
ടോക്കിയോ: കല്യാണം കഴിച്ചാൽ നാലു ലക്ഷം രൂപ തരുന്ന നാടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നും. നാട്ടിലെ യുവജനങ്ങൾ കല്യാണം കഴിക്കണം എന്ന അഭ്യർത്ഥനയുമായി ഇറങ്ങിയിരിക്കുകയാണ് ഒരു സർക്കാർ. ഇതിന്റെ ഭാഗമായി നവദമ്പതികൾക്ക് സാമ്പത്തിക പിന്തുണയും ഉറപ്പു നൽകുന്നുണ്ട്. ജപ്പാൻ സർക്കാരാണ് രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് മറികടക്കാൻ നവദമ്പതികൾക്കായി സാമ്പത്തികനയമാണ് അവതരിപ്പിച്ചിട്ടുള്ളത്. നവദമ്പതികൾക്ക് 6,00,000 യെൻ (ഏകദേശം 4.2 ലക്ഷം രൂപ) ആണ് ജപ്പാൻ സർക്കാർ നൽകുന്നത്. മുനിസിപ്പാലിറ്റി പരിധിയിൽ ജീവിക്കാൻ തീരുമാനിക്കുന്ന നവദമ്പതികൾക്ക് സർക്കാർ പൂർണ പിന്തുണയും ഉറപ്പാക്കും. ജപ്പാൻ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
സർക്കാരിന്റെ പണം ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വിവാഹിതരാകുന്നവർ 40 വയസിന് താഴെയുള്ളവർ ആയിരിക്കണം. മാത്രമല്ല, ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക് താഴെയായിരിക്കണം. എന്നാൽ, 35 വയസിൽ താഴെയുള്ളവർക്ക് ചില ഇളവുകളുണ്ട്. അവരുടെ വരുമാനം 33 ലക്ഷത്തിലും താഴെയാണെങ്കിൽ വിവാഹത്തിന് 2.1 ലക്ഷം രൂപയായിരിക്കും നൽകുക. വാടക, നിക്ഷേപം, ഇളവുകൾ, സ്ഥലം മാറുന്ന ചെലവുകൾ എന്നിവയുൾപ്പെടെ വിവിധ ജീവിത ചെലവുകളാണ് പോളിസി തുകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവാഹത്തിനുള്ള തുക കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം ജപ്പാനിലെ ആളുകൾ വൈകി വിവാഹം കഴിക്കുകയോ അല്ലെങ്കിൽ അവിവാഹിതരായി തുടരുകയോ ആണ് ചെയ്യുന്നത്. ഇൗ പതിവിനൊരു മാറ്റം വരുത്തുന്നതിനാണ് നവദമ്പതികൾക്ക് സാമ്പത്തികസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോപ്പുലേഷൻ ആന്റ് സോഷ്യൽ സെക്യൂരിറ്റി റിസർച്ച് 2015ൽ നടത്തിയ സർവ്വേ പ്രകാരം 25 വയസിനും 34 വയസിനും ഇടയിൽ പ്രായമുള്ളവരിൽ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം അവിവാഹിതരായി തുടരുകയാണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ ജനനനിരക്കിൽ റെക്കാഡ് കുറവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്. വൈകിയുള്ള വിവാഹവും, ചിലർ അവിവാഹിതരായി തുടരുന്നതുമാണ് കുറഞ്ഞ ജനനനിരക്കിനുള്ള കാരണം. ഏതായാലും സർക്കാരിന്റെ പുതിയ നടപടിയിലൂടെ ജനസംഖ്യയിൽ കാര്യമായ വർദ്ധവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്