madras-high-court

ചെന്നൈ: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. രാജ്യത്ത് ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. നിര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് ദിവസവും കേള്‍ക്കുന്നത്.

ആദ്ധ്യാത്മിക രാഷ്ട്രമായിരുന്നിടം പീഡനക്കളമായി മാറിയെന്ന് കോടതി വിമര്‍ശിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും അതീവ നിരാശാജനകമായ സാഹചര്യമാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍ കിരുമ്പാകരന്‍ അഭിപ്രായപ്പെട്ടു.

ഹത്‌റാസ് സംഭവത്തില്‍ പ്രതിഷേധം ഉയരുമ്പോളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം യുപിയില്‍ തുടരുന്നു. ബുലന്ദ്‌ഷെഹറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി, പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. അസം ഗഡില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്തു. ജിയാന്‍ പൂരില്‍ ആണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമാണ്. അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാഗ്പത്തില്‍ പീഡനത്തിനിരയായ 17 കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബാല്‍റാംപൂരില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.