
ടോക്കിയോ: ഒമ്പത് പേരെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രീസറിൽ സൂക്ഷിച്ചതായി കുറ്റസമ്മതം നടത്തി ജപ്പാനിലെ 'ട്വിറ്റർ കില്ലർ" തകാഹിരോ ഷിറൈഷി.
കഷണങ്ങളാക്കിയ ഒമ്പത് മൃതദേഹങ്ങളും 240ലേറെ എല്ലിൻ കഷണങ്ങളും പെട്ടികളിലാക്കി സൂക്ഷിച്ചിരുന്നത് 29കാരനായ ഷിറൈഷിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഇയാൾക്കെതിരെ ബലാത്സംഗ കുറ്റവും നിലവിലുണ്ട്. ആത്മഹത്യ ചെയ്യുന്നതായി ട്വീറ്റ് ചെയ്ത 15നും 26നും മദ്ധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ജീവനൊടുക്കാൻ താൻ സഹായിക്കാമെന്നും അല്ലെങ്കിൽ അവർക്കൊപ്പം മരിക്കാമെന്നും വാഗ്ദാനം ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഷിറൈഷിയുടെ രീതി. ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുന്നതിനാലാണ് 'ട്വിറ്റർ കില്ലർ' എന്ന പേരു വന്നത്.
ഒരു ജാപ്പനീസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരകളുടെ സമ്മതത്തോടെയല്ല കൊന്നതെന്ന് ഷിറൈഷി പറഞ്ഞിരുന്നു.
തനിക്ക് സ്വയം ജീവനൊടുക്കണമെന്ന് തുടർച്ചയായി ട്വീറ്റ് ചെയ്ത 23കാരിയെ കാണാതായതിനെ തുടർന്ന് സഹോദരൻ യുവതിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ സംശയാസ്പദമായ ട്വിറ്റർ ഹാൻഡിൽ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് വർഷം മുമ്പ് ഷിറൈഷി പൊലീസിന്റെ പിടിയിലാവുന്നത്.
എന്നാൽ ഷിറൈഷിയെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നും സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചവരെ അവരുടെ സമ്മതത്തോടെയാണ് കൊലപ്പെടുത്തിയതെന്നും അയാളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.