
തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം തുടരട്ടെ എന്ന കേരള ഹൈക്കോടതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ സഹായം തേടുമ്പോൾ എതിർപ്പുയർത്തുന്നത് പരിഹാസ്യമാണെന്നും സർക്കാർ ഹർജിയിൽ കോടതി തീരുമാനമെടുക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐയുടെ എഫ്.ഐ.ആർ നിലനിൽക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറയുന്നു.
സി.ബി.ഐ ചുമത്തിയത് കുറ്റങ്ങൾ ഒറ്റക്കാഴ്ചയിൽ നിലനിൽക്കുന്നതല്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സർക്കാർ ഒരു സഹായവും വിദേശത്തുനിന്നും സ്വീകരിച്ചിട്ടില്ല. കോടതിയിൽ പോയത് തെറ്റായ നടപടിയല്ല. കോടതിയുടെ വാക്കാലുള്ള പരാമർശം തിരിച്ചടി എന്ന രീതിയിൽ വ്യാഖ്യാനിക്കരുത്. എഫ്.സി.ആർ.എ ആക്ട് 2010ന്റെ ലംഘനം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ നിർമാണ പദ്ധതിയിൽ ഉണ്ടായിട്ടില്ല. ലൈഫ് മിഷൻ ഒരു വിദേശസംഭാവനയും സ്വീകരിച്ചിട്ടുമില്ല. മുഖ്യമന്ത്രി പറഞ്ഞു.
'വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 140 ഫ്ലാറ്റിന്റെയും ഒരു ഹെൽത്ത് സെന്ററിന്റെയും നിർമാണവുമായി ബന്ധപ്പെട്ട കരാർ യു.എ.ഇ കോൺസുലേറ്റും യൂണിടാക് ബിൽഡേഴ്സുമായി തമ്മിലുള്ളതാണ്. ലൈഫ് മിഷൻ ഒരു തുകയും വിദേശസംഭാവനയായി സ്വീകരിച്ചിട്ടില്ല. കരാർ പ്രകാരം കൈമാറ്റം ചെയ്യപ്പെടുന്ന തുക ഇതിന്‍റെ പരിധിയിൽ വരില്ല എന്നാണ് കിട്ടിയ നിയമോപദേശം. ഇതുകൊണ്ടുതന്നെ, സി.ബി.ഐ നൽകിയ എഫ്.ഐ.ആറിന് എതിരായാണ് സംസ്ഥാന സർക്കാർ കോടതിയിൽ പോയത്.'-മുഖ്യമന്ത്രി പറയുന്നു.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സി.ബി.ഐ അന്വേഷണത്തിന് അനുകൂലമായ പരാമർശമാണ് കോടതി നടത്തിയത്. കേസിൽ ഏജൻസിയുടെ അന്വേഷണം നടക്കട്ടെ എന്നായിരുന്നു കോടതിയുടെ നിലപാട്. വ്യാഴാഴ്ച വാദം തുടരുമെന്നും കോടതി അറിയിച്ചിരുന്നു. ധാരണ പത്രം ഒപ്പിട്ടതു റെഡ് ക്രെസെന്റും യൂണിറ്റാകും തമ്മിലാണെന്നും പണം കൈമാറിയത് കരാര്‍ കമ്പനിക്കാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. ഇതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.