
മികച്ച ചിത്രത്തിനുള്ള അവാർഡ് അശ്രദ്ധയിലൂടെ നഷ്ടപ്പെട്ട രസകരമായ ഒരു അനുഭവക്കുറിപ്പ്....
മർത്യനുകൈപ്പിഴ ജന്മസിദ്ധം" എന്ന് കവിവാക്യം! ആ കൈപ്പിഴ കൊണ്ട് ഒരു സമ്മാനം നഷ്ടപ്പെട്ട ചിത്രത്തിന്റെ കാര്യമാണ് ഇത്. അന്ന് നെറ്റും ഇ-മെയിലുകളും നമുക്കിടയിൽ അത്ര പ്രചാരത്തിലായിരുന്നില്ല. എങ്കിലും സാഹിത്യ സൃഷ്ടികൾ എഴുതാനും ഫോട്ടോകൾ പോസ്റ്റുചെയ്യാനും ബ്ലോഗുകൾ എന്ന സോഷ്യൽ മീഡിയ സംവിധാനം രംഗത്തുവന്നിരുന്നു. ഞാനും ഇതിനായി പ്രത്യേകമായി രണ്ട് ബ്ലോഗ് അക്കൗണ്ടുകൾ ഉണ്ടാക്കി. നിരവധി സുഹൃത്തുക്കളെയും വായനക്കാരെയും അതിലൂടെ കിട്ടി. അങ്ങനെയിരിക്കെ 2010ൽ ഗൾഫ് നാടുകളിൽ ഉള്ള ഫോട്ടോ ബ്ലോഗ് ഒരു ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ഞാനും അതിൽ പങ്കെടുത്തു. ആളെ തിരിച്ചറിയുന്ന അടയാളങ്ങളോ വാട്ടർമാർക്കുകളോ അയക്കുന്ന ചിത്രത്തിൽ വരാൻ പാടില്ലെന്നും വിധി നിർണയത്തിന് മുമ്പ് നെറ്റിൽ പൊതുതുജനങ്ങൾക്കു വോട്ടുചെയ്യാനിടുമെന്നും അതിൽ കൂടുതൽ വോട്ടു കിട്ടുന്നതുകൂടി പരിഗണിച്ചായിരിക്കും വിധിനിർണയം നടത്തുന്നതെന്നും മറ്റുമായിരുന്നു അവരുടെ നിബന്ധനകൾ.
അതിനടുത്ത ദിവസം നാട്ടിൽനിന്നും ഒരു പ്രമുഖ ചാനൽ (ഏഷ്യാനെറ്റ്) സംഘം ഇവിടെ എത്തി. ഊട്ടിയിലെ ഫോട്ടോഗ്രാഫർമാരെക്കുറിച്ചുള്ള ഫീച്ചറിന് വേണ്ടി വന്നതാണ് അവർ. വേണ്ട ക്ലിപ്പിംഗുകൾ ഒന്നു രണ്ട് ദിവസം കൊണ്ട് അവർ എടുത്തു. കൂട്ടത്തിൽ അതിൽ ആരോപറഞ്ഞു ജില്ലയിലെ ഫോട്ടോഗ്രാഫർമാരുടെ പ്രസിഡന്റ് മലയാളിയാണെന്ന്. അങ്ങനെ മലയാളത്തിൽ കൂടുതൽ കര്യങ്ങൾ അറിയാനായി അവരെന്നെ സമീപിച്ചു. അവരതു റെക്കാർഡും ചെയ്തു. സംഭാഷണത്തിന് ശേഷം എന്റെ ചിത്രങ്ങൾ കണ്ട പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നെക്കുറിച്ചു ഒരു ന്യൂസ് സ്പെഷ്യൽ എടുക്കട്ടേ എന്നുചോദിച്ചു. ഞാൻ സമ്മതിച്ചു. അടുത്തദിവസം രാവിലെ അവർ എത്തി ഷൂട്ടിംഗ് നടത്തി. പോകുമ്പോൾ എന്റെ കുറെ നല്ല ചിത്രങ്ങൾ കൂടിവേണം എന്നുപറഞ്ഞു. അപ്പോൾ പ്രിന്റടിച്ചവ കൈവശം ഇല്ലാത്തതിനാൽ വിസിറ്റിംഗ് കാർഡ് കൊടുത്തിട്ടു. എന്റെ പേഴ്സണൽ വെബ്സൈറ്റിൽ നിന്നും ആവശ്യമുള്ളത് എടുത്തുകൊള്ളാൻ പറഞ്ഞുവിട്ടു. പോയതിന്റെ നാലാം ദിവസം വിളിച്ചു. ഉച്ചക്കുള്ള വാർത്തയുടെ ഇടയ്ക്ക് ന്യൂസ് സ്പെഷ്യൽ കാണാമെന്നും ആറു പ്രവശ്യം ഇത് കാണിക്കുമെന്നും അറിയിച്ചു. അത് ഞാൻ കണ്ടു. പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ ഞാൻ മത്സരത്തിനയച്ച പടവും അവർ അതിൽ കാണിക്കുകയുണ്ടായി. മത്സരക്കാർ പടം വോട്ടിനിട്ട നിശ്ചിതസമയം കഴിയുന്നതിന്റെ തൊട്ടുമുമ്പത്തെ മുമ്പത്തെദിവസം രാവിലെ എനിക്ക് ഒരു മെയിൽ വന്നു. താങ്കളുടെ അഭിമുഖമോ ഫീച്ചറോ അടുത്തദിവസങ്ങളിൽ ഏതെങ്കിലും ടി.വി. ചാനലുകളിൽ വന്നിരുന്നോ എന്നാണു അവർ ചോദിച്ചത്. ന്യൂസ് സ്പെഷ്യൽ വിവരം ഞാൻ പറഞ്ഞു. അടുത്തദിവസം ഒരു ഫോൺ വന്നു. താങ്കൾ മത്സരത്തിനയച്ച പടം ടി വി യിൽ കണ്ടതായി ഏതോ വിദേശത്തെ മത്സരാർഥികൾ പരാതിപ്പെട്ടെന്നും താങ്കളുടെ ഐഡന്റിറ്റി വെളിവായെന്നും അതിനാൽ മത്സരത്തിൽ അയോഗ്യത കല്പിക്കയാണെന്നും അറിയിച്ചു! 
ദിവസങ്ങൾക്കു ശേഷം മത്സരഫലം അറിയിച്ചുകൊണ്ട് അവരുടെ ഫോൺ വീണ്ടും വന്നു. 'മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് താങ്കളുടെ ചിത്രമാണ്. പുറത്താകേണ്ടി വന്നതിൽ ഖേദമുണ്ട് . സാരമില്ല, താങ്കളുടെ കഴിവ് അംഗീകരിച്ച് ഒരു സ്പെഷ്യൽ ജൂറി അവാർഡ് തരാൻ തീരുമാനിച്ചിരിക്കുന്നു അത് വാങ്ങണം" എന്ന്. അത് ശരിയായ കീഴ്വഴക്കമല്ലെന്നും ആദ്യ റൗണ്ടിൽ തന്നെ നിയപരമായി പുറത്തായ ചിത്രത്തിന് അത്തരം ഒരു അവാർഡ് കൊടുക്കുന്നത് ശരിയല്ലെന്നും ഞാൻ അവരോടു പറഞ്ഞു! ഒടുവിൽ ഈ ചിത്രം മത്സരത്തിന്റെ സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന് അവർ  പറഞ്ഞു. ഞാൻ സമ്മതിക്കുകയും സംഭവിച്ച കാര്യം ഉൾപ്പെടെ ചേർത്ത് അവർ സൈറ്റിൽ ഇടുകയും ചെയ്തു. അവാർഡ് കിട്ടിയ കാര്യം ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കിട്ടാതെ വന്നതും കൂടി പറയണമല്ലോ! ഇതാണ് ആ ചിത്രം!