pk-syamala-sajan

കണ്ണൂർ: ആന്തൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്‌ത കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നു. കേസിൽ ആർക്കെതിരെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്ക് പൊലീസ് ക്ലീൻ ചിറ്റ് നൽകി. കൺവെൻഷൻ സെന്ററിന് അനുമതി വൈകിയത് നിർമ്മാണത്തിലെ അപാകത കൊണ്ടാണ്. നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.

പതിനഞ്ച് കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവർത്തനാനുമതി നൽകാത്തതിൽ മനം നൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിൽ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയിൽ ജോലി ചെയ്ത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂർ ബക്കളത്ത് സാജൻ കൺവെൻഷൻ സെന്റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതൽ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങൾ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ പോലും നഗരസഭാ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ഇതിൽ മനം നൊന്താണാണ് പ്രവാസി ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് അടുത്ത ദിവസം റിപ്പോർട്ട് നൽകും. അനുമതി വൈകിപ്പിക്കാൻ താൻ ഒരു ഇടപെടലും നടത്തിയിരുന്നുല്ലെന്നാണ് പി.കെ ശ്യാമളയുടെ വാദം. സി.പി.എമ്മിന് പേരുദോഷം ഉണ്ടാകുന്ന തരത്തിലായിരുന്നു അന്നത്തെ വിവാദം. ചെയ്യാത്ത തെറ്റിന് തന്നെയും പാർട്ടിയെയും ആക്രമിക്കാനുള്ള ശ്രമവും ഉണ്ടായി. നിലവിൽ സാജന്റെ കുടുംബവുമായി പ്രശ്നങ്ങളില്ലെന്നും ശ്യാമള മാദ്ധ്യമങ്ങളോട് പറഞ്ഞു.