
ന്യൂഡൽഹി: ഹത്രാസിലെ പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയത് നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . സുഷുമ്നാ നാഡിയിലെ ക്ഷതം വഴിയുണ്ടായ അണുബാധയാണ് മരണകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴുത്തിലെ എല്ലുകൾക്കും കാര്യമായ പൊട്ടലുണ്ട്. കഴുത്ത് ഞെരിക്കുന്നതിനിടെയാകാം ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. കഴുത്തിന് ചുറ്റും പാടുകളുമുണ്ട്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്തും പരിക്കുണ്ട്. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം നടത്തിയത്.
കഴിഞ്ഞദിവസമാണ് പെൺകുട്ടി മരിച്ചത്.അന്ത്യകർമ്മങ്ങൾ പോലും ചെയ്യാൻ അനുവദിക്കാതെ പൊലീസ് ബലംപ്രയോഗിച്ച് സംസ്കാരം നടത്തുകയായിരുന്നു എന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ പാഴ്‌വസ്തുക്കൾക്കൊപ്പമാണ് മൃതദേഹം കത്തിച്ചതെന്നും ആരോപണമുണ്ട്. ഇയർന്ന ജാതിയിൽപ്പെട്ട പ്രതികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാൻ മടികാണിച്ചത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യാഥ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിഷനെ നിയോഗിച്ചത്. ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.