
ലക്‌നൗ: ഹത്രാസിലെ ബലാല്‍സംഗത്തിനിരയായ 19 കാരിയെ യുപി പൊലീസ് സംസ്‌കരിച്ച രീതിയെക്കുറിച്ച് പ്രതിക്ഷേധങ്ങൾ ഉയരുന്നതിനിടയിൽ പൊലീസ് അന്വേഷണത്തില്‍ സംതൃപ്തനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ഉറപ്പില്‍ തൃപ്തനാണെന്ന് പിതാവ് പ്രസ്താവന നടത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഉത്തര്‍പ്രദേശ് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും ധര്‍ണയിലോ പ്രതിഷേധത്തിലോ ആരും ഇരിക്കേണ്ട ആവശ്യമില്ലെന്നും ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഹത്രാസ് സന്ദര്‍ശനത്തിന് മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രസ്താവന നടത്തിയത്. സംഭവത്തിൽ ബി ജെ പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ആദിത്യനാഥിന്റെ രാജി വയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുവെന്നും കുടുംബത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും മകള്‍ക്ക് നീതി ലഭിക്കണമെന്നും അറിയിച്ചതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഫോണ്‍ സംഭാഷണത്തില്‍ മുഖ്യമന്ത്രി ആദിത്യനാഥ് നല്‍കിയ ഉറപ്പില്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും 'ഈ ദുഷ്‌കരമായ സമയങ്ങളില്‍ പിന്തുണ നൽകിയ എല്ലാവരോടും'' നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുടുംബത്തെ കാണാന്‍ ഹാത്രാസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഗ്രേറ്റര്‍ നോയിഡ വഴി ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കുന്നത് തടയുകയും പിന്നീട് രാഹുല്‍ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.