hathras-girl

ലക്‌നൗ: ഹത്രാസ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന വാദവുമായി ഉത്തർപ്രദേശ് പൊലീസ്. ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് യു.പി പൊലീസ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും പുരുഷ ബീജം കണ്ടെത്താനായില്ലെന്നും സംഘം ചേർന്നുള്ളതോ അല്ലാത്തതോ ആയ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നതിന്റെ 'വ്യക്തമായ തെളിവാണിതെ'ന്നും പൊലീസ് പറയുന്നു.

കഴുത്തിൽ ഉണ്ടായ സാരമായ പരിക്കും അതിനെ തുടർന്നുണ്ടായ ആഘാതവും മൂലമാണ് 19കാരി മരണപ്പെട്ടതെന്നും എ.ഡി.ജി പ്രശാന്ത് കുമാർ പറയുന്നു. കൂടാതെ, പെൺകുട്ടി താൻ പീഡനത്തിന് ഇരയായിട്ടെന്ന് പറഞ്ഞിരുന്നില്ലെന്നും തന്നെ മർദ്ദിക്കപ്പെട്ടുവെന്നാണ് അവൾ മരിക്കുന്നതിന് മുൻപ് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

എന്നാൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചവരെക്കുറിച്ച് പെൺകുട്ടി കൃത്യമായ വിവരങ്ങൾ നൽകിയിരുന്നു എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.

പെൺകുട്ടിയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും അഭ്യർത്ഥനകളും നിലവിളികളും മാനിക്കാതെ മൃതശരീരം തിടുക്കപ്പെട്ട് ദഹിപ്പിച്ചതിനു പിന്നാലെ യു.പി പൊലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നായിരുന്നു പ്രധാന വിമർശനം.