
അടിപൊളിയാണ് ഈ അമ്മാമ്മയും കൊച്ചുമോനും. സോഷ്യൽമീഡിയയിലൂടെ ഇരുവരും മലയാളികൾക്ക് പരിചിതരാണ്. കളിയും ചിരിയും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയും ഉപദേശങ്ങളുമൊക്കെയാണ് ഇവരുടെ വീഡിയോകളുടെ ഹൈലൈറ്റ്. അമ്മാമ്മേടേം കൊച്ചുമോന്റെയും വർത്തമാനങ്ങൾ ലോകം മുഴുവനുള്ള മലയാളികൾക്ക് പരിചിതമാകുന്നത് ടിക്ടോകിലൂടെയായിരുന്നു. രണ്ടു പേരും വൈറലായതോടെ അമ്മാമ്മയെ ഒടുവിൽ സിനിമേലെടുത്തു. 'മണിയറയിലെ അശോകനി"ലൂടെ മലയാളികൾ അമ്മാമ്മയെ വീണ്ടും കണ്ടു...
''ഇക്കഴിഞ്ഞ ഓണം ഞങ്ങൾക്ക് സ്പെഷ്യലായിരുന്നു. അമ്മാമ്മ ആദ്യമായി അഭിനയിച്ച മലയാള ചിത്രം 'മണിയറയിലെ അശോകൻ" റിലീസായി. ദുൽഖർ സൽമാൻ നിർമ്മിച്ച സിനിമയാണിത്. അമ്മാമ്മ ഒരു ദുൽഖർ ഫാനാണ്. അപ്പോൾ പിന്നെ സന്തോഷത്തിന് അതിൽ കൂടുതൽ എന്ത് വേണം. ഇനി 'മാർട്ടിൻ" എന്നൊരു ചിത്രം കൂടി ഉണ്ട്. അതിലും അമ്മാമ്മയെ കാണാം. " ജിൻസന്റെ വാക്കുകൾ.
''തീയേറ്ററിൽ പോയി എല്ലാരും കാണുമെന്നായിരുന്നു അഭിനയിക്കാൻ പോയപ്പോൾ മനസിലുണ്ടായിരുന്നത്. എന്നാലും വിഷമമില്ല. ഇപ്പോഴത്തെ സമയം ഇങ്ങനെയല്ലേ. പോരാത്തതിന് ഞങ്ങളെ എല്ലാരും കണ്ടിരിക്കുന്നത് സോഷ്യൽമീഡിയ വഴിയല്ലേ. അതുകൊണ്ട് ഓൺ ലൈൻ റിലീസൊന്നും ഒരു വിഷമവും ഉണ്ടാക്കിയില്ല."
കൊച്ചുമകന് പിന്നാലെ അമ്മാമ്മയും തന്റെ നിലപാട് വ്യക്തമാക്കി. പറവൂർ സ്വദേശികളായ മേരി ജോസഫും ജിൻസണും ഇങ്ങനെയാണ്. പറയാനുള്ളതൊക്കെ അങ്ങ് തുറന്നു പറയും. അതിൽ തെല്ലും അഭിനയമില്ല. എല്ലാം സ്വാഭാവികമായി സംഭവിക്കുന്നവയാണ്. ആ തകർപ്പൻ കെമിസ്ട്രിയുടെ വിശേഷങ്ങൾ ജിൻസൺ പങ്കുവയ്ക്കുന്നു.
അങ്ങനെയാണ് ആദ്യ വീഡിയോ സംഭവിച്ചത്
ഞാൻ ഗൾഫിൽ നിന്ന് ലീവിന് വന്നപ്പോഴാണ് ആദ്യത്തെ വീഡിയോ ചെയ്തത്. അന്ന് ഇവിടെ വെള്ളപ്പൊക്കം ഉണ്ടായ സമയമായിരുന്നു. അവിടെ ക്യാമ്പിൽ വച്ച് പരിചയപ്പെട്ട പ്രവീണ എന്ന കൂട്ടുകാരി വഴിയാണ് ടിക്ടോക് പരിചയപ്പെടുന്നത്. ഞാനും അനിയനും കൂടിയാണ് ആദ്യം വീഡിയോകൾ ചെയ്തത്. ആദ്യമൊന്നും അത്ര വലിയ റീച്ച് കിട്ടിയിരുന്നില്ല. എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്താൽ മാത്രമേ ആളുകൾ ശ്രദ്ധിക്കൂവെന്ന് അപ്പോൾ മനസിലായി. അങ്ങനെയാണ് അമ്മാമ്മയെ വച്ച് കൗതുകത്തിന് വീഡിയോ ചെയ്തു തുടങ്ങിയത്. സംഗതി ഏറ്റു. ഒൻപതിൽ കൂടി പൂച്ച ചാടുന്ന ബാറ്ററിയെക്കുറിച്ചുള്ള വീഡിയോ, അതാണ് ഞങ്ങളെപ്പോലും ഞെട്ടിച്ചു കൊണ്ട് ലൈക്കുകൾ വാരിക്കൂട്ടിയത്. തുടർന്നുള്ള വീഡിയോകൾ എല്ലാം നിമിഷവേഗത്തിൽ വൈറലായി. പുതിയ പുതിയ വീഡിയോകൾക്കായി ആളുകൾ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെയാണ് കോമഡി ഉത്സവത്തിലേയ്ക്ക് ക്ഷണം കിട്ടുന്നത്. അത് കഴിഞ്ഞു ഞാൻ ഗൾഫിലേയ്ക്കു മടങ്ങി പോയി. പിന്നെ അവിടെ നിന്ന് കൊണ്ട് തന്നെ ഞാൻ സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്തു കൂട്ടുകാർക്ക് അയച്ചു കൊടുക്കും. അവർ അമ്മാമ്മയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്ത് എനിക്ക് തിരിച്ചയക്കുമായിരുന്നു. അങ്ങനെയിരിക്കെ ലുലുവിന്റെ പരസ്യത്തിൽ അഭിനയിക്കാൻ വിളിച്ചു. അത് ചെയ്തു കൊടുത്തു. അത് കഴിഞ്ഞു ഗൾഫിൽ നിന്ന് മടങ്ങി വന്നു. പിന്നീടാണ് അമ്മാമ്മ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചത്.

ഫ്ലൈറ്റെടുത്ത് പറന്നു
ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടാണ് വീഡിയോ പിടിക്കുന്നത്. 90 ശതമാനം വീഡിയോയും മൊബൈലിലാണ് ചിത്രീകരിക്കുന്നത്. എന്നാലും പ്രേക്ഷകർക്ക് അതിലൊന്നും ഒരു പരാതിയുമില്ല. ഞങ്ങൾ ചെയ്യുന്ന വീഡിയോകൾ നെല്ലിക്ക എന്ന ഒരു ഓൺലൈൻ ചാനലിൽ കൂടി വരുന്നുണ്ട്. അത് മാത്രമാണ് കാമറ ഉപയോഗിച്ച് നിർമിച്ചത്. അല്ലാത്ത വീഡിയോകളെല്ലാം മൊബൈൽഫോണിലാണ് ഷൂട്ട് ചെയ്യുന്നത്. അമ്മാമ്മയുടെ കൊച്ചുമോൻ എന്ന പേരിൽ തുടങ്ങിയ യൂട്യൂബ് ചാനൽ വളരെ വേഗത്തിലാണ് റീച്ച് ആയത്. ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത് 2018 ഡിസംബറിലാണ്. ഒരു വർഷം കൊണ്ട് ഞങ്ങൾക്ക് കിട്ടിയ സപ്പോർട്ട് ചിന്തിക്കാൻ പോലും പറ്റാത്ത അത്രയും വലുതാണ്. അമ്മാമ്മയോടൊപ്പം മലേഷ്യയിലും ദുബായിലും പോകാൻ പറ്റി. വീഡിയോ കണ്ടിഷ്ടപ്പെട്ട് ഓരോരുത്തരും സ്പോൺസർ ചെയ്ത് കൊണ്ടു പോയതാണ്. അമ്മാമ്മ ഒട്ടും പ്രതീക്ഷിച്ചതല്ല, ഈ പ്രായത്തിലൊന്നും ഇതുപോലൊരു യാത്ര നടത്താൻ പറ്റുമെന്ന്. കൊവിഡ് വന്നില്ലായിരുന്നെങ്കിൽ വേറെയും രാജ്യങ്ങളിൽ പോകാൻ അവസരം ഉണ്ടാകുമായിരുന്നു. പ്രോസസിംഗ് കഴിഞ്ഞതായിരുന്നു. ഞങ്ങളുടെ വീഡിയോ കാണുന്നതിൽ നല്ലൊരു ശതമാനവും പ്രവാസികളാണ്. ഫേസ്ബുക്ക് പേജിൽ കൂടിയാണ് പൊതുവെ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത്. പിന്നെ യൂട്യൂബ്, ടിക്ക് ടോകുമൊക്കെ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോൾ ടിക്ക്ടോക്ക് ഇല്ലല്ലോ. അമ്മാമ്മയ്ക്ക് ഒരുപാട് ആരാധകരുണ്ട്. സത്യത്തിൽ അമ്മാമ്മയെ കാണാനാണ് കൂടുതൽ പേരും ഞങ്ങളുടെ വീഡിയോകൾ ശ്രദ്ധിക്കുന്നത്. ഉദ്ഘാടനത്തിനൊക്കെ പലയിടത്തുനിന്നും അമ്മാമ്മയെ വിളിക്കാറുണ്ട്. മുമ്പൊക്കെ പോകുമായിരുന്നു. പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റാതെ വീട്ടിൽ ഇരിക്കുന്ന ഈ സാഹചര്യത്തിൽ പോലും എല്ലാവരും വിളിക്കാറുണ്ട്. ഇപ്പോൾ ഒരു സ്ഥലത്തും പോകാറില്ല, അമ്മാമ്മയുടെ ആരോഗ്യമാണ് വലുത്. എല്ലാവരോടും സ്നേഹത്തോടെ കാര്യം പറയും. അവർക്കൊക്കെ അത് മനസിലാകുകയും ചെയ്യും.
പ്രേക്ഷകർക്ക് അമ്മാമ്മയോടുള്ള സ്നേഹം
ജനങ്ങൾ ഞങ്ങളെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം വീഡിയോയിലെ ഉള്ളടക്കം തന്നെയാണ്. ഓരോ വീഡിയോയിലും വ്യക്തമായ ഒരു സന്ദേശം ഉണ്ടായിരിക്കും. ആശയങ്ങൾ ചിലപ്പോഴൊക്കെ അമ്മാമ്മ തന്നെ പറഞ്ഞു തരും. ഒരിക്കലും ഇത് സ്ക്രിപ്റ്റ് എഴുതി ചെയ്യുന്നതല്ല. അമ്മാമ്മയെ കൊണ്ട് പഠിച്ചു പറയിപ്പിക്കുക എന്നത് നടക്കുന്ന കാര്യം അല്ല. 87 വയസായി. അതുകൊണ്ട് അമ്മാമ്മയ്ക്ക് കൂടുതൽ സ്ട്രെസ് കൊടുത്ത് ചെയ്യിപ്പിക്കാനൊന്നും പറ്റില്ല. ഒരു കോൺസെപ്ട് ഉണ്ടാകും. അത് ഡെവലപ്പ് ചെയ്യും. അമ്മാമ്മ സ്വന്തമായി തരുന്ന മറുപടികൾ ആണ് എല്ലാം. പിന്നെ അമ്മാമ്മയ്ക്ക് ഇത് അഭിനയമൊന്നുമല്ല, യഥാർത്ഥ കാര്യങ്ങൾ തന്നെയാണ്. കാമറയ്ക്ക് മുന്നിലാണെങ്കിലും