eastfort

തിരുവനന്തപുരം: കാൽനടയാത്രക്കാരുടെ പേടിസ്വപ്‌നമായ കിഴക്കേകോട്ടയിൽ അവർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി നിർമ്മിക്കുന്ന സബ് വേ ഭിന്നശേഷി സൗഹൃദമായിരിക്കും. പദ്ധതിക്കായുള്ള ടെണ്ടർ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ക്ഷണിച്ചു കഴിഞ്ഞു. ഈ മാസം 9 വരെ ടെണ്ടറുകൾ സമർപ്പിക്കാം. അതിനുശേഷമാകും തുടർന‌ടപടികൾ. ടെണ്ടറിൽ പങ്കെടുക്കുന്ന കമ്പനികളുടെ പരിചയവും മാനദണ്ഡമായിരിക്കും.

 പ്രതീക്ഷിത ചെലവ് 29 കോടി

സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ്‌‌വേ നിർമ്മിക്കുന്നത്. 29 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സബ്‌വേയുടെ രൂപരേഖ സ്‌മാർട്ടി സിറ്റി ലിമിറ്റഡ് തയ്യാറാക്കിയിട്ടുണ്ട്. വാട്ടർ അതോറിട്ടി,​ പൊതുമരാമത്ത്, കെ.എസ്.ഇ.ബി തുടങ്ങി വിവിധ വകുപ്പുകളും അനുമതി നൽകിയാലേ നിർമ്മാണം തുടങ്ങാനാകൂ. വാട്ടർ അതോറിട്ടിയുടെ പൈപ്പുകളും കെ.എസ്.ഇ.ബിയുടെ പോസ്‌റ്റുകളും മറ്രും മാറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് കൂടി കണക്കിലെടുത്താണ് 29 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നിർമ്മാണം പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചായിരിക്കും. സബ്‌വേയ്ക്കൊപ്പം ഗാന്ധിപാർക്കിലെ റോഡിനെ സ്‌മാർട്ട് റോഡ് ആക്കി മാറ്റും.

 ഭിന്നശേഷി സൗഹൃദം

ഭിന്നശേഷിയുള്ളവർക്ക് സ‌ഞ്ചരിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാകും സബ്‌വേ. ഇവർക്ക് വീൽചെയറിൽ സഞ്ചരിക്കുന്നതിനായുള്ള വഴികളും ലിഫ്റ്റുകളും സബ്‌വേയിൽ ഉണ്ടാകും. കയറ്റങ്ങളോ ഇറക്കങ്ങളോ ഇല്ലാതെ പൂർണമായും നിരപ്പായ പ്രതലമായിരിക്കും ഇവർക്കായി ഒരുക്കുക.


പ്രവേശനം അഞ്ചിടങ്ങളിൽ കൂടി
പദ്മനാഭസ്വാമി ക്ഷേത്രത്തിന് അഭിമുഖമായുള്ള കോട്ടയുടെ മുന്നിൽ നിന്നുതുടങ്ങി ഗാന്ധിപാർക്കിനടിയിലൂടെ ചാല കമ്പോളത്തിലേക്കാണ് സബ്‌വേ നിർമ്മിക്കുക. റോഡ് നിരപ്പിൽ നിന്ന് 1.2 മീറ്റർ താഴ്ചയിലാകും സബ്‌വേ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ്, ഗാന്ധിപാർക്ക്,​ അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, ചാല മാർക്കറ്റിനു സമീപം, സിറ്റി ബസ് ഡിപ്പോയ്ക്ക് സമീപം എന്നിവിടങ്ങളിലൂടെയാണ് നിർദ്ദിഷ്ട സബ്‌വേയുടെ പ്രവേശനകവാടങ്ങൾ. ഗാന്ധിപാർക്ക്, സെൻട്രൽ സ്കൂളിന് മുൻവശം എന്നിവിടങ്ങളിൽ 10 പേർക്ക് കയറാവുന്ന ലിഫ്റ്റുണ്ടാകും. കൂടാതെ ഗോവണിയും നിർമ്മിക്കും. സബ് വേയ്ക്ക് ഇരുവശത്തുമായി കച്ചവടത്തിനുള്ള സൗകര്യം വേണമെന്ന ആവശ്യവും നഗരസഭ മുന്നോട്ട് വച്ചിട്ടുണ്ട്.