obit

പാരീസ്: എച്ച്.ഐ.വിയിൽ നിന്ന് മുക്തനായ ലോകത്തിലെ ആദ്യ വ്യക്തി തിമോത്തി റേ ബ്രൗൺ (54) നിര്യാതനായി. ബെർലിൻ പേഷ്യന്റ് എന്നറിയപ്പെടുന്ന തിമോത്തി രക്താർബുദത്തെ തുടർന്നാണ് മരിച്ചതെന്ന് അന്താരാഷ്ട്ര എയ്ഡ്സ് സൊസൈറ്റി അറിയിച്ചു. അഞ്ച് മാസമായി കാലിഫോർണിയയിലെ ആശുപത്രിയിൽ രക്താർബുദ ചികിത്സയിലായിരുന്ന ബ്രൗൺ വ്യത്യസ്തമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും രോഗത്തെ അതിജീവിക്കാനായില്ല.

1995ൽ ബെർലിനിലായിരുന്നപ്പോളാണ് ബ്രൗണിന് എച്ച്.ഐ.വി ബാധിച്ചത്. 2006ൽ രക്താർബുദവും ബാധിച്ചു. 2008ൽ രണ്ട് രോഗങ്ങളിൽ നിന്നും തിമോത്തി മുക്തി നേടി. എന്നാൽ പിന്നീട്, അദ്ദേഹം വീണ്ടും അർബുദബാധിതനായി.

എച്ച്.ഐ.വി മുക്തനായെങ്കിലും ആദ്യഘട്ടത്തിൽ വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ‘ബെർലിൻ പേഷ്യന്റ്’എന്ന നാമധേയത്തിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടത്. രണ്ട് വർഷങ്ങൾക്ക് ശേഷം താനാണ് ബെർലിൻ പേഷ്യന്റെന്ന് തിമോത്തി വെളിപ്പെടുത്തി. പിന്നീട് അഭിമുഖങ്ങളും പ്രഭാഷണങ്ങളുമായി അദ്ദേഹം ശ്രദ്ധ നേടി.