covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, അഞ്ച് ജില്ലകളിൽ ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗികളുടെ എണ്ണം ആഗസ്റ്റിനെ അപേക്ഷിച്ച് ഇരട്ടിച്ചത്. ആഗസ്റ്റ് 31 വരെ 75,385 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെങ്കിൽ സെപ്തംബറിൽ അത് 1,20,721 ആയി. ഇതുവരെ 2,13,499 രോഗികളാണ് സംസ്ഥാനത്തുള്ളത്.

ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറിൽ ഏറ്റവും കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്ത് ഇടുക്കി ജില്ലയിലാണ്. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ സെപ്തംബറിൽ 5000ൽ താഴെ കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലവും കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനയാണ് പ്രകടമാക്കിയത്. കൊല്ലം ജില്ലയിൽ ആഗസ്റ്റിൽ 4343 ആയിരുന്ന കൊവിഡ് രോഗികൾ. സെപ്തംബറിൽ 9660 ആയി ഉയർന്നു. കോഴിക്കോട് ജില്ലയിൽ രോഗികളുടെ എണ്ണം 5577ൽ നിന്ന് 13,242ലേക്കാണ് ഉയർന്നത്.

 തിരിച്ചറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണം 36 ഇരട്ടി

സംസ്ഥാനത്ത് തിരിച്ചറിയുന്ന കൊവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത രോഗബാധിതർ ഉണ്ടാകാമെന്നും ആരോഗ്യവിദഗ്ദ്ധർ സൂചിപ്പിച്ചു. ഐ.സി.എം.ആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയിലാണ് ഈ കണ്ടെത്തൽ. ഐ.സി.എം.ആർ സർവേയിൽ പരിശോധിച്ചവരിൽ 6.6 ശതമാനം പേർക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തിൽ ആകെ 21.78 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചിരിക്കാം. കേരളത്തിൽ പരിശോധന നടത്തിയ ആഗസ്റ്റ് 24ന് ആകെ കൊവിഡ് ബാധിതർ 59,640 ആയിരുന്നു. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് സർവേ നടത്തിയത്.

 ഏറ്റവും തീവ്രം കേരളത്തിൽ
രാജ്യത്തു കൊവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) പഠനവും പറയുന്നു. കേരളത്തിലെ കൊവിഡ് വർദ്ധന തോത് (മൂവിംഗ് ഗ്രോത്ത് റേറ്റ് – എം.ജി.ആർ) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തിൽ ഒരാഴ്ചത്തെ എം.ജി.ആർ 28 ആണ്. ദേശീയതലത്തിൽ ഇത് 11 ആണ്. 30 ദിവസത്തെ എം.ജി.ആർ രാജ്യത്ത് 45 ആണെങ്കിൽ കേരളത്തി‍ൽ 98 ആണ്.

ജില്ലകളിലെ വർദ്ധന,​ ആഗസ്റ്റ്,​ സെപ്തംബർ എന്നീ ക്രമത്തിൽ

തിരുവനന്തപുരം: 15,​548 18,​933
കൊല്ലം: 4343 9660
ആലപ്പുഴ: 5770 8491
പത്തനംതിട്ട: 3445 4400
കോട്ടയം: 4017 6700
ഇടുക്കി: 5561 2197
എറണാകുളം: 6159 12,​073
തൃശൂർ: 4466 9167
പാലക്കാട്: 4679 7184
മലപ്പുറം: 9406 13,​137
കോഴിക്കോട്: 5577 13,​242
വയനാട്: 1091 2552
കണ്ണൂർ: 3596 7893
കാസർകോട്: 5194 5591