french-open

പാരീസ് : ചെക്ക് റിപ്പബ്ളിക്കിന്റെ വനിതാ താരവും രണ്ടാം സീഡുമായ കരോളിൻ പ്ളിസ്കോവയ്ക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ അടിതെറ്റി. മുൻ ചാമ്പ്യനും ലാത്‌വിയക്കാരിയുമായ സീഡ് ചെയ്യപ്പെടാത്ത താരം യെലെന ഒസ്റ്റാപെങ്കോയാണ് നേരിട്ടുള്ള സെറ്റുകൾക്ക് പ്ലിസ്കോവയെ കീഴടക്കിയത്. സ്കോർ 6-4,6-2.

2017 ൽ സീഡ് ചെയ്യപ്പെടാത്ത താരമായി കളിക്കാനിറങ്ങി കിരീടം നേടിയ ചരിത്രമുള്ള ഒസ്റ്റാപെങ്കോയ്ക്കെതിരെ പ്ളിസ്കോവ തുരുതുരാ പിഴവുകൾ വരുത്തിയതാണ് വിനയായത്. ആദ്യ സെറ്റിൽ മൂന്ന് തവണ പ്ലിസ്കോവയുടെ സർവ് ബ്രേക്ക് ചെയ്ത ഒസ്റ്റാപെങ്കോ രണ്ടാം സെറ്റിൽ ഒരു തവണയും ബ്രേക്ക് ചെയ്തു. നിലവിലെ കളിക്കാരിൽ ഒരു ഗ്രാൻസ്ളാം കിരീടം പോലും നേടിയിട്ടില്ലാത്ത മുൻ ലോക ഒന്നാം റാങ്കുകാരിയായി തുടരാൻ പ്ളിസ്കോവയെ വിടുകയായിരുന്നു ഒസ്റ്റാപെങ്കോ.മൂന്നാം റൗണ്ടിൽ സൊളാനേ സ്റ്റീഫൻസും പൗളാ ബഡോസയും തമ്മിലുള്ള രണ്ടാം റൗണ്ട് മത്സരത്തിലെ വിജയിയെയാണ് ഒസ്റ്റാപെങ്കോ നേരിടുക.

അതേസമയം മറ്റൊരു ചെക്ക് വനിതാ താരം പെട്ര ക്വിറ്റോവ മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ താരം ജാസ്മിൻ പാവോളിനിയെ 6-3,6-3നാണ് ക്വിറ്റോവ കീഴടക്കിയത്. നാലാം സീഡ് അമേരിക്കയുടെ സോഫിയ കെനിൻ 3-6,6-3,6-2 ന് റൊമേനിയൻ താരം അന ബോഗ്ദാനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.

പുരുഷ വിഭാഗത്തിൽ ഗ്രിഗോർ ഡിമിത്രോവ്,ഖചാനോവ് എന്നിവരും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു.