
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനാനുവദിക്കാതെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും യു.പി പൊലീസ് ഡൽഹിയിലേക്ക് മടക്കി അയച്ചു.ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതിന് പിന്നാലെ ഡൽഹിയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്ത പൊലീസ് നടപടിയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
രാഹുൽ ഗാന്ധിയോട് തിരികെ പോകണമെന്നും മരിച്ച പെൺകുട്ടിയുടെ വീടിന് സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്. എന്നാൽ തനിച്ച് പോകാൻ തയ്യാറാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയെ യു.പി പൊലീസ് തടയുകയായിരുന്നു. ഇതാണ് കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇതിനിടയിൽ രാഹുൽ ഗാന്ധി നിലത്തു വീഴുകയും ചെയ്തു.
പൊലീസ് തന്നെ മർദിച്ചുവെന്നും നിലത്തേക്ക് തള്ളിയിട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ഈ രാജ്യത്ത് നടക്കാൻ മോദിക്കു മാത്രമേ സാധിക്കുകയുള്ളോ? സാധാരണക്കാരനായ വ്യക്തിക്ക് നടക്കാൻ സാധിക്കില്ലെ? എന്നും രാഹുൽ ചോദിച്ചു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കെ.സി.വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയ നേതാക്കളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പെൺകുട്ടിയുടെവീടിന് സമീപം കൊവിഡ് കണ്ടെയ്ൻമെന്റ് സോണാണെന്നും, ഒപ്പം നിരോധനാജ്ഞ നിലനിൽക്കുന്നതിനാലാണ് നേതാക്കളെ കടത്തി വിടാഞ്ഞതെന്നുമാണ് യു.പി പൊലീസിന്റെ വാദം.