സ്വാഭാവികമായി തന്നെ പെരുമാറുന്നത്. ഒരു പരിചയവുമില്ലാത്ത മേഖലയിലേക്കാണ് ഞാനും അമ്മാമ്മയും എത്തിപ്പെട്ടത്. പുതിയ ജനറേഷനിലൊന്നും പലർക്കും അമ്മാമ്മമാരെ ഇതുപോലെ കിട്ടണമെന്നില്ല, അവർക്കൊക്കെ സ്വന്തം അമ്മാമ്മയാണ്. ഈ അമ്മാമ്മയും അതാണ് ഞങ്ങളുടെ വീഡിയോകളുടെ വിജയം. വീഡിയോകളുടെ ഉള്ളടക്കത്തിലും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കോമഡിയും അല്പം സീരിയസായ വീഡിയോകളുമൊക്കെ ഒരുപോലെ ചെയ്യാറുണ്ട്. അതിൽ ഏതാണ് കൂടുതൽ റീച്ച് കിട്ടുന്നത് എന്ന് ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ. ഞങ്ങൾ ഒന്നിടവിട്ടാണ് വീഡിയോകൾ ചെയുന്നത്. ഒന്ന് തമാശ ആണെങ്കിൽ അടുത്തത് പക്കാ സീരിയസ് ആയിരിക്കും. ഒരു വെള്ളിയാഴ്ച തമാശ വീഡിയോ ഇട്ടപ്പോൾ അതിന്റെ വ്യൂസ് 2.7 മില്യൺ ആയിരുന്നു. തൊട്ടടുത്ത വെള്ളിയാഴ്ച ഇട്ട സീരിയസ് വീഡിയോയ്ക്ക് കിട്ടിയ വ്യൂസ് 2.3 മില്യൺ ആയിരുന്നു. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ജനങ്ങൾ രണ്ടും ഏറ്റെടുക്കുന്നുണ്ട്. കോമഡി ചെയ്യുന്നത് കൊണ്ട് മറ്റു വിഡിയോകൾ ജനങ്ങൾ അംഗീകരിക്കാതെ ഇരുന്നിട്ടില്ല, തിരിച്ചും. അത് അമ്മാമ്മയോടുള്ള സ്നേഹം കൊണ്ടു തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ, അമ്മാമ്മയുടെ വർത്തമാനം കേൾക്കാൻ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ട്.

അമ്മാമ്മമയുടെ സ്വന്തം കൊച്ചുമോൻ
സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളും പിന്നെ അവർക്ക് ഉണ്ടാകുന്ന തലക്കനവും ചർച്ച ചെയ്യപ്പെട്ടു കണ്ടിട്ടുണ്ട്. അതിനെ കുറിച്ചൊന്നും പറയാൻ എനിക്കറിയില്ല, അമ്മാമ്മയെ സ്നേഹിക്കുന്ന ഒരുപാട് പേരിൽ ഒരാളാണ് ഞാനും. അമ്മാമ്മയുടെ കൊച്ചുമക്കളിൽ ഒരാൾ. പക്ഷേ അമ്മാമ്മയ്ക്ക് വൈറൽ ആകുക എന്നാൽ എന്താണ് എന്ന് പോലും അറിയുമായിരുന്നില്ല. അമ്മാമയെ സ്നേഹിക്കുന്ന കുറച്ചു പേർ ഉണ്ടെന്നു മാത്രം അറിയാം എന്നല്ലാതെ അതിന്റെ വ്യാപ്തി എത്ര മാത്രമാണെന്ന് പോലും അമ്മാമ്മയ്ക്ക് അറിയില്ല. പറഞ്ഞുകൊടുത്താലും അമ്മാമ്മ ചിരിക്കത്തേയുള്ളൂ. ആരാധകർ കൂടിയപ്പോൾ അമ്മാമ്മയ്ക്ക് ഞാനൊരു ഫോൺ വാങ്ങി കൊടുത്തിട്ടുണ്ട്. അതിൽ വിളിക്കുന്നവരോടൊക്കെ അമ്മാമ്മ സംസാരിക്കാറുണ്ട്. ഏതു അസമയത്തും അത് ഒരു ബുദ്ധിമുട്ടായി