
'വിദ്യകൊണ്ട് പ്രബുദ്ധരാകുക" എന്ന് ഉദ്ബോധിപ്പിച്ച മലയാളക്കരയുടെ അഭിമാനഭാജനമായ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലാണ് സംസ്ഥാനത്തെ പ്രഥമ ഓപ്പൺ സർവകലാശാല സ്ഥാപിതമാകുന്നത്.
സംരംഭത്തിന്റെ ആസ്ഥാനമായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്, സാമൂഹ്യ അനീതികൾക്കെതിരായപോരാട്ടങ്ങളുടെ സിരാകേന്ദ്രവും തൊഴിലാളിപ്രസ്ഥാനങ്ങളുടെ ഈറ്റില്ലവുമായ കൊല്ലമാണ്. ആധുനിക സാങ്കേതികശാസ്ത്ര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി എല്ലാ മേഖലകളിലുമുള്ള ഉന്നത വിദ്യാഭ്യാസം വിദൂര വിദ്യാഭ്യാസ മാതൃകയിൽ പ്രദാനം ചെയ്യുകയാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം.
ഓപ്പൺ യൂണിവേഴ്സിറ്റി, ഏതു പ്രായത്തിലുമുള്ള വിജ്ഞാന ദാഹികൾക്കും അറിവ് ആർജ്ജിക്കാനുള്ള അവസരവും ക്ലാസ് മുറിക്ക് പുറത്തുള്ള അനന്തമായ പഠന സാദ്ധ്യതകളുമാണ് തുറന്നു കൊടുക്കുന്നത്.
നിലവിലെ സ്ഥിതിയിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർവകലാശാലകൾക്ക് സാധിക്കുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ ലഭ്യമാക്കുന്നതിനും നേരിട്ടുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായിനടത്തുന്നതിനും കഴിയാത്ത അവസ്ഥയുമുണ്ട്. വിദ്യാർത്ഥികളുടെ ആധിക്യമാണ് പലപ്പോഴും ഇതിനെല്ലാമുള്ള കാരണമായി സർവകലാശാലകൾ പറയാറ്. അവക്കെല്ലാം ശാശ്വത പരിഹാരമാണ് ഓപ്പൺ സർവകലാശാല.
വിവിധ സർവകലാശാലകൾക്കു കീഴിലുള്ള ഡിസ്റ്റൻസ് സെന്ററുകളിലെ മഹാഭൂരിഭാഗം വിദ്യാർത്ഥികളും പഠനാവശ്യങ്ങൾക്കായി സ്വകാര്യ ട്യൂഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത്. അഭ്യസ്തവിദ്യർക്കും വിദ്യാർത്ഥികൾക്കും നൈപുണ്യ വികസനത്തിൽ അനൗപചാരിക രീതിയിൽ പരിശീലനം നൽകുന്ന സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളും സ്വകാര്യ സംരഭങ്ങളും നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയൊന്നും നമ്മുടെ ആവശ്യം സമ്പൂർണാർത്ഥത്തിൽ നിവർത്തിക്കാൻ പര്യാപ്തമല്ല.
ഔപചാരിക വിദ്യാഭ്യാസം അപ്രാപ്യമായ ജനവിഭാഗങ്ങളെക്കൂടി പൊതുധാരയിലേക്ക് എത്തിക്കുന്നതിനും അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്കും വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തുടർവിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും, വിവിധ സർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, ഔപചാരികവിദ്യാഭ്യാസത്തിനു സമാനമായ ഘടനയിൽ പുനഃസംഘടിപ്പിക്കാനും ലാക്കാക്കിയുള്ള ആലോചനകളാണ് ഓപ്പൺ സർവകലാശാലയുടെ പിറവിയിലേക്ക് നയിച്ചത്.
സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവർക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രാപ്യത ഉറപ്പു വരുത്തുക, വിവിധ വിഷയതലങ്ങളിൽ ഉന്നത നിലവാരമുള്ളതും നൂതനവുമായ പ്രോഗ്രാമുകൾ ആവശ്യമുള്ള എല്ലാവർക്കും ലഭ്യമാക്കുക, ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ആവശ്യാനുസരണം കോഴ്സുകൾ പ്രദാനം ചെയ്യുന്നതിലൂടെ ഉന്നതവിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉന്നതിയിൽ എത്തിക്കുക, സംസ്ഥാനത്തിന്റെ തനതായ പാരമ്പര്യം, കല, സംസ്കാരം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച വിഷയങ്ങളിൽ തുടർപഠനത്തിനുള്ള അവസരങ്ങൾ ഒരുക്കുക, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, വക്കം അബ്ദുൽഖാദർ മൗലവി, ചാവറ അച്ചൻ തിരുമേനി തുടങ്ങിയ നവോത്ഥാന നായകന്മാരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനങ്ങൾ വിപുലമാക്കുക, മറ്റു സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് ക്രഡിറ്റ് നേടാൻ സഹായിക്കുന്ന ഓൺലൈൻ അധിഷ്ഠിത കോഴ്സുകൾ നൽകുക തുടങ്ങി നാനോൻമുഖമായ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തനക്ഷമമാകുന്നത്.
സംസ്ഥാനത്തെ മറ്റു സർവകലാശാലകളിലോ അഫിലിയേറ്റ് ചെയ്ത ഏതെങ്കിലും സ്ഥാപനത്തിലോ പഠന കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ, ക്രഡിറ്റ് ട്രാൻസ്ഫർ നടത്തി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ തുടർപഠനം സാദ്ധ്യമാക്കാനും അവസരമുണ്ടാകും. വിവിധ കോഴ്സുകളിൽ ബോധനം നൽകുന്നതിന് ആധുനിക സാങ്കേതികശാസ്ത്ര സംവിധാനങ്ങളായ ഓൺലൈൻ, വെബ്കാസ്റ്റിംഗ്, ബ്രോഡ്കാസ്റ്റിംഗ്, ടെലികാസ്റ്റിംഗ്, വീഡിയോ കോൺഫറൻസിങ് തുടങ്ങിയ നൂതന സങ്കേതങ്ങളെല്ലാം ഇവിടെ പ്രയോജനപ്പെടുത്തും. ശാസ്ത്രം, പരിസ്ഥിതി, സംസ്കാരം, പൈതൃകം, ഭാഷ, സാഹിത്യം, രാഷ്ട്രീയം, സമൂഹ്യം, വിവിധ കലകൾ, കൈത്തൊഴിലുകൾ, നൈപുണ്യങ്ങൾ തുടങ്ങി അറിവിന്റെ സർവ മേഖലകളിലും പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അത്യന്താധുനിക രീതികളിലുള്ള പഠന കോഴ്സുകളും അവയുടെ കോമ്പിനേഷനുകളും ഉണ്ടായിരിക്കും.
ഓപ്പൺ സർവകലാശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ നേടുന്നതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റ് സർവകലാശാലകൾ, അഫിലിയേറ്റഡ് സ്ഥാപനങ്ങൾ, ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വ്യവസായ സംരഭങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി കരാറിലേർപ്പെടും.
കേരള ഗവർണർ യൂണിവേഴ്സിറ്റിയുടെ ചാൻസിലറും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊ. ചാൻസലറും ആയിരിക്കും. വൈസ്ചാൻസലർ, പ്രൊവൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ, സൈബർ കൺട്രോളർ, പഠന സ്കൂൾ ഡയറക്ടർമാർ, റീജിയണൽ കേന്ദ്രങ്ങളുടെ ഡയറക്ടർമാർ, എന്നിങ്ങനെ മറ്റുദ്യോഗസ്ഥരും ഉണ്ടാകും. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രവർത്തന പരിധി പ്രാദേശിക അതിർവരമ്പുകൾ കടന്നും വ്യാപിച്ചിരിക്കുന്നതിനാൽ, അക്കാഡമിക പ്രവർത്തനങ്ങൾ
ഏകോപിപ്പിക്കുന്നതിനും പഠിതാക്കളുടെ സൗകര്യം മുൻനിറുത്തിയും സർവകലാശാലയുടെ ആസ്ഥാനത്തിനു പുറമെ പ്രാരംഭ ഘട്ടത്തിൽ നാല് പ്രാദേശിക കേന്ദ്രങ്ങളും സ്ഥാപിതമാകും.
അഡ്വൈസറി കൗൺസിൽ, എക്സിക്യൂട്ടീവ് കൗൺസിൽ, അക്കാഡമിക റിസർച്ച് കൗൺസിൽ, ഫിനാൻസ് കൗൺസിൽ, സൈബർ കൗൺസിൽ, പഠന സ്കൂൾ ബോർഡ്, പഠന സ്കൂൾ ഡയറക്ടർസ് കൗൺസിൽ, എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി വ്യത്യസ്ത അധികാര സ്ഥാനങ്ങളാണ് സർവകലാശാലയ്ക്കായി വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥി പ്രവേശനം, പഠനബോധന പ്രവർത്തനങ്ങൾ, പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. ഈ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് വേണ്ടിയുള്ള സൈബർ കൗൺസിൽ കൂടാതെ വിവിധ പഠന സ്കൂളുകളിലെ അക്കാഡമികവും ഭരണപരവുമായ ചുമതലകൾ നിർവഹിക്കുന്നതിന് പഠന സ്കൂൾ ബോർഡും പഠന സ്കൂൾ ഡയറക്ടേഴ്സ് കൗൺസിലും പ്രവർത്തനക്ഷമമാക്കും. പ്രാരംഭ ഘട്ടത്തിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ്, സ്കൂൾ ഓഫ് ലാംഗ്വേജസ്, സ്കൂൾ ഓഫ് സയൻസസ്, സ്കൂൾ ഓഫ് ബിസിനസ് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസ്, സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സയൻസസ്, സ്കൂൾ ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിങ് എന്നിങ്ങനെ ആറു പഠന സ്കൂളുകളാണ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ആരംഭിക്കുന്നത്. പരമ്പരാഗത സർവകലാശാലകളുടെ സുദൃഢമായ ചട്ടക്കൂടുകൾക്ക് പുറത്തുള്ള വിശാലമായ വിജ്ഞാന സാഗരത്തിലേക്ക് ഈ സർവകലാശാല വാതിലുകൾ തുറന്നിടുമെന്നുറപ്പാണ്.