ് 'പ്രതീക്ഷ 2030'ന് ഇന്ന് തുടക്കമാകും. മുൻ കേന്ദ്രധനമന്ത്രി പി.ചിദംബരം എം.പി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രമേശ് ചെന്നിത്തല അറിയിച്ചു.
അഞ്ച് ഘട്ടങ്ങൾ നീണ്ടുനിൽക്കുന്നതാണ് 'പ്രതീക്ഷ 2030' സമ്മിറ്റ്. ആദ്യഘട്ടം വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളികളെ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ്. ഇന്ന് ആരംഭിച്ച് 11 വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ 13 രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട മലയാളികൾ പങ്കെടുക്കും. യു.എ.ഇയിലെ മലയാളികളുമായുള്ള ആശയ വിനിമയത്തോടെയാകും പ്രതീക്ഷ 2030 തുടങ്ങുക. പി.ചിദംബരം ഉദ്ഘടാനം ചെയ്യുന്ന ആശയവിനയ പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ എന്നിവരും സംസാരിക്കും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണാണ് പ്രതീക്ഷ 2030 സമ്മിറ്റിന്റെ സെക്രട്ടറി ജനറൽ. ഇന്നു തന്നെ ഖത്തിറിലെ പ്രവാസി മലയാളികളുമായുള്ള കൺസൾട്ടേഷനും നടക്കും. വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാകുമിത്.
ഡൽഹി, മുംബയ്, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലെ മലയാളികളെ ഉൾപ്പെടുത്തികൊണ്ടുളളതാണ് രണ്ടാം ഘട്ടം. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ആശവിനിമയങ്ങളാകും മൂന്നാം ഘട്ടം. നാലാം ഘട്ടം വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായുള്ള ആശയവിനിമയമാണ്. ഓരോ മേഖലയും നേരിടുന്ന പ്രതിസന്ധികൾ, അവ പരിഹരിക്കുതിനുള്ള നിർദേശങ്ങൾ എന്നിവ ഈ ഘട്ടത്തിൽ ചർച്ചാവിഷയമാകും.
വിവിധ ഘട്ടങ്ങളിലായി ലഭിച്ച അഭിപ്രായങ്ങളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിൽ ഒരു കരട് വികസന രേഖ തയ്യറാക്കും. ഇതിന്മേലായിരിക്കും സമ്മിറ്റിലെ ചർച്ച. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പ്രമുഖർ ഈ ചർച്ചകളിൽ പങ്കെടുക്കും. ചർച്ചകളിൽ ഉയരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സമിറ്റിന് ഒടുവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് കേരള വികസന രൂപരേഖ 2030 പുറത്തിറക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എസ്.ഷിജു അറിയിച്ചു.