
നിലയ്ക്കാത്ത  മധുരരാഗമാണ്  എസ്.പി. ബാലസുബ്രഹ്മണ്യം. ലോകമെങ്ങുമുള്ള  ആരാധകർ  സ്വപ്നം കണ്ടതും  പ്രണയിച്ചതും ഹൃദയമലിയിക്കുന്ന  ആ  പാട്ടിന്റെ മാന്ത്രികതയെയാണ്. നിറയെ കുസൃതികളുള്ള, പരിചയപ്പെടുന്നവരിൽ എല്ലാം സ്നേഹത്തിന്റെ നറുനിലാവ് പൊഴിക്കുന്ന പ്രിയഗായകനെകുറിച്ചുള്ള മധുരമുള്ള ഓർമ്മകൾ...
എസ്. ജാനകി പാടാനായി റെക്കോഡിംഗ് സ്റ്റുഡിയോവിൽ എത്തുമ്പോൾ കൈയിലൊരു ചെറിയൊരു ബുക്കും ഒരു തൂവാലയും ഉണ്ടാകും. പാട്ട് എഴുതി വയ്ക്കാനാണ് ബുക്ക്. തൂവാല വെറുതെ കൈയിൽ പിടിച്ചിരിക്കും. അതിലൊരു കൗതുകം തോന്നിയിട്ട് ഒരിക്കൽ എസ്.ബി. ബാലസുബ്രഹ്മണ്യം റെക്കോഡിംഗ് സമയത്ത് ആ തൂവാല തട്ടിയെടുത്തു. ജാനകിക്ക് ദേഷ്യം വന്നു. അപ്പുറത്തെ മുറിയിൽ സംഗീത സംവിധായകൻ ഇളയരാജയോട് തൂവാലക്കാര്യം പറയാതെ ജാനകി പരാതിപ്പെട്ടതിങ്ങനെ.
''ഇന്ത സുപ്പമണ്യൻ (അങ്ങനെയാണ് ചിലപ്പോൾ ജാനകി എസ്.പി.ബിയെ വിളിക്കാറ്) റൊമ്പ റൊമ്പ കിണ്ടൽ പൺറാർ. നാന് നല്ലാ പാട്രത് അവനുക്ക് പിടിക്കലയേ... അതിനാല് താ ഇതെല്ലാം പൺറത്"" എന്തു ചെയ്തുവെന്ന് ഇളയരാജ ചോദിക്കും. കൈയിലിരുന്ന തൂവാല എടുത്തതാണ് പ്രശ്നമെന്ന് എങ്ങനെ പറയും? പാടാൻ സമ്മതിക്കുന്നില്ല എന്നു ജാനകി പറയും. ഉടനെ ഇളയരാജയുടെ ശാസന എത്തും: ''ടേയ് ബാലു...എന്നാടാ റെക്കാഡിംഗ് മുടിയെട്ടെടാ..."" ഉടനെ എസ്.ബി.പിയുടെ മറുപടി ''നാൻ ഒന്നുമേ ശെയ്യലടാ ഇന്ത അമ്മ എതുക്ക് ശൊൽറാന്നെ തെരിയില്ലേ..."" രാജ ചെറുതായൊന്നു ചൂടാകും. എസ്.ജാനകിയെ ആശ്വസിപ്പിക്കും ഇത്തവണത്തേക്ക് ക്ഷമിക്കണം എന്നു പറയും.

