
വെസ്‌റ്റഡ് ഇൻട്രസ്‌റ്റ് ഉള്ള പൊളിറ്റിക്കൽ ഗ്രൂപ്പിന്റെ അഭാവമാണ് നിർണായകമായ പല പദ്ധതികളും തിരുവനന്തപുരത്തിന് നഷ്‌ടമാകാൻ കാരണമെന്ന് ടെക്‌നോപാർക്ക് സ്ഥാപക സി ഇ ഒ ജി. വിജയരാഘവൻ. ടെക്‌നോപാർക്കിന്റെ ഉദ്ദേശ്യലക്ഷ്യത്തിന് ഉതകുന്ന സാഹചര്യങ്ങൾ തിരുവനന്തപുരത്ത് ഉണ്ടായതുകൊണ്ടാണ് അത് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. അതുപോലെ ഒരു വെസ്‌റ്റഡ് ഇൻട്രസ്‌റ്റ് ഉള്ള പൊളിറ്റിക്കൽ ഗ്രൂപ്പ് തിരുവനന്തപുരത്തില്ല. എന്തുവന്നാലും ഇവിടത്തേക്ക് നടത്തണം എന്നുപറയുന്ന ഒരു ഗ്രൂപ്പിന്റെ അഭാവം തിരുവനന്തപുരത്തുണ്ടെന്ന് വിജയരാഘവൻ വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജി വിജയരാഘവന്റെ വാക്കുകൾ-
'ടെക്‌നോപാർക്ക് തുടങ്ങുന്ന സമയത്ത് വേറെ എവിടെയെങ്കിലും ആയിക്കൂടെയെന്ന് ചോദ്യമുയർന്നു. ടെക്‌നോപാർക്കിന്റെ ഉദ്ദേശ്യലക്ഷ്യത്തിന് ഉതകുന്ന സാഹചര്യങ്ങൾ തിരുവനന്തപുരത്ത് ഉണ്ടായതുകൊണ്ടാണ് അത് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. അതുപോലെ ഒരു വെസ്‌റ്റഡ് ഇൻട്രസ്‌റ്റ് ഉള്ള പൊളിറ്റിക്കൽ ഗ്രൂപ്പ് തിരുവനന്തപുരത്തില്ല. എന്തുവന്നാലും ഇവിടത്തേക്ക് നടത്തണം എന്നുപറയുന്ന ഒരു ഗ്രൂപ്പിന്റെ അഭാവം തിരുവനന്തപുരത്തുണ്ട്. എയിംസ് ശരിക്കും തിരുവനന്തപുരത്ത് ആയിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. എങ്കിൽ വലിയൊരു ഹബ് ആയി മാറുമായിരുന്നു.
ഒരാൾ കൊച്ചിയിലും ബാംഗ്ളൂരും ഹൈദരാബാദും പോയി തിരുവനന്തപുരത്ത് വന്നിറങ്ങുമ്പോൾ തന്റെ നഗരത്തെപറ്റി അയാൾക്ക് ഒരു ഫീലിംഗ് ഉണ്ടാകും. ഇന്ത്യയിലെ അഞ്ചാമത്തെ ഇന്റർനാഷണൽ എയർപോർട്ട് ആണ്. അതിപ്പോൾ ആദ്യത്തെ 20ൽ പോലും വരില്ല. അത്രത്തോളം മോശമാക്കി കഴിഞ്ഞു. ചില രാഷ്‌ട്രീ നേതാക്കന്മാർ ചെറിയൊരു നമ്പർ വോട്ടിന് വേണ്ടി വിമാനത്താവളത്തിന്റെ വികസനം തടയുകയായിരുന്നു.
നിസാൻ തിരുവനന്തപുരത്തേക്ക് വരാൻ ഇരുന്നതാണ്. പതിനായിരം തൊഴിൽ അവസരങ്ങളാണ് അവർ വാഗ്‌ദ്ധാനം ചെയ‌്തത്. വിമാനത്താവളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വന്നതോടെ നിസാൻ പിന്മാറി'.