
ബൊഗോട്ട: രണ്ടുവർഷം മുമ്പ് കാണാതായ കൊളംബിയൻ വനിതയെ കടലിൽ ജീവനോടെ കണ്ടെത്തി. കൊളംബിയ തീരത്ത് ഒഴുകിനടന്ന ആഞ്ജലിക ഗെയ്തൻ എന്ന 46കാരിയെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തുകയായിരുന്നുവെന്ന് ‘ദ് സൺ’ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തന ദൃശ്യങ്ങൾ വൈറലായി.
ശനിയാഴ്ച രാവിലെ ആറോടെ പ്യൂർട്ടോ കൊളംബിയ തീരത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെ മത്സ്യത്തൊഴിലാളി റൊളാൻഡോ വിസ്ബലും സുഹൃത്തുമാണ് ആഞ്ജലികയെ കണ്ടത്. കടലിൽ ഒഴുകുകയായിരുന്ന ആഞ്ജലികയുടെ അടുത്തേക്ക് ഇരുവരും ബോട്ട് അടുപ്പിച്ചു. പലതവണ ‘ഹലോ’ എന്നു വിളിച്ചെങ്കിലും പ്രതികരണം ഇല്ലായിരുന്നു. ജീവനുണ്ടെന്ന് തോന്നിയതോടെ ആഞ്ജലികയെ ബോട്ടിലേക്ക് വലിച്ചു കയറ്റി. മണിക്കൂറുകളോളം കടലിൽ ഒഴുകിനടന്നതിന്റെ ക്ഷീണത്തിൽ ആഞ്ജലിക തളർന്നിരുന്നു.
‘ഞാൻ വീണ്ടും ജനിച്ചു, മരിക്കാൻ ദൈവം ആഗ്രഹിച്ചില്ല’ എന്നായിരുന്നു ബോധം വീണ്ടെടുത്തപ്പോൾ ആഞ്ജലിക ആദ്യം പറഞ്ഞത്. രക്ഷാപ്രവർത്തകർ സമൂഹമാദ്ധ്യമത്തിൽ പങ്കിട്ട വീഡിയോകളിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇവർക്കു മത്സ്യത്തൊഴിലാളികൾ വെള്ളം നൽകുന്നതും നടക്കാൻ സഹായിക്കുന്നതും വിഡിയോയിൽ കാണാം.
കരയ്ക്കെത്തിച്ച ശേഷം ആഞ്ജലികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നാട്ടുകാർ തിരിച്ചറിഞ്ഞു.
മുൻ ഭർത്താവിന്റെ പീഡനത്തിൽ നിന്ന് 2018ൽ ഒളിച്ചോടുകയായിരുന്നുവെന്ന് ആഞ്ജലിക പറഞ്ഞു.
'20 വർഷമായി വളരെ അപകടകരമായ ബന്ധമാണ് എനിക്കുണ്ടായിരുന്നത്. ആദ്യ ഗർഭകാലത്താണ് അക്രമണങ്ങൾ ആരംഭിച്ചത്. അയാൾ നിരന്തരം മർദ്ധിച്ചു. രണ്ടാമത്തെ ഗർഭകാലത്തും മർദ്ധനം തുടർന്നു. പെൺകുട്ടികൾ ചെറുതായതിനാൽ അയാളിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞില്ല. പൊലീസിൽ പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. 2018 സെപ്തംബറിൽ ഭർത്താവ് മുഖം അടിച്ചു തകർക്കാനും കൊല്ലാനും ശ്രമിച്ചു. സഹിക്കാൻ കഴിയാതെ വീടുവിട്ടു. ആറു മാസത്തോളം തെരുവുകളിൽ അലഞ്ഞു. പിന്നീട് കാമിനോ ഡി ഫെ റെസ്‌ക്യൂ സെന്ററിൽ താമസിക്കാൻ ഇടം ലഭിച്ചു. ഈ ജീവിതം തുടരാൻ ആഗ്രഹമുണ്ടായില്ല. എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കുടുംബത്തിൽ നിന്നടക്കം ആരുടെയും സഹായം കിട്ടിയില്ല. അങ്ങനെയാണ് കടലിൽ ചാടിയത്. അബോധാവസ്ഥയിലായതിനാൽ അതിനുശേഷം ഒന്നും ഓർമയില്ല."– ആഞ്ജലിക പറഞ്ഞു.
എന്നാൽ ആഞ്ജലികയുടെ മകൾ ഗാർഹിക പീഡന കഥകൾ നിഷേധിച്ചു. അമ്മയെക്കുറിച്ച് രണ്ടുവർഷമായി യാതൊരു അറിവുമുണ്ടായിരുന്നില്ല. അബോധാവസ്ഥയിൽ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് അവരെ കണ്ടു കിട്ടിയത്. വീട്ടിലെത്തിച്ച് നന്നായി സംരക്ഷിക്കും.'- മകൾ പറഞ്ഞു.