ipl-bio-bubble

ദുബായ് : ഐ.പി.എൽ ടീമുകൾ ഏർപ്പെടുത്തിയിരിക്കുന്ന ബയോളജിക്കൽ ബബിൾ ലംഘിക്കുന്ന കളിക്കാരെ ടൂർണമെന്റിൽ നിന്നും ടീമിൽ നിന്നും പുറത്താക്കുമെന്നും ഒരു കോടി രൂപ പിഴ വിധിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരം കെ.എം ആസിഫ് ബബിൾ തകർത്തതായ വാർത്തകൾക്ക് പിന്നാലെയാണ് ടീമുകൾക്കെല്ലാം ബി.സി.സി.ഐയുടെ മുന്നറിയിപ്പ് ലഭിച്ചത്.

ആദ്യമായി ബബിൾ തകർക്കുന്നവർക്ക് ആറ് ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഒരു കോടി രൂപ പിഴയും ടീമിന് ഒരു പോയിന്റ് വെട്ടിക്കുറയ്ക്കലുമുണ്ടാകും. രണ്ടാമത്തെ തവണ ഒരു മത്സരത്തിൽ നിന്ന് വിലക്കും.രണ്ട് പോയിന്റുകളും വെട്ടിക്കുറയ്ക്കും. മൂന്നാമതും ആവർത്തിച്ചാൽ ടൂർണമെന്റിൽ നിന്ന് പുറത്താക്കി പിഴയും ചുമത്തി നാട്ടിലേക്ക് വിടും. പകരക്കാരെ എടുക്കാൻ ടീമിനെ അനുവദിക്കുകയുമില്ല. എല്ലാ കളിക്കാരെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും അഞ്ചുദിവസത്തിലൊരിക്കൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

ആസിഫ് മനപ്പൂർവ്വം ബബിൾ പൊട്ടിച്ചിട്ടില്ല

ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരം കെ.എം ആസിഫ് ദുബായ്‌യിൽ കൊവിഡ് പ്രൊട്ടോക്കോളിന്റെ ഭാഗമായി രൂപീകരിച്ച ബയോളജിക്കൽ ബബിൾ മറികടന്നുവെന്ന വാർത്തയിൽ വിശദീകരണവുമായി ടീം മാനേജ്മെന്റ്. ആസിഫ് പ്രോട്ടോക്കോൾ ലംഘനം നടത്തിയില്ലെന്നും പരിശീലനം കഴിഞ്ഞെത്തിയപ്പോൾ ഹോട്ടൽ മുറിയുടെ താക്കോൽ മറന്നപ്പോൾ പകരം വാങ്ങാൻ ലോബിയിലെ റിസ്പഷനിലേക്ക് പോയതാണെന്നും ടീം സി.ഇ.ഒ അറിയിച്ചു. അത് ബയോളജിക്കൽ ബബിൾ ലംഘനമല്ല. പിന്നീട് പരിശീലനത്തിന് ടീമിനാെപ്പം ചേരുകയും ചെയ്തു. പേസറായ ആസിഫിന് ഈ സീസണിൽ ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ചെന്നൈ സംഘം യു.എ.ഇയിലെത്തിയ ഉടൻ 13പേർക്ക് കൊവിഡ് ബാധിച്ചിരുന്നു.