
പാരീസ്: ശബ്ദാതീതവേഗത്തിൽ നഗരത്തിന് മുകളിലൂടെ പറന്ന സൈനിക വിമാനത്തിന്റെ മുഴക്കത്തിൽ പരിഭ്രാന്തരായി പാരീസ് നിവാസികൾ. പാരീസിലും സമീപ മേഖലയിലും വളരെ വലിയ ശബ്ദം കേട്ടെന്നും എന്നാലിത് സ്‌ഫോടനമല്ലെന്നും യുദ്ധവിമാനത്തിന്റെ പ്രകമ്പനം ആയിരുന്നെന്നും പാരീസ് പൊലീസ് പിന്നീട് വ്യക്തമാക്കി. എമർജൻസി നമ്പരിലേക്ക് വിളിക്കുന്നത് നിറുത്തണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
നഗരത്തിലുടനീളം കേട്ട ശബ്ദത്തിൽ ജനാലകൾ കുലുങ്ങിയതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞയാഴ്ച ആക്ഷേപഹാസ്യ വാരിക ചാർലി ഹെബ്ദോയുടെ മുൻ ഓഫിസുകൾക്ക് പുറത്തുണ്ടായ കത്തി ആക്രമണത്തിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത ശബ്ദം വല്ലാതെ അലട്ടിയെന്ന് പാരീസ് നിവാസികൾ പറയുന്നു. ശബ്ദം എന്തിന്റെയാണെന്നു ചോദിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് പോസ്റ്റിട്ടത്.
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് നടന്ന റോളണ്ട് ഗാരോസിലും ശബ്ദം വ്യക്തമായി കേട്ടിരുന്നു. സ്റ്റേഡിയത്തിനു ചുറ്റും ശബ്ദം മുഴങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ചാർലി ഹെബ്ദോയുടെ മുൻ ഓഫിസുകൾക്ക് പുറത്തുണ്ടായ കത്തി ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റിരുന്നു. 2015 ജനുവരിയിൽ ചാർലി ഹെബ്ദോയ്ക്കും സൂപ്പർമാർക്കറ്റിനും നേരെയുണ്ടായ ആക്രമണത്തിൽ പൊലീസുകാരി ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു.