
ഇന്ന് ഒക്ടോബർ രണ്ട്, മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്തിയൊന്നാം ജന്മവാർഷികം. നിലവിലെ പരിമിതികൾക്കുള്ളിലും ഗാന്ധിജയന്തി നമ്മൾ സമുചിതമായി ആഘോഷിക്കും. എന്നാൽ മഹാത്മാവിനെ ഓരോ ദിവസവും തമസ്കരിച്ചു കൊണ്ടും വിസ്മരിച്ചു കൊണ്ടുമിരിക്കുന്ന സമകാലിക ജീവിതത്തിൽ ആഘോഷങ്ങൾക്കും അനുസ്മരണങ്ങൾക്കും എന്തെങ്കിലും ആത്മാർത്ഥത അവകാശപ്പെടാനാവുമോ? അഹിംസയുടെ പ്രവാചകൻ തന്നെ ഹിംസയ്ക്ക് ഇരയായി എന്ന ചരിത്രത്തിലെ മായ്ക്കാനാകാത്ത വൈരുദ്ധ്യം ഗാന്ധിജിയുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഭവിഷ്യവചനമാണ്. സ്വതന്ത്രഭാരതത്തിൽ ഗാന്ധിയൻ ആശയങ്ങളും ആദർശങ്ങളും ഹിംസിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുമെന്ന ദുരന്തപ്രവചനം. മെല്ലെ മെല്ലെ താഴേക്ക് പതിക്കാൻ തുടങ്ങിയ ആദർശനിഷ്ഠയുടെയും അഹിംസയുടെയും ഗ്രാഫ് ഇപ്പോൾ പൂജ്യത്തിലെത്താറായെന്ന് തോന്നുന്നു. ഹിംസ വ്യക്തിജീവിതത്തിലെയും സാമൂഹികജീവിതത്തിലെയും ഭരണത്തിലെയും അംഗീകൃത ശീലമായി മാറിക്കഴിഞ്ഞുവെന്ന് നാം പോലും തിരിച്ചറിയുന്നില്ല. അഹിംസ എന്നത് ബലപ്രയോഗവും ആയുധങ്ങളും വർജിക്കുന്നതു മാത്രമല്ലെന്നും, ചിന്തയിൽ പോലും ഹിംസയ്ക്കു സ്ഥാനമില്ലെന്നും പറഞ്ഞ ഗാന്ധിജി, ദേശീയ സമരത്തിന്റെ നിർണായക ഘട്ടങ്ങളിൽ പോലും ഹിംസ തലപൊക്കുന്നത് കണ്ട് സമരപരിപാടികൾ പിൻവലിക്കാനുള്ള ധൈര്യം കാണിച്ചത് ചരിത്രം. ഹിംസ ദുർബലന്റെ ആയുധമാണെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ഭയവും ഹിംസയും ഇരട്ടക്കുട്ടികളാണ്.
1947 ലെ ഇന്ത്യാ വിഭജനം മുതൽ ഇന്നലെ വരെ സ്വതന്ത്ര ഭാരതത്തിൽ പലേടത്തായി ചിന്തപ്പെട്ട രക്തം അഹിംസയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെ കടപുഴക്കിക്കളയുന്നില്ലേ? ഏറ്റവും കൂടുതൽ ഹിംസാത്മകമായ ബലം പ്രയോഗിക്കുന്നത്  മഹാത്മാ ഗാന്ധിയെ പിതാവായി കരുതുന്ന രാഷ്ട്രവും അതിനുള്ളിലെ ഭരണകൂടങ്ങളുമാണെന്നത്  മറ്റൊരു വൈരുദ്ധ്യം. പട്ടിണിയിലും അപമാനത്തിലും നീതിനിഷേധത്തിലും അവഗണനയിലും വിവേചനത്തിലും ഭരണനിർവികാരതയിലും അഴിമതിയിലും ഹിംസയുണ്ട്. വികസനത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പേരിൽ നടക്കുന്ന പാരിസ്ഥിക ധ്വംസനത്തിൽ ഹിംസയുണ്ട്. ഇത്തരം ഹിംസാത്മകമായ ആശയങ്ങളും പ്രവൃത്തികളും പൊതുജീവിതത്തെ ഗാന്ധിയൻ സ്വപ്നങ്ങളിൽ നിന്ന് അനേകം കാതം ദൂരെയാക്കിക്കളഞ്ഞു.
പ്രകൃതിയിൽ നമ്മുടെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്, പക്ഷെ നമ്മുടെ ദുരയ്ക്കുള്ളതില്ല എന്ന് പറഞ്ഞ ഗാന്ധി ഒരു നൂറ്റാണ്ടിനു മുൻപേ പാരിസ്ഥിതിക വിവേകത്തിന്റെ അടിസ്ഥാന തത്വങ്ങൾ പരിചിതമാക്കി. എല്ലാ ഗാന്ധിയൻ ആശയങ്ങളും ഉപഭോഗ മഹോത്സവം ആഘോഷിക്കുന്ന ഇന്നത്തെ ജീവിതത്തിൽ അതേപടി പകർത്തുക പ്രായോഗികമല്ലായിരിക്കും. എന്നാൽ അവയുടെ പിന്നിലെ ധാർമ്മിക പാരിസ്ഥിതിക മൂല്യങ്ങൾ സഞ്ചയിച്ചെടുത്ത് ജീവിതത്തിന്റെ ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇപ്പോഴും സാധിക്കും. ഓരോ ദിവസവും നാം കേൾക്കുകയും കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന ലജ്ജിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാർത്തകളുടെ പൊതുഘടകം എന്താണ്? പണം വാരിക്കൂട്ടണമെന്നും, ധാരാളിത്തത്തിലും സുഖലോലുപതയിലും ജീവിതം ആഘോഷിക്കണമെന്നുമുള്ള അഭിനിവേശമാണ് അടിസ്ഥാന ചോദന. ഈ ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഏതു മാർഗ്ഗവും സ്വീകരിക്കാം എന്നത് രണ്ടാമത്തെ വിശ്വാസം. ഈ രണ്ടു തീരുമാനങ്ങൾ കൈക്കൊള്ളുന്നതോടു കൂടി മറ്റെല്ലാ തിന്മകളും സ്വാഭാവികമായി കൂടെപ്പോരുന്നു. അങ്ങനെ കളവ് അംഗീകൃത തന്ത്രമാകുന്നു; ഹിംസ ഒഴിച്ചു കൂടാനാവാതെ വരുന്നു; പീഡനവും പ്രീണനവും സഹയാത്രികരാവുന്നു. ഏതു അനീതിയും നീതീകരിക്കപ്പെടുന്നു. ഏതു കുടിലതയും സ്വീകാര്യമാവുന്നു.
പൊതുജീവിതത്തിൽ വരുന്നവർക്ക് സ്വന്തമായി ഒന്നും ഉണ്ടാകരുതെന്ന് ശഠിച്ച മഹാത്മാവിനെയാണ് നമ്മൾ നാളെ ഓർക്കുന്നത്. ലക്ഷ്യവും മാർഗവും ഒരേപോലെ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എന്ത് തീരുമാനിക്കുമ്പോഴും ഏറ്റവും നിസ്വനായ ഒരാൾക്ക് – അന്ത്യജന് അതിന്റെ പ്രയോജനമുണ്ടോ എന്ന ചോദ്യമാണ് മാന്ത്രികത്താക്കോൽ എന്നദ്ദേഹം ആവർത്തിച്ചു. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും അധികാരത്തിന്റെയും ഉപഭോഗത്തിന്റെയും കുംഭമേളയിൽ ദുരയാണ് ആരാധനാ മൂർത്തി. കൈയൂക്കുള്ളവനാണ് കാര്യക്കാരൻ. വിദ്വേഷവും സ്വാർത്ഥതയുമാണ് ചാലകശക്തി. അധികാരവും സുഖവും സമ്പൽ സമൃദ്ധിയുമാണ് ലക്ഷ്യം. അതിനിടയിൽ ഭരണകൂടം മറന്നുപോകുന്ന അന്ത്യജനെക്കുറിച്ചുള്ള അലോസരപ്പെടുത്തുന്ന ഓർമപ്പെടുത്തലാണ് ഗാന്ധിജി.
1925 ഒക്ടോബർ മാസത്തിലെ 'യങ് ഇന്ത്യ"യിൽ ഗാന്ധിജി പ്രസിദ്ധീകരിച്ച ഏഴു സാമൂഹ്യ തിന്മകൾ ഏറെ പ്രസിദ്ധമാണ്. ഇരുട്ട് പരക്കുമ്പോൾ വിളക്കെന്ന പോലെ അവയുടെ കാന്തി വർദ്ധിക്കുകയാണിപ്പോൾ. 'അദ്ധ്വാനമില്ലാത്ത സമ്പത്ത്, മനസാക്ഷിയില്ലാത്ത സുഖങ്ങൾ, സ്വഭാവഗുണമില്ലാത്ത വിദ്യാഭ്യാസം, ധാർമ്മികതയില്ലാത്ത വാണിജ്യം, മാനവികതയില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത ആരാധന, തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം" എന്ന ഏഴു തിന്മകളുടെ പാപഭൂമിയിൽ എത്ര കൃത്യമായി നമ്മൾ ചെന്ന് താമസമാക്കി ! ഈ സപ്തതിന്മകളിൽ മുങ്ങിമുഴുകി നിൽക്കുന്ന നമുക്ക് ആരുടെ ജന്മദിനമാണ് ഒക്ടോബർ രണ്ടിന് ആഘോഷിക്കുന്നതെന്നു തീർച്ചയായും അറിഞ്ഞുകൂടാ.