
സിഡ്നി: കൊവിഡ് മൂലം യാത്രാസ്വപ്നങ്ങൾ മാറ്റി വച്ചിരിക്കുകയാണോ?. എയർപോർട്ടിലെ ഷോപ്പിംഗും വിമാനത്തിലിരുന്നുള്ള ആകാശ കാഴ്ചകളും മിസ് ചെയ്യുന്നുണ്ടോ?. ഇനി വിഷമിക്കേണ്ട.
ആസ്ട്രേലിയൻ വിമാനകമ്പനിയായ ക്വാണ്ടാസിന്റെ 'ഫ്ളൈറ്റ്സ് ടു നോവെയർ' നിങ്ങളിലെ യാത്രാപ്രേമിക്ക് ആശ്വാസമേകും. എങ്ങോട്ടെന്നില്ലാതെ മനസിനെ തൃപ്തിപ്പെടുത്താനായി ഒരു വിമാനയാത്ര. ഏഴുമണിക്കൂർ ആകാശത്ത് ചുറ്റിയടിച്ചിട്ട് പുറപ്പെട്ട എയർപോർട്ടിൽ തന്നെ തിരികെ എത്താം. യാത്രക്കാർക്ക് പാസ്‌പോർട്ടോ ക്വാറന്റൈനോ ആവശ്യമില്ല.
ഈ മാസം ആദ്യമാണ് കമ്പനി ഈ പാക്കേജ് മുന്നോട്ട് വച്ചത്. 10 മിനിറ്റിനുള്ളിൽ നൂറിലേറെ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ക്വാണ്ടാസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളാണിത്. ഏഴ് മണിക്കൂർ മാത്രമേ ഉള്ളൂ എന്ന് കരുതി ടിക്കറ്റ് വില കുറവാണെന്ന് കരുതേണ്ട. 41,000 മുതൽ 2 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്ക്.
ഒക്ടോബർ 10ന് സിഡ്നിയിൽ നിന്നും പുറപ്പെട്ട് അവിടെ തന്നെ തിരിച്ചെത്തുന്ന സർവീസ് ക്വീൻസ്‌ലാൻഡ്, ഗോൾഡ് കോസ്റ്റ്, ന്യൂ സൗത്ത്‌വെയ്ൽസ്, ഗ്രേറ്റ് ബാരിയർ റീഫ്, സിഡ്നി തുറമുഖം എന്നിവയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കും. ഒപ്പം പ്രത്യേക വിനോദ പരിപാടികൾ ഉണ്ടാകും. ക്വാണ്ടാസ് മാത്രമല്ല, ഇ.വി.എ ( തായ്‌വാൻ), ഓൾ നിപ്പോൺ എയർവേഴ്സ് ( ജപ്പാൻ ), സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ വിമാന കമ്പനികളും സമാന പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്.