
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സമ്പർക്ക വ്യാപനം ക്ഷണിച്ചുവരുത്തിയതാണെന്ന് മന്ത്രി എ കെ ബാലൻപറഞ്ഞു. യു ഡി എഫ് സമരം നിറുത്താൻ തീരുമാനിച്ചതിനെ സ്വാഗതാർഹമെന്ന് പറഞ്ഞ അദ്ദേഹം തീരുമാനം കുറച്ചുകൂടി നേരത്തേ ആവാമായിരുന്നു എന്നും പറഞ്ഞു. അതേസമയം സമരത്തിൽ നിന്ന് പിന്മാറില്ലെന്ന ബി ജെ പിയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തു. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അനുഭവത്തിൽ നിന്ന് പാഠം പഠിക്കാത്തപാർട്ടിയാണ് ബി ജെ പി എന്ന് പരിഹസിക്കുകയും ചെയ്തു.
സി ബി ഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുവെന്ന വാദം പച്ചക്കള്ളമാണെന്നും മന്ത്രി പറഞ്ഞു. 'ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അനിൽ അക്കരയുടെ പരാതി നിയമപരമായി നിലനിൽക്കാത്തതാണ്. ഇത് സ്വർണക്കടത്തിലെ പ്രതികളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന പരാതിയാണ്. ഇക്കാര്യം യു ഡി എഫ് ഗൗരവമായി പരിശോധിക്കണം.ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണമാണ് വേണ്ടത്. ക്രമക്കേട് ഉണ്ടെങ്കിൽ ഈ അന്വേഷണത്തിൽ പുറത്ത് വരും. സി ബി ഐ അന്വേഷണം സാങ്കേതികമായി നിലനിൽക്കില്ല. കോടതി നിരീക്ഷണം തിരിച്ചടി അല്ല. - മന്ത്രി വ്യക്തമാക്കി.