
ടൊറന്റോ: യൗവനകാലത്ത് കഞ്ചാവ് വലിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായി ജസീന്ത ആർഡേൻ. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് ജസീന്ത ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂസിലാന്റിൽ കഞ്ചാവ് ഉപയോഗം നിയമ വിരുദ്ധമാണ്. എന്നാൽ അടുത്ത മാസം കഞ്ചാവ് നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ചികിത്സാ ആവശ്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ അനുവാദമുണ്ട്. ഡോക്ടറുടെ നിർദ്ദേശത്തോടെയാണ് ഉപയോഗിക്കേണ്ടത് എന്നു മാത്രം.
'ഒക്ടോബർ 17ലെ തിരഞ്ഞെടുപ്പിന് ശേഷം കഞ്ചാവ് വിഷയത്തിലുള്ള ജനഹിത പരിശോധനയിന്മേലുള്ള തന്റെ നിലപാട് വ്യക്തമാക്കും. ന്യൂസിലാൻഡിലെ ജനങ്ങളാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ജസിന്ത പറഞ്ഞു. അതേസമയം, കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ എതിർത്ത് വോട്ട് ചെയ്യുന്നതിൽ താനും തന്റെ അനുയായികളും പ്രതിജ്ഞാബദ്ധമാണെന്ന് ജസീന്തയുടെ എതിരാളിയും നാഷണൽ പാർട്ടി നേതാവുമായ ജൂഡിത്ത് കോളിൻസ് പറഞ്ഞു.