amouri

ലാസ്‌വേഗാസ്: ദൂരദർശിനികളിലൂടെ നീലാകാശത്തിനപ്പുറത്തെ അപൂർവകാഴ്ചകൾ കാണാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. ഇത്തരത്തിലൊരു ദൂരദർശിനി ലാസ്‌വേഗാസിലുമുണ്ട്. എന്നാൽ, ഇതിലൂടെ കാഴ്ചകൾ കാണാൻ പറ്റില്ല കേട്ടോ...പക്ഷേ, കറുമുറെ തിന്നാം....ലാസ്‌വേ‌ഗാസിൽ പ്രവർത്തിക്കുന്ന പേസ്ട്രി ഷെഫ് അമൗറി ഗുയിചോൻ ആണ് ഈ ദൂരദർശനിയ്ക്ക് പിന്നിൽ. ചോക്ലേറ്റിലാണ് അ‌ഞ്ചടി ഉയരമുള്ള ഈ ദൂരദർശിനി പൂർണമായും നിർമ്മിച്ചിരിക്കുന്നത്. ബ്രൗൺ ചോക്ളേറ്റും വൈറ്റ് ചോക്ളേറ്റും ഉപയോഗിച്ചാണിത് ഉണ്ടാക്കിയിരിക്കുന്നത്.

എങ്ങനെയാണ് ചോക്ലേറ്റ് ദൂരദർശനി തയ്യാറാക്കിയത് എന്ന് വ്യക്തമാക്കുന്ന ഒരു മേക്കിംഗ് വീഡിയോയും ഗുയിചോൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റാൻഡ് മുതൽ ദൂരദർശനിയുടെ ഓരോ ഭാഗങ്ങളും പ്രത്യേകം തയ്യാറാക്കിയാണ് കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. ദൂരദർശനിക്കുള്ളിലെ ഗ്ലാസ് ഭാഗം പോലും ഭക്ഷിക്കാവുന്ന പദാർത്ഥം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
“ചോക്ലേറ്റ് ടെലിസ്‌കോപ്പ് !! ഞാൻ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സങ്കീർണമായ ചോക്ലേറ്റ് സൃഷ്ടിയാണിത്. അഞ്ചടി ഉയരമുണ്ടിതിന്.” - വീഡിയോയ്‌ക്കൊപ്പം അമൗറി ഗുയിചോൻ കുറിച്ചു.

സെപ്തംബർ 21ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചോക്ലേറ്റ് ടെലിസ്‌കോപ്പിന്റെ വീഡിയോ ഇതിനകം 10.8 ദശലക്ഷത്തിലധികം പേർ കണ്ടു.

ചോക്ലറ്റ്‌കൊണ്ട് സങ്കീർണമായ വസ്തുക്കളും ശില്പങ്ങളും നിർമ്മിക്കുന്നതിൽ അഗ്രഗണ്യനാണ് അമൗറി ഗുയിചോൻ. ഇതിന് മുമ്പ് അദ്ദേഹം ചോക്ലേറ്റിൽ നിർമ്മിച്ച ഗൊറില്ല ശിൽപ്പവും ശ്രദ്ധേയമായിരുന്നു.