അമ്മാമ്മ പറഞ്ഞിട്ടില്ല. വിളിക്കുക എന്നതാണ് വലിയ കാര്യം എന്നാണ് അമ്മാമ്മ പറയുന്നത്. എന്നെ വിളിക്കുന്നവരും ആദ്യം ചോദിക്കുക അമ്മാമ്മയെ കുറിച്ചാണ്. എന്റെ പേര് പോലും പലർക്കും അറിയില്ല. കൊച്ചുമോൻ... അതും അമ്മാമ്മയുടെ കൊച്ചുമോൻ എന്ന് പറഞ്ഞാലേ എന്നെ അറിയൂ. അതിൽ നിന്ന് തന്നെ ഞാൻ അല്ല സ്റ്റാർ എന്ന് വ്യക്തമല്ലേ. അമ്മാമ്മയ്ക്ക് വലിയൊരു ആരാധകലോകത്തെ സൃഷ്ടിച്ചു കൊടുക്കാൻ എനിക്ക് പറ്റി. തട്ടകം എന്ന ഫേസ്ബുക്ക് പേജിൽ സുഹൃത്ത് അനസാണ് ആദ്യമായി ഞങ്ങളെ കുറിച്ച് എഴുതിയത്. അന്ന് അദ്ദേഹം കൊടുത്ത തലക്കെട്ടാണ് 'അമ്മാമ്മയും കൊച്ചുമോനും" എന്നത്. അത് പിന്നീട് ഞങ്ങളും ഏറ്റെടുത്തു.
ഞാനൊരു സേഫ്റ്റി ഓഫീസർ ആണ്. 2011 ലാണ് ഗൾഫിലെത്തുന്നത്. അബുദാബി, സൗദി, ഖത്തർ എന്നിങ്ങനെ പല രാജ്യത്തും ജോലി നോക്കിയിരുന്നു. ഇപ്പോൾ 'അമ്മാമ്മാസ് സ്പെഷ്യൽ" എന്ന പേരിൽ (ബീഫ് ആൻഡ് മീൻ അച്ചാർ) ഒരു അച്ചാർ ബിസിനസ് നടത്തുന്നു. അമ്മാമ്മയുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ബൈക്കിൽ കയറണം എന്നത്. 2017 ഡിസംബർ മാസത്തിലാണ് ഞാൻ ബുള്ളറ്റ് വാങ്ങുന്നത്. ഞായറാഴ്ച കുർബാന കൂടാൻ ഞാൻ അമ്മാമ്മയെ ബൈക്കിൽ കൊണ്ട് പോയി. അത് അമ്മാമ്മയ്ക്ക് ഭയങ്കര സന്തോഷം ആയിരുന്നു. ഫ്ളൈറ്റ് അമ്മാമ്മയുടെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല, അതിൽ കയറാൻ കഴിഞ്ഞത് അമ്മാമ്മ ഇപ്പോഴും അല്പം ഗമയോടെ നാട്ടുകാരോടൊക്കെ പറയാറുണ്ട്. ജീവിതത്തിൽ പ്രതീക്ഷിക്കാതെ ആണെങ്കിലും ഈയൊരു ട്രാക്കിൽ ആയി. ഇപ്പോഴത്തെ ആഗ്രഹം അച്ചാർ ബിസിനസ് നല്ല രീതിയിൽ കൊണ്ട് പോകണം. ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കണം എന്നതാണ്. സിനിമ എന്തായാലും എനിക്ക് പറ്റിയ പരിപാടി ആണെന്ന് തോന്നുന്നില്ല. അമ്മാമ്മയോടുള്ള ഇഷ്ടം കൊണ്ടാണ് പലരും എന്നെയും സപ്പോർട്ട് ചെയ്യുന്നത്. അമ്മാമ്മയ്ക്ക് സിനിമയിൽ ചെറിയ റോൾ ആണെങ്കിലും കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഒരു സിനിമയിൽ എനിക്കും ക്ഷണം കിട്ടിയെങ്കിലും ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് അഭിനയിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ലോക്ക്ഡൗൺ സമയത്ത് ഏകദേശം പത്തോളം വീഡിയോകൾ ചെയ്തിരുന്നു.