പിന്നീട്  ഇത് ആവർത്തിക്കുമ്പോൾ കൈയിൽ കിട്ടിയത് എടുത്ത് അടിക്കാനായി ജാനകി ഓങ്ങും. എസ്.പി.ബി റെക്കാഡിംഗ് റൂമിലൂടെ ഓടും. ഒരുനാൾ ജാനകിക്ക് വല്ലാതെ കോപം വന്നു. ''നാൻ പാടലേ"" (ഞാൻ പാടുന്നില്ല) എന്നു പറഞ്ഞ് പുറത്തേക്കു പോയി കാറിൽ കയറിയിരുന്നു. കളി കാര്യമായോ എന്ന് ഇളയരാജ പേടിച്ചു '' എന്നടാ ഇത് റെക്കാഡിംഗിന് വന്ത് ചിന്നപ്പയ്യൻ മാതിരി പെരിയവങ്കളോടെ...പോയി കൂപ്പിട്ട് വാ അമ്മാവെ...""  ബാല പുറത്തേക്കിറങ്ങി. ജാനകി കാറിലിരിക്കുന്നു. ജാനകി ഇരിക്കുന്ന വശത്ത് എത്തി. എസ്.ബി.പിയെ കണ്ടതും ജാനകി തലവെട്ടിച്ച് അപ്പുറത്തെ വശത്തിരുന്നു. അപ്പോൾ എസ്.പി.ബി കറങ്ങി കാറിന്റെ അപ്പുറത്തെത്തി. എന്നിട്ടും പിണക്കം മാറുന്നില്ല. ഒടുവിൽ കാറിലെ വിൻഡോ ഗ്ലാസ് തട്ടിയിട്ട് പോക്കറ്റിൽ നിന്നും ഒരു പേപ്പറെടുത്തു നീട്ടി ''ആട്ടോഗ്രാഫ് തരീങ്കളാ..."" ജാനകി ചിരിച്ചുപോയി. ''നീ ഇന്ത മാതിരിയെല്ലാം പണ്ണീനാ ഞാൻ പാട്ട് പാട വര മാട്ടേ...""എന്ന മുന്നറിപ്പോടെ വീണ്ടും സ്റ്റുഡിയോക്കുള്ളിലേക്ക്.ചിരിക്കും, ചിരിപ്പിക്കും. ആർക്കും ദ്റോഹം വരുത്താതെ എല്ലാവരും സന്തോഷിക്കണം. അതായിരുന്നു എസ്.പി.ബി  എന്ന എസ്.പി.ബാലസുബ്രഹ്മണ്യം. സംഗീതത്തിലെ ഏഴു സ്വരങ്ങൾ എസ്.പി.ബി എന്ന മൂന്നക്ഷരങ്ങളിലേക്ക് കുടിയിരിക്കുകയായിരുന്നു. അതുകൊണ്ടായിരിക്കണം ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത അദ്ദേഹത്തിന്റെ പാട്ടുകൾ ഇത്രമേൽ ഒഴുകി പരന്നത്. പിന്നണി ഗായകനാകുന്നതിന് മുമ്പ് എസ്.പി.ബാലസുബ്രഹ്മണ്യം നെല്ലൂരിൽ നടന്ന ഒരു പാട്ടു മത്സരത്തിൽ വിജയിച്ചു. അന്നേ പ്രശസ്ത ഗായികയായിരുന്ന എസ്.ജാനകിയാണ് സമ്മാനം നൽകാനെത്തിയത്.'എടാ ചെറുക്കാ നീ വലിയ ആളാകും" എന്ന് എസ്.ജാനകി എസ്.പി.ബിയോടു പറഞ്ഞു. എല്ലാ വേദിയിലും എസ്.പി.ബി ജാനകിയെ പറ്റി പറയും. ''ഞങ്ങൾ മത്സരിച്ച് പാടി. എന്റെ സംഗീതത്തിൽ അവനും അവന്റെ സംഗീതത്തിൽ ഞാനും പാടി. ഞാൻ അവനായി ഒന്നും ചെയ്തില്ല. അവന്റെ കഴിവ് കൊണ്ട് ഇവിടെവരെയെത്തി. അവസാനമായി അവൻ പാടിയതും ഞങ്ങൾ ഒരുമിച്ചുള്ള പരിപാടിയിലായിരുന്നു. രോഗം മാറും തിരികെ വരും എന്ന് കരുതി. പക്ഷേ അവൻ പോയി...""- ജാനകി അമ്മ പറഞ്ഞു.

ഗുരുവായൂരപ്പാ... ഗുരുവായൂരപ്പാ....
