pm-modi

ന്യൂഡല്‍ഹി:കാത്തിരിപ്പ് അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉലകം ചുറ്റാന്‍ അത്യുഗ്രന്‍ വിമാനം ഇന്ത്യയിലെത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് മാത്രമായി ഉപയോഗിക്കാനുളള വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്‍ ( എ.ഐ 160) ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

യു.എസ് പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുളളത്. 8458 കോടി രൂപയ്ക്ക് വാങ്ങുന്ന രണ്ട് വിമാനങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യയിലെത്തിയത്.

എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. നിലവില്‍ 'എയര്‍ ഇന്ത്യ വണ്‍' എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്.

എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖ നേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്പോള്‍ വാണിജ്യ സര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതുതായി എത്തുന്ന വിമാനങ്ങള്‍ വി.വി.ഐ.പികളുടെ യാത്രയ്ക്ക് വേണ്ടി മാത്രമാവും ഉപയോഗിക്കുക.