
ന്യൂയോർക്ക് : കൊവിഡ് രോഗ നിർണയത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കാൻ വെറും 15 മിനിറ്റ് കൊണ്ട് ഫലം തരുന്ന ആന്റിജൻ പരിശോധന. അമേരിക്കൻ മൾട്ടി നാഷണൽ ടെക്നോളജി കമ്പനിയായ ബെക്ടൻ - ഡിക്കിൻസൺ ആൻഡ് കമ്പനി വികസിപ്പിച്ചെടുത്ത ഈ നൂതന കൊവിഡ് 19 ആന്റിജൻ പരിശോധനാ സംവിധാനം യൂറോപിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നേടിയിരിക്കുകയാണ്.
ബെക്ടൻ - ഡിക്കിൻസൺ ടെസ്റ്റ് വഴി കൊവിഡിന് കാരണക്കാരായ SARS - CoV - 2 വൈറസിന്റെ ആന്റിജൻ വേഗത്തിൽ കണ്ടെത്താൻ സാധിക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വളരെ വേഗത്തിൽ ഫലം ലഭ്യമാകുന്ന വളരെ കുറച്ച് പരിശോധനാ സംവിധാനങ്ങളിൽ ഒന്നാണ് ബെക്ടൻ - ഡിക്കിൻസൺ കൊവിഡ് ടെസ്റ്റ്.
കൊണ്ടുനടക്കാൻ കഴിയുന്ന ഉപകരണത്തിന്റെ സഹായത്തോടെ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനാൽ ലാബിന്റെ ആവശ്യകതയില്ല. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നൽകിയ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി പ്രകാരം ജൂലായ് മുതൽ തന്നെ ബെക്ടൻ - ഡിക്കിൻസൺ കൊവിഡ് ടെസ്റ്റ് അമേരിക്കയിൽ ലഭ്യമാണ്.
ഒക്ടോബർ അവസാനത്തോടെ യൂറോപ്യൻ മാർക്കറ്റുകളിൽ പരിശോധനാ കിറ്റുകളുടെ വില്പന ആരംഭിക്കാനാണ് ബെക്ടൻ - ഡിക്കിൻസൺ കമ്പനിയുടെ പദ്ധതി. 15 മിനിറ്റിനുള്ളിൽ ഫലം ലഭ്യമാകുമെന്നതിനാൽ ആശുപത്രികളിലും മറ്റ് കൊവിഡ് സന്നദ്ധപ്രവർത്തകർക്കുമിടെയിൽ റാപ്പിഡ് ടെസ്റ്റ് നടത്താൻ ബെക്ടൻ - ഡിക്കിൻസൺ കിറ്റ് വളരെ ഉപയോഗപ്രദമാണ്.
ബെക്ടൻ - ഡിക്കിൻസൺ കൊവിഡ് ടെസ്റ്റ് യൂറോപ്പിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പുത്തൻ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. കൊവിഡിന്റെ രണ്ടാം തരംഗ ഭീഷണിയിലാണ് ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ. അതിനാൽ തന്നെ പരിശോധനകൾ ഉയർത്തേണ്ടത് അനിവാര്യമാണ്. ചൈനയ്ക്ക് ശേഷം കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ചത് സ്പെയിൻ, ഇറ്റലി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലാണ്.
പി.സി.ആർ ടെസ്റ്റുകളെ അപേക്ഷിച്ച് ആന്റിജൻ പരിശോധനകൾ വളരെ വേഗത്തിൽ ഫലം നൽകുമെങ്കിലും പലപ്പോഴും കൃത്യമായ ഫലം നൽകണമെന്നില്ല. എന്നാൽ ബെക്ടൻ - ഡിക്കിൻസൺ ആന്റിജൻ ടെസ്റ്റാകട്ടെ 93.5 ശതമാനം വേഗതയും 99.3 ശതമാനം വ്യക്തതയുമുള്ളതാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഈ മാസം മുതൽ പ്രതിമാസം 80 ലക്ഷം ആന്റിജൻ ടെസ്റ്റ് കിറ്റുകളും 2021 മാർച്ച് മുതൽ പ്രതിമാസം 120 ലക്ഷം കിറ്റുകളും ഉത്പാദിപ്പിക്കാനാണ് ബെക്ടൻ - ഡിക്കിൻസൺ കമ്പനി ലക്ഷ്യമിടുന്നത്.