30 വർഷം മുമ്പ്, ചെന്നൈയിലെ സുജാത സ്റ്റുഡുയോയിൽ ഒരു തെലുങ്ക് പാട്ടിന്റെ റെക്കോഡിംഗ് നടക്കുന്നു. അന്ന് തുടക്കക്കാരിയാണ് കെ.എസ്.ചിത്ര. സംഗീത സംവിധായകൻ ട്യൂൺ കേൾപ്പിച്ചു. ഇനി പാടിയാൽ മതി. ചിത്രയ്ക്ക് അന്ന് തെലുങ്ക് വായിക്കാനറിയില്ല. പാട്ടിലെ വരികൾ എസ്.പി.ബി ചിത്രയ്ക്കു പറഞ്ഞു കൊടുത്തു. ചിത്ര അത് എഴുതിവച്ചു റെക്കോഡിംഗ് ആരംഭിച്ചു. ചിത്ര പല്ലവി പാടി. എല്ലാവരും ചിരിച്ചു. എസ്.പി.ബി മാത്രം ചിരിക്കാതെ പിടിച്ചു നിന്നു. ആ ട്യൂണിനൊപ്പിച്ച പാരഡിയായിരുന്നു എസ്.പി.ബി എഴുതികൊടുത്തത്. അതാകട്ടെ സംവിധായകനെ കളിയാക്കുന്നതും.
ചിരികേട്ട് വന്ന സംവിധായകന്റെ കമന്റ്  ''ചിത്രാ, തെലുങ്കിൽ പാട്ട് എഴുതി നമ്മളെ ആക്ഷേപിക്കുന്ന രീതിയിൽ വളർന്നോ?"" എന്നു ചോദിച്ചു. ചിത്രയ്ക്ക് കരച്ചിൽ വന്നു. ''ഞാൻ ഒന്നും ചെയ്തില്ല, ഇവർ പറഞ്ഞു തന്നത് എഴുതി പാടിയതാണ്"" പിന്നീട് തെലുങ്ക് ചിത്ര പഠിച്ചു.
കെ.എസ്.ചിത്രയ്ക്കൊപ്പമാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ എസ്.പി.ബി പാടിയിട്ടുള്ളത്. അതിൽ കൂടുതലും തെലുങ്ക് ചിത്രങ്ങളിലായിരുന്നു. പുതുപുതുഅർത്ഥങ്ങൾ എന്ന സിനിയിൽ ''ഗുരുവായൂരപ്പാ.. ഗുരുവായൂരപ്പാ നാൻ കൊണ്ടകാതലുക്ക് നീ താനെ സാക്ഷി..."" എന്ന ഗാനം പാടുന്നതിനു മുമ്പ് ചിത്രയോടു എസ്.പി.ബി ചോദിച്ചു. ''ഗുരുവായൂരപ്പനെ അറിയാമോ?"" അറിയാം എന്നു പറയുക മാത്രമല്ല കൃഷ്ണഭക്തയായ ചിത്ര വിശദവിവരണവും നൽകി.

മനസിലെ പാട്ട്
താനേ ഇരുക്കിറത്
കാന്തത്തിലേക്കെന്നപോലെ ആകർഷിക്കുന്ന ആ സ്വരത്തിനൊപ്പം ഗുരുത്വവും അലിഞ്ഞു ചേർന്നപ്പോഴാണ് ഇന്ത്യൻ സംഗീത്തിലെ ഇതിഹാസമായി എസ്.പി.ബി മാറിയത്. തെലുങ്ക് സിനിമയിലൂടെകോദണ്ഡപാണിയെന്ന സംഗീത സംവിധായകനാണ് എസ്.പി.ബിക്കു മുന്നിൽ സിനിമയുടെ സ്വപ്നവാതിൽ തുറന്നത്. പിന്നീട് എസ്.പി.ബി ചെന്നൈയിൽ ഒരു സ്റ്റുഡിയോ നിർമിച്ചപ്പോൾ അതിനു നൽകിയത് ഗുരുവിന്റെ പേരാണ്, കോദണ്ഡപാണി സ്റ്റുഡിയോ. എൻജിനീയറിംഗ് പഠനവുമായി ചെന്നൈയിൽ ചുറ്റിത്തിരിയുന്ന കാലത്ത്കോടമ്പാക്കത്തെ സ്റ്റുഡിയോകളിലൊന്നിൽ എം.കെ.അൻജുനൻ പാട്ടിനു സംഗീതം നൽകുന്നതു കൊതിയോടെനോക്കി നിന്ന കഥ പറഞ്ഞിട്ടുണ്ട്  ഒരിക്കൽ എസ്.പി.ബി. പിന്നീട് അർജുനൻ മാഷെ കൊച്ചിയിൽ ആദരിച്ചപ്പോൾ അതിഥിയായെത്തിയ അദ്ദേഹം അർജുനൻ മാഷിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തശേഷമാണ്  പാട്ടിലേക്കു കടന്നത്. യേശുദാസാണ്  മാനസഗുരുവെന്ന്  പലവേദികളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചെന്നൈയിലെ വീട്ടിൽ യേശുദാസിനെ ആശ്ലേഷിക്കുന്ന ചിത്രം വയ്ക്കുന്നതിനു മുൻപേ ഹൃദയത്തിൽ ഗാനഗന്ധർവനെ അദ്ദേഹം ഗുരുവായി പ്രതിഷ്ഠിച്ചിരുന്നു. തന്റെ സംഗീത യാത്രയുടെ 50ാം വാർഷികത്തിന്റെ ഭാഗമായി ലോക പര്യടനത്തിനു പുറപ്പെട്ടത് യേശുദാസിനും ഭാര്യ പ്രഭയ്ക്കും പാദപൂജ ചെയ്ത ശേഷമായിരുന്നു.
''ബാലു എത്രമേൽ തന്നെ സ്നേഹിച്ചിരുന്നു എന്നതു പറഞ്ഞറിയിക്കാനാകില്ല. 'അണ്ണാ" എന്ന ആ വിളിയിൽ എല്ലാമുണ്ട്. ഒരമ്മയുടെ വയറ്റിൽ പിറന്നിട്ടില്ലെന്നേയുള്ളൂ. മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നു. അരനൂറ്റാണ്ടിലേറെയായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. ഇക്കാലമത്രയും പരസ്പരമുള്ള ആ സ്നേഹവും കരുതലും ആദരവും കൂടിക്കൂടി വന്നിട്ടേയുളളൂ""- യേശുദാസ് തന്റെ പ്രിയപ്പെട്ട എസ്.പി.ബിയെ പറ്റി വേദനയോടെ  പറയുന്നു. ''സംഗീതം ശാസ്ത്രീയമായി അഭ്യസിക്കണമെന്ന് ഇടയ്ക്കിടെ ഞാൻ ബാലുവിനോട് പറഞ്ഞിരുന്നു. ബാലു ഒരു കച്ചേരി അവതരിപ്പിച്ചു കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ പരിപാടിക്ക് ഞാൻ കച്ചേരി അവതരിപ്പിച്ച വേദിയിലും ഈ ആഗ്രഹം ഞാൻ പറഞ്ഞു. ബാലു ചിരിയുമായി തൊഴുതു നിന്നതേയുള്ളൂ.""- യേശുദാസ് ഓർക്കുന്നു.

ഇളയനിലാ പൊഴികിറതേ...
മുഹമ്മദ് റഫിയാണ് എസ്.പി.ബിയുടെ ഇഷ്ട ഗായകൻ. നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമൊക്കെയായി നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ  കരിയറിനു പക്ഷേ, സാമ്യം കിഷോർ കുമാറിനോടായിരുന്നു. തമിഴ്നാട് അതിർത്തിയോട്ചേർന്ന്, ആന്ധ്രാപ്രദേശിൽ ജനിച്ച ബാലസുബ്രഹ്മണ്യം ഈ രണ്ടു ഭാഷകളിൽ മാത്രമല്ല, കന്നഡത്തിലും മലയാളത്തിലുമൊക്കെ പാട്ടിന്റെ പാലാഴി തീർത്തു. ആഗ്രഹിച്ചപ്പോഴൊക്കെ വിന്ധ്യനുമപ്പുറത്തേക്കു കടന്നു ചെന്നുബോളിവുഡ് കീഴടക്കി. ഏക് ദുജെ കേലിയേ, ഹം ആപ് കെ ഹേം കോൻ, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റാകുന്നത് എസ്.പി.ബിയുടെ പാട്ടുകൾ കൂടിയുള്ളതുകൊണ്ടാണ്. നടനെന്ന നിലയിൽ കൂടി കഴിവു തെളിയിച്ച എസ്.പി.ബി സിനിമയിൽ നായകർക്കായി പാടുമ്പോൾ ശബ്ദവും നടനവും തമ്മിൽ വല്ലാത്തൊരു പൊരുത്തം ആസ്വാദകർ അനുഭവിച്ചു. പാടുന്നതു എസ്.പി.ബിയായിരിക്കണമെന്നു ചില നായക നടന്മാർ കരാറിൽ ഉൾപ്പെടുത്തുന്നിടത്തുവരെ കാര്യങ്ങളെത്തി. നടനായതു ഇക്കാര്യത്തിൽ ഏറെ സഹായിച്ചതായി എസ്.പി.ബി തന്നെ പിന്നീട് ഓർത്തിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന എസ്.പി.ബിയാണ്, കമൽ ഹാസനു തെലുങ്ക് ചിത്രങ്ങളിൽ ശബ്ദം നൽകിയിരുന്നത്. ആന്ധ്രപ്രദേശ് സർക്കാരിന്റെ ബഹുമതി കിട്ടിയത് 25 തവണയാണ്.

തുടിക്കിറതെ നെഞ്ചം...
രാഷ്ട്രീയത്തിലും പുതിയ സ്വപ്നങ്ങളുണ്ടായിരുന്ന എം.ജി.ആർ തനിക്കായി പുതുമയുള്ള സ്വരംതേടുന്ന കാലത്താണ് എസ്.പി.ബിയുടെ വരവ്. 'അടിമപ്പെൺ" എന്ന ചിത്രത്തിൽ എം.ജി.ആറിനായി ആയിരം നിലാവേ വാ എന്ന ഗാനവുമായി എസ്.പി.ബി തമിഴിൽ തുടങ്ങി. രോഗബാധിതനായി കിടന്നിട്ടും എസ്.പി.ബിയെകൊണ്ടു തന്നെ ആ ഗാനം പാടിക്കണമെന്ന തീരുമാനം എം.ജി.ആറിന്റേതായിരുന്നു. ടി.എം.സൗന്ദർരാജൻ തമിഴ് സിനിമ അടക്കി വാഴുന്ന കാലമായിരുന്നു അത്. അഭിനയത്തിന്റെ കാതലുമായി ജെമിനി ഗണേശൻ, ശബ്ദനടനഗാംഭീര്യവുമായി നടികർ തിലകം ശിവാജി ഗണേശൻ,  തമിഴ് ജനതയുടെ മനസിൽ ഏഴൈതോഴനായി നടന്നു കയറിയ എം.ജി.ആർ, ഇന്ദ്രജാലത്തിന്റെ ഞൊടിവേഗമുള്ള ചലനങ്ങളുമായി രജനീകാന്ത്, അഭിനയത്തിന്റെ ഉലകനായകനായ കമൽ ഹാസൻ, പ്രണയനായക സങ്കൽപ്പമായി മോഹൻ, അരവിന്ദ് സ്വാമി.പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ച് സ്ക്രീനിൽ ഋതുക്കൾ മാറി വന്നു. എന്നാൽ, എല്ലാ ഋതുവിലും തളിർക്കുന്ന പൂമരംപോലെ എസ്.പി.ബി എല്ലാ നായകനടന്മാരുടേയും സ്വരമായി മാറി. എം.എസ്.വിശ്വനാഥൻ മുതൽ അനിരുദ്ധ് വരെയുള്ളവരുടെ ഈണങ്ങൾക്ക് സ്വരഭംഗിചേർത്തു. പ്രണയത്തിലും വിരഹത്തിലും കാരുണ്യത്തിലും വാത്സല്യത്തിലും കുസൃതിയിലും സംഗീതപ്രേമികൾക്ക്  എസ്.പി.ബിയുടെ സ്വരംകേട്ടാൽ മതിയെന്നായി. ആ മൂന്നക്ഷരം എല്ലാവരുടെയും  വികാരമായിരുന്നു.