pak-attack

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് നിയന്ത്രണരേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് കുപ്വാരയിലെ നൗഗാമിലും പൂഞ്ചിലും പാക് സൈന്യം വെടിവച്ചത്. നൗഗാം മേഖലയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. നാല് പേർക്ക് പരിക്കേറ്റു. പൂഞ്ചിൽ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പ്രതികരിച്ചു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

നിയന്ത്രണരേഖയിലും ഇന്ത്യൻ പോസ്റ്റുകളിലേക്കും പാകിസ്ഥാൻ മോർട്ടാർ ആക്രമണവും വെടിവയ്പും തുടരുകയാണ്. അതേസമയം, പാക് പ്രകോപനത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം തവണ പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചു. 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്.