
മലപ്പുറം: പത്ത്കോടി വർഷങ്ങൾക്കുമുമ്പ് ഭൂമിയിലുണ്ടായിരുന്നത് എന്നുകരുതുന്ന ശുദ്ധജല മത്സ്യങ്ങളെ മലപ്പുറം ജില്ലയിലെ വയലുകളിൽ നിന്ന് കണ്ടെത്തി. പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസർച്ച്, കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, നിർമ്മലഗിരി കോളേജ്, ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവരുടെ സംയുക്ത ഗവേഷണത്തിലാണ് പുരാതന ഗോണ്ട്വാനൻ വംശത്തിന്റെ പിന്തുടർച്ചക്കാർ എന്ന് കരുതുന്ന അപൂർവ മത്സ്യകുടുംബത്തെ കണ്ടെത്തിയത്. 'ഏനിഗ്മചന്ന ഗൊള്ളം' എന്നാണ് ഇവയ്ക്ക് നൽകിയിരിക്കുന്ന പേര്. ആഴങ്ങളിൽ ഒറ്റപ്പെട്ട് ജീവിക്കുന്നതിനാൽ ഇത്രയധികം വർഷങ്ങൾ കഴിഞ്ഞെങ്കിലും അവയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്.
കണ്ടെത്തിയ മത്സ്യങ്ങളെ ജീവനുളള ഫോസിലുകൾ എന്നാണ് ഗവേഷക സംഘം വിശേഷിപ്പിക്കുന്നത്. ചരിത്രാതീത കാലത്തെ മത്സ്യങ്ങളെക്കുറിച്ചുൾപ്പടെ പഠിക്കാൻ ഇവ സഹായകമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ പത്തോളം പ്രബലമായ ഭൂതല മത്സ്യങ്ങളുണ്ടെങ്കിലും ഇപ്പോൾ കണ്ടെത്തിയ മത്സ്യങ്ങൾ ഇവിടെ എങ്ങനെ എത്തിയെന്നത് വ്യക്തമല